ടെൽ അവീവ്: ആഗോള ഭീകരവാദത്തെ നേരിടാൻ പുതിയ ഭൗമരാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഹെക്സഗൺ സഖ്യം' എന്ന് പേരിട്ടിരിക്കുന്ന ഈ കൂട്ടായ്മയിൽ ഇന്ത്യയെ ഒരു സുപ്രധാന പങ്കാളിയായാണ് ഇസ്രായേൽ അടയാളപ്പെടുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.
ഭീകരതയ്ക്കെതിരായ ഈ പോരാട്ടത്തിൽ ഇന്ത്യ, ഇസ്രേൽ, ഗ്രീസ്, സൈപ്രസ് എന്നീ നാല് രാജ്യങ്ങളാണ് സഖ്യത്തിന്റെ നെടുംതൂണുകൾ. ഭാവിയിൽ കൂടുതൽ അറബ്, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളെ ഈ സഖ്യത്തിന്റെ ഭാഗമാക്കാനാണ് ഇസ്രേൽ ലക്ഷ്യമിടുന്നത്. സുരക്ഷ, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കൽ, പ്രതിരോധം എന്നീ മേഖലകളിൽ അതിശക്തമായ സഹകരണം ഉറപ്പാക്കുകയാണ് സഖ്യത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇന്നും നാളെയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രേൽ സന്ദർശിക്കും. ഇസ്രേലും ഇറാനും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഇസ്രേൽ സന്ദർശനം. ഇസ്രേലുമായുള്ള തന്ത്രപ്രധാന പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളും പുതിയ കരാറുകളിൽ ഒപ്പിട്ടേക്കും. പ്രതിരോധത്തിന് പുറമേ കൃഷി, ജലസംരക്ഷണം, ശാസ്ത്ര സാങ്കേതിക വിദ്യ, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിലും സഹകരണം വർധിപ്പിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു.