പെരുവണ്ണാമൂഴി: നബാർഡിന്റെ ധന സഹായത്തോടെ മൂന്നുവർഷം മുമ്പ് സിഎംഐ സഭയുടെ സംരംഭ ഘടകമായ സ്റ്റാർസ് കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ ചെമ്പനോടയിൽ കർഷകർക്കായി ആരംഭിച്ച തേനീച്ച വളർത്തൽ പരിശീലന കേന്ദ്രത്തിന്റെ പ്രവർത്തനം കൂടുതൽ മേഖലയിലേക്ക് കടക്കുന്നു.
മുന്നൂറിൽപ്പരം ആളുകളാണ് ഇതിനോടകം തേനീച്ച വളർത്തൽ പരിശീലനം നേടിയത്. ഇവരിൽ അധികമാളുകളും സ്വന്തമായി തേനീച്ച കൃഷി ചെയ്ത് വരുമാനമുണ്ടാക്കുന്നുണ്ട്. ഇതിൽ 17 പേർ സംഘടിച്ച് കോഴിക്കോട് സ്റ്റാർസ്, ചക്കിട്ടപാറ കൃഷിഭവൻ സഹായത്തോടെയും ചക്കിട്ടപാറ പഞ്ചായത്തിന്റെ പിന്തുണയോടെയും ഹണിജാക്ക് നാച്ചുറൽ പ്രൊഡക്ട്സ് സൊസൈറ്റിക്ക് ചെമ്പനോടയിൽ രൂപം നൽകി.
ആരംഭ മൂലധനമായി ഏഴായിരം രൂപ വീതം ഇവർ ഓരോരുത്തരും സൊസൈറ്റിക്ക് നൽകി. ശുദ്ധമായ തേനിന്റെ ഉത്പാദനവും വിപണനവുമാണ് പ്രധാനമായി സൊസൈറ്റി നടത്തുന്നത്. വിശ്വസ്തരായ കർഷകരിൽ നിന്നാണ് ഇത് വില കൊടുത്ത് ശേഖരിക്കുന്നത്. തേനും ചക്കയും ഉപയോഗിച്ചു തയാറാക്കുന്ന മൂല്യ വർധിത ഉത്പന്നങ്ങളും തയാറാണ്. എല്ലാ കാര്യങ്ങളും അംഗങ്ങൾ ഒന്നിച്ചു ചെയ്യുന്നുവെന്നതാണു ഇവരുടെ വിജയമന്ത്രം.
സിഎംഐ കോഴിക്കോട് സെന്റ് തോമസ് പ്രൊവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റാർസിന്റെ ഡയറക്ടർ ഫാ. ജോസ് പ്രകാശാണ് സൊസൈറ്റിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത്.
സുനിൽ വി. ജോൺ തോമസ് പ്രസിഡന്റും കെ.ഡി. തോമസ് സെക്രട്ടറിയും ജെസി ജോൺസൺ ഖജാൻജിയുമാണ്. ഫാ. ജോസ് പ്രകാശ് സിഎംഐ, മോളി തോമസ്, സീമ ജോർജ്, സെലിൻ ജോർജ്, അബിൻ ജോസ്, വിനയ തോമസ്, ജോസ് ചീരമറ്റത്തിൽ, മത്തായി ആയിത്തമറ്റം, കെ.എം. ജോർജ്, തോമസ് ആയിത്തമറ്റം,
അഗസ്റ്റിൻ കിഴക്കരക്കാട്ട്, വിജയൻ മത്തത്ത്, റോബിൻ മാത്യു, ജോമോൻ ജോസഫ് എന്നിവർ അംഗങ്ങളുമാണ്. ഹണിജാക്ക് നാച്ചുറൽ പ്രൊഡക്ട്സ് സൊസൈറ്റിയുടെ ചെമ്പനോടയിൽ സ്ഥാപിച്ച ഓഫീസിന്റെ ഉദ്ഘാടനവും കർഷകരിൽ നിന്നുള്ള തേൻ ശേഖരണവും ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഇന്നലെ നിർവഹിച്ചു.
സ്റ്റാർസ് ഡയറക്ടർ ഫാ. ജോസ് പ്രകാശ് സിഎംഐ അധ്യക്ഷത വഹിച്ചു. ബോട്ടിലിംഗ് പ്ലാന്റിന്റെ സ്വിച്ച് ഓൺ കർമം കൃഷി ഓഫീസർ ജിജോ ജോസഫ് നിർവഹിച്ചു. സൊസൈറ്റി സെക്രട്ടറി തോമസ് കുംബ്ലാനി പദ്ധതി വിശദീകരണം നടത്തി. സ്റ്റാർസ് പ്രോജക്ട് മാനേജർ റോബിൻ കടമല, സുനിൽ വേനകുഴി, സീമ ജോർജ്, ജോമോൻ സ്റ്റാർസ്, സുഭാഷ് തോമസ് എന്നിവർ പ്രസംഗിച്ചു.