കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് 12നു തുടക്കമാകും. അന്നേ ദിവസം വാർഡുതല ശുചീകരണ സമിതി പ്രവർത്തനങ്ങളും 13ന് പഞ്ചായത്തുതല ശുചീകരണ പ്രവർത്തനങ്ങളും ആരംഭിക്കും.
വാർഡുതല ശുചിത്വ സമിതി പ്രവർത്തനങ്ങളുടെ ഭാഗമായി കൊതുക് നശീകരണം, തോട് ശുചീകരണം, അങ്കണവാടി പരിസര ശുചീകരണം, സ്കൂൾ മാനേജ്മെന്റിന്റെയും പിടിഎ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കൽ, സിവിൽ സ്റ്റേഷൻ പരിസരം വൃത്തിയാക്കൽ എന്നിവയും 20നു മുമ്പായി പൂർത്തീകരിക്കും. പൊതു ഇടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്യും. ഓടകൾ വൃത്തിയാക്കൽ, മത്സ്യം, മാംസം വ്യാപാരം നടത്തുന്നവർ സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അറിയിപ്പു നൽകിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളും പൊതുഇടങ്ങളും ശുചിയായി സൂക്ഷിക്കുന്നതിൽ ലംഘനം വരുത്തുന്നവർക്കെതിരേ പിഴ ഈടാക്കൽ ഉൾപ്പെടെ നടപടികൾ സ്വീകരിക്കും.
എൻസിസി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, യുവജന പ്രസ്ഥാനങ്ങൾ, ട്രേഡ് യൂണിയനുകൾ, വ്യാപാരികൾ എന്നിവരുടെ സഹകരണത്തോടെയാണ് മഴക്കാലപൂർവ ശുചീകരണ മുന്നൊരുക്ക പ്രവർത്തനങ്ങൾ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലുടനീളം നടപ്പാക്കുകയെന്ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന മുന്നൊരുക്ക യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ അറിയിച്ചു.
പഞ്ചായത്തംഗം വി.പി. രാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് പ്രസിഡന്റ് വി.പി. ഇസ്മായിൽ, അസിസ്റ്റന്റ് സെക്രട്ടറി പി.എം. ഷാജി, പഞ്ചായത്തംഗം മഞ്ജു മാത്യു, സാക്ഷരത പ്രേരക് എൻ.എം. റസാക്ക് എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശ, അങ്കണവാടി, ഹരിതകർമസേന പ്രവർത്തകർ, അധ്യാപകർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.