ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്നു; ജ​ല​പ്ര​തി​സ​ന്ധി​യി​ലേ​ക്കെന്ന് റി​പ്പോ​ർ​ട്ട്
Tuesday, March 19, 2024 1:31 AM IST
വ​ട​ക്കാ​ഞ്ചേ​രി: ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്ന് ജ​ല​പ്ര​തി​സ​ന്ധി​യെ​ന്ന ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ൽ ടാ​ങ്ക​റു​ക​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കും. ക​ഴി​ഞ്ഞ​ദി​വ​സം കു​ടി​വെ​ള്ള​ത്തി​നാ​യി പീ​ച്ചി, വാ​ഴാ​നി, ചി​മ്മി​നി ഡാ​മു​ക​ളി​ലെ ഷ​ട്ട​ർ എ​താ​നും ദി​വ​സ​ത്തേ​ക്ക് തു​റ​ന്നു. ക​ടു​ത്ത​വേ​ന​ലി​ല്‍ ഒ​ന്നോ, ര​ണ്ടോ ത​വ​ണ കൂ​ടിമാ​ത്രം തു​റ​ക്കാ​നു​ള്ള വെ​ള്ള​മാ​ണ് ഡാ​മു​ക​ളി​ൽ ശേ​ഷി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി നേ​രി​ടു​ന്ന കു​ടി​വെ​ള്ള വി​ഷ​യ​ത്തി​ല്‍ ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണാ​ത്ത ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന് പ്ര​തി​ഷേ​ധ​വും ഉ​യ​രു​ന്നു​ണ്ട്. ജി​ല്ല​യി​ലെ ഡാ​മു​ക​ള്‍ സ്ഥി​തി​ചെ​യ്യു​ന്ന പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ള്‍ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്.

കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ കു​ടി​വെ​ള്ള​ത്തി​നും കൃ​ഷി ആ​വ​ശ്യ​ത്തി​നു​മാ​യി വെ​ള്ളം തു​റ​ന്നു​വി​ടു​ന്നു​ണ്ടെ​ങ്കി​ലും മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കാ​ണ് ഇ​തി​ന്‍റെ ഗു​ണം. തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ വാ​ഴാ​നി ഡാം, ​പാ​ണ​ഞ്ചേ​രി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന പീ​ച്ചി, മു​ള​ങ്കു​ന്ന​ത്തു​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ പൂ​മ​ല ഡാം ​എ​ന്നി​വി​ട​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന പ​ഞ്ചാ​യ​ത്തി​ലെ​ല്ലാം രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മ​ഴ​ക്കാ​ല​മെ​ത്താ​ന്‌ ര​ണ്ട​ര​മാ​സം കൂ​ടി ബാ​ക്കി​നി​ൽ​ക്കേ ജി​ല്ല​യി​ലെ പ്ര​ധാ​ന ഡാ​മു​ക​ളാ​യ പീ​ച്ചി​യി​ൽ 21 ശ​ത​മാ​ന​വും വാ​ഴാ​നി​യി​ലും ചി​മ്മി​നി​യി​ലും 31 ശ​ത​മാ​ന​വും വീ​തം ജ​ല​മാ​ണ് ഇ​നി ബാ​ക്കി​യി​യു​ള്ള​ത്.