ടെഹ്റൻ: ഇറാനുമായുള്ള വെടിനിർത്തലിനെ ശക്തമായി വിമർശിച്ച് ഇസ്രയേൽ പ്രതിപക്ഷ നേതാക്കൾ. യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
"നമ്മുടെ ചരിത്രത്തിൽ ഇതുപോലൊരു രാഷ്ട്രീയ ദുരന്തം ഉണ്ടായിട്ടില്ല. നമ്മുടെ ദേശീയ സുരക്ഷയുടെ കാതലായ കാര്യങ്ങളെക്കുറിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ ഇസ്രായേൽ മേശയുടെ അടുത്തുപോലും ഉണ്ടായിരുന്നില്ല.'-ഇസ്രയേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് എക്സിൽ കുറിച്ചു.
"ആവശ്യപ്പെട്ടതെല്ലാം സൈന്യം നടപ്പിലാക്കി, പൊതുജനങ്ങൾ പ്രതിരോധശേഷി കാണിച്ചു, പക്ഷേ നെതന്യാഹു രാഷ്ട്രീയമായി പരാജയപ്പെട്ടു, തന്ത്രപരമായി പരാജയപ്പെട്ടു, അദ്ദേഹം സ്വയം നിശ്ചയിച്ച ലക്ഷ്യങ്ങളൊന്നും നേടിയില്ല'. - യെയർ ലാപിഡ് വ്യക്തമാക്കി.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഷി നിർവീര്യമാക്കണമെന്നും ഇറാൻ ഭരണകൂടത്തെ ദുർബലപ്പെടുത്തുകയോ അട്ടിമറിക്കുകയോ ചെയ്യണമെന്നും ടെഹ്റാന്റെ പ്രാദേശിക സ്വാധീനം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഹങ്കാരം, അശ്രദ്ധ, ആസൂത്രണത്തിന്റെ അഭാവം എന്നിവ മൂലം നെതന്യാഹു വരുത്തിയ രാഷ്ട്രീയവും തന്ത്രപരവുമായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ ഞങ്ങൾക്ക് വർഷങ്ങളെടുക്കുമെന്നും ലാപിഡ് കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനു നേരെയുണ്ടായ ആക്രമണം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ ഇസ്രായേൽ പിന്തുണയ്ക്കുന്നുവെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. എന്നാൽ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയ്ക്കെതിരെ ലെബനനിൽ നടക്കുന്ന പോരാട്ടം വെടിനിർത്തലിൽ ഉൾപ്പെടില്ലെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
Tags : Israel Opposition Netanyahu Iran Ceasefire