x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മകനായി മരണത്തിലേക്ക് എടുത്തുചാടി ഒരച്ഛൻ; എട്ട് ബോഗികൾ മുകളിലൂടെ പാഞ്ഞുപോയിട്ടും പോറൽ പോലും ഏൽക്കാതെ അച്ഛനും മകനും


Published: April 29, 2026 11:50 PM IST | Updated: April 29, 2026 11:50 PM IST

ഭൈരബ് റെയിൽവേ സ്റ്റേഷനിൽ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളിൽ നിന്ന് ഒരു അച്ഛനും ഒരു വയസുകാരനായ മകനും അത്ഭുതകരമായി രക്ഷപ്പെട്ട വാർത്തയാണിത്.

ഓടിക്കൊണ്ടിരുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള ഇടുങ്ങിയ വിടവിലേക്ക് വീണുപോയ കുഞ്ഞിനെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി അച്ഛൻ ട്രെയിനിനടിയിലേക്ക് എടുത്തുചാടുകയായിരുന്നു.

എട്ട് റെയിൽവേ കോച്ചുകൾ തങ്ങൾക്ക് മുകളിലൂടെ പാഞ്ഞുപോയിട്ടും പോറൽ പോലും ഏൽക്കാതെ ഇരുവരും ജീവിതത്തിലേക്ക് തിരിച്ചുവന്നത് കണ്ടുനിന്നവരെയെല്ലാം അമ്പരപ്പിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം ധാക്കയിലേക്കുള്ള തിതാസ് കമ്മ്യൂട്ടർ ട്രെയിൻ ഭൈരബ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം. നിശ്ചയിച്ച സമയത്തേക്കാൾ ഒന്നര മണിക്കൂർ വൈകിയെത്തിയ ട്രെയിൻ സ്റ്റേഷനിൽ നിന്നും എടുത്തു തുടങ്ങിയ സമയത്താണ് ബ്രാഹ്മൺബാരിയയിൽ നിന്നുള്ള ഈ കുടുംബം ധൃതിപ്പെട്ട് ഇറങ്ങാൻ ശ്രമിച്ചത്.

കുഞ്ഞിനെ കൈയ്യിലെടുത്ത് പുറത്തേക്ക് ഇറങ്ങുന്നതിനിടെ അച്ഛന്‍റെ പിടിവിട്ട് കുട്ടി പാളത്തിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള ചെറിയ വിടവിലേക്ക് വീഴുകയായിരുന്നു.

മകന്‍റെ വീഴ്ച കണ്ട് പകച്ചുനിൽക്കാതെ പിതാവ് നിമിഷങ്ങൾക്കകം ട്രെയിനിനടിയിലേക്ക് ചാടി. കുഞ്ഞിനെ മാറോട് ചേർത്തുപിടിച്ച് പ്ലാറ്റ്‌ഫോമിന്‍റെ വശത്തുള്ള കോൺക്രീറ്റ് ഭിത്തിയോട് ചേർന്ന് അദ്ദേഹം അനങ്ങാതെ കിടന്നു.

ട്രെയിനിന്‍റെ എട്ട് ബോഗികൾ ഇരച്ചുപാഞ്ഞു പോയിട്ടും ഇരുവരും പരിക്കേൽക്കാതെ സുരക്ഷിതരായി രക്ഷപെട്ടു. ഈ സമയം ട്രെയിനിലുണ്ടായിരുന്ന കുട്ടിയുടെ അമ്മയെ നാട്ടുകാർ ചേർന്ന് സുരക്ഷിതമായി താഴെയിറക്കി.

കുടുംബത്തിന്‍റെ അശ്രദ്ധയാണ് ഇത്തരമൊരു അപകടത്തിന് കാരണമായതെങ്കിലും പിതാവിന്‍റെ അവസരോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി. ഈ അത്ഭുതകരമായ രക്ഷപ്പെടലിനെ 'ദൈവികമായ ഇടപെടൽ' എന്നാണ് റെയിൽവേ പോലീസ് വിശേഷിപ്പിച്ചത്.

ഓടുന്ന ട്രെയിനിൽ കയറാനോ ഇറങ്ങാനോ ഉള്ള ശ്രമം ജീവന് തന്നെ ഭീഷണിയാണെന്നും യാത്രക്കാർ കടുത്ത ജാഗ്രത പാലിക്കണമെന്നും അധികൃതർ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു.

 

Tags : MiracleEscape HeroicFather HeartStopping LifeAndDeath IncredibleSurvival

Recent News

Corehub Up