തീ​ക്കോ​യി ഗ​വ. ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ കെട്ടിടനി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്
Tuesday, May 7, 2024 9:16 PM IST
ഈ​രാ​റ്റു​പേ​ട്ട: പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഏ​ക ഗ​വ​ൺ​മെ​ന്‍റ് ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളാ​യ തീ​ക്കോ​യി ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ന്‍റെ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്.

ക​ഴി​ഞ്ഞ 40 വ​ർ​ഷ​ക്കാ​ല​മാ​യി വ​ള​രെ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ലു​ള്ള വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു സ്കൂ​ൾ. ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യു​ടെ​യും തീ​ക്കോ​യി പ​ഞ്ചാ​യ​ത്തി​ന്‍റ​യും അ​തി​ർ​ത്തി​യാ​യ ആ​ന​യി​ള​പ്പി​ൽ 2.40 ഏ​ക്ക​ർ സ്ഥ​ല​ത്ത് 7.50 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

മൂ​ന്നു​നി​ല​ക​ളി​ലാ​യി 26,580 സ്ക്വ​യ​ർ​ഫീ​റ്റ് കെ​ട്ടി​ട​മാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു വ​രു​ന്ന​ത്. ആ​റു സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ൾ, നാ​ലു ല​ബോ​റ​ട്ട​റി​ക​ൾ, നാ​ലു ടോ​യ്‌​ല​റ്റ് ബ്ലോ​ക്കു​ക​ൾ, അം​ഗ​പ​രി​മി​ത​ർ​ക്കു​ള്ള പ്ര​ത്യേ​ക ടോ​യ്‌​ല​റ്റ്, സ്കൂ​ൾ സൂ​പ്ര​ണ്ടി​ന്‍റ് മു​റി, ഇ​ൻ​സ്ട്ര​ക്‌​ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്റ്റാ​ഫു​ക​ൾ​ക്കാ​യി നാ​ല് സ്റ്റാ​ഫ് റൂ​മു​ക​ൾ,അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക്, സ്കൂ​ൾ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്കാ​യി പ്ര​ത്യേ​ക മു​റി, ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് ഫ​യ​ർ റൂം, ​കോ​മ​ൺ ഏ​രി​യ, ന​ടു​മു​റ്റം, ലി​ഫ്റ്റ് തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ​യാ​ണ് മ​നോ​ഹ​ര​മാ​യ സ്കൂ​ൾ കെ​ട്ടി​ടം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ഇ​നി​യും ഒ​രു ഫ്ലോ​ർ കൂ​ടി നി​ർ​മി​ക്കാ​വു​ന്ന വി​ധ​ത്തി​ൽ നാ​ലു നി​ല​യു​ടെ ഫൗ​ണ്ടേ​ഷ​നാ​ണ് രൂപ​ക​ല്പ​ന ചെ​യ്തി​ട്ടു​ള്ള​ത്.

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​ത്തി​ൽ പു​തി​യ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മെ​ന്ന് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ പ​റ​ഞ്ഞു. പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം പി​ൻ​വ​ലി​ക്കു​ന്ന മു​റ​യ്ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു സ്കൂ​ൾ കെ​ട്ടി​ട ഉ​ദ്ഘാ​ട​നം ചെ​യ്യും.