ടെൽ അവീവ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി ഒരുക്കിയ പ്രത്യേക അത്താഴ വിരുന്നിൽ ഇന്ത്യൻ വേഷം അണിഞ്ഞെത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പാശ്ചാത്യ ശൈലിയിലുള്ള തന്റെ പതിവ് വസ്ത്രധാരണം മാറ്റി വെച്ച്, ഇന്ത്യൻ കുർത്തയും ജാക്കറ്റും ധരിച്ചാണ് നെതന്യാഹു തന്റെ സുഹൃത്തായ മോദിയെ സ്വീകരിച്ചത്.
അത്താഴവിരുന്നിന് മുൻപ് എന്റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ സർപ്രൈസ് എന്ന അടിക്കുറിപ്പോടയാണ് നെതന്യാഹു ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. നെതന്യാഹു ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ച് അത്താഴ വിരുന്നിന് എത്തിയതിനെ നരേന്ദ്ര മോദിയും അഭിനന്ദിച്ചു. ഇന്ത്യൻ വസ്ത്രങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രിയം ഇന്ത്യൻ സംസ്കാരത്തോടും മൂല്യങ്ങളോടുമുള്ള അദ്ദേഹത്തിന്റെ ബഹുമാനത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും മോദി പറഞ്ഞു.
ഇസ്രായേൽ പാർലമെന്റിന്റെ പ്രത്യേക പ്ലീനറി സെഷനെ അഭിസംബോധന ചെയ്തുള്ള മോദിയുടെ പ്രസംഗത്തിന് പിന്നാലെയായിരുന്നു അത്താഴ വിരുന്നു. ബുധനാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് നാല് മണിയോട് കൂടി ഇസ്രായേലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തിയാണ് സ്വീകരിച്ചത്. പിന്നാലെ ഇസ്രായേൽ പാർലമെന്റിൽ നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ പങ്കെടുത്തിരുന്നു.
Tags : Netanyahu Modi Indian attire