ഐഐടി ഹൈദരാബാദിൽ പഠനത്തിനായി എത്തിയ ജാപ്പനീസ് വിദ്യാർഥിനിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നു.
ക്യാമ്പസിലെ ആദ്യ ആഴ്ചയിലെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ഹിരോ എന്ന വിദ്യാർഥിനിയുടെ പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
സ്ഥാപനത്തിൽ ചേരുന്ന ആദ്യ ജാപ്പനീസ് വിദ്യാർഥിനിയായ ഹിരോ, പുതിയൊരു പഠനാന്തരീക്ഷത്തിലേക്ക് എത്തിയതിന്റെ ആവേശത്തോടൊപ്പം തന്നെ താൻ നേരിടേണ്ടിവന്ന അപ്രതീക്ഷിത ബുദ്ധിമുട്ടുകളും വീഡിയോയിലൂടെ തുറന്നുപറഞ്ഞു.
യാത്രയിലെ തടസങ്ങളോടെയാണ് ഹിരോയുടെ ഇന്ത്യൻ സന്ദർശനം ആരംഭിച്ചത്. വിമാനത്താവളത്തിലെ ദീർഘനേരത്തെ കാത്തിരിപ്പിനൊടുവിലാണ് താരം ഹൈദരാബാദിൽ എത്തിയത്.
സർവകലാശാലയിലെ ഇന്റർനാഷണൽ റിലേഷൻസ് വിഭാഗം ഊഷ്മളമായ വരവേൽപ്പ് നൽകിയതോടെ തുടക്കത്തിൽ കാര്യങ്ങളെല്ലാം പ്രതീക്ഷിച്ചതുപോലെ തൃപ്തികരമായി തോന്നിയെങ്കിലും, ഹോസ്റ്റൽ മുറിയിലേക്ക് മാറിയതോടെ അനുഭവങ്ങൾ മാറിമറിയുകയായിരുന്നു.
ഹോസ്റ്റലിൽ നൽകിയ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയാണ് വിദ്യാർഥിനിയെ ആദ്യം വലച്ചത്. കൃത്യമായ മെത്തപോലുമില്ലാതെ തടിപ്പലകയിലാണ് ആദ്യരാത്രി കിടക്കേണ്ടി വന്നതെന്നും, മുറിയിലെ ഷെൽഫുകളും കർട്ടൻ റെയിലുകളും വാതിൽ ലോക്കുമെല്ലാം തകരാറിലായിരുന്നുവെന്നും ഹിരോ വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നു.
താമസസ്ഥലത്തെ ഈ പ്രശ്നങ്ങൾക്കു പുറമേ കടുത്ത ആരോഗ്യപ്രശ്നങ്ങളും താരത്തെ തേടിയെത്തി. കിടക്കയിൽ ചത്ത പ്രാണികളെ കാണാനിടയായതിനൊപ്പം നിരന്തരമായി കൊതുകുകടിയേറ്റതിനെ തുടർന്ന് കടുത്ത അലർജി ബാധിക്കുകയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിക്കേണ്ടി വരികയും ചെയ്തു.
വീഡിയോ പുറത്തുവന്നതോടെ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ മോശം താമസസൗകര്യങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയർന്നുവരുന്നത്.
വിദ്യാർഥിനിക്ക് വേഗത്തിൽ രോഗശമനം ആശംസിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയപ്പോൾ തന്നെ, രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിൽ പോലും ഹോസ്റ്റലുകളുടെ ശുചിത്വവും പരിപാലനവും ഇത്രത്തോളം ദയനീയമാണെങ്കിൽ മറ്റ് സാധാരണ കോളേജുകളിലെ അവസ്ഥ എന്തായിരിക്കുമെന്ന് സോഷ്യൽ മീഡിയ ആശങ്ക പ്രകടിപ്പിക്കുന്നു.
അധികൃതർ അടിയന്തരമായി ഇടപെട്ട് ക്യാമ്പസുകളിലെ താമസസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ആവശ്യം.
Tags : IITHyderabad JapaneseInIndia HostelLife IndiaVlog CampusLife