പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ്, പബ്ലിക് അണ്ടർടേക്കിംഗ്സ്, എസ്റ്റിമേറ്റ്സ് കമ്മിറ്റി തുടങ്ങിയ സംയുക്ത പാർലമെന്ററി സമിതികളിൽ ഉൾപ്പെടെ നിരവധി നിർണായക സമിതികളിലും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അംഗമാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയാണ് നിലവിൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്.
പാർലമെന്റിലെ ഇരുസഭകളിലും സഭാനേതാവ് കഴിഞ്ഞാൽ പ്രതിപക്ഷ നേതാവിനാണു രണ്ടാമത്തെ സ്ഥാനം. പ്രതിപക്ഷ നേതാവ് എഴുന്നേറ്റു നിന്ന് ആവശ്യപ്പെട്ടാൽ സ്പീക്കർ അദ്ദേഹത്തിന് അവസരം നൽകണമെന്നാണു ചട്ടവും കീഴ്വഴക്കവും.
സർക്കാരിനെ പ്രതിരോധിക്കുന്നതിലും ജനകീയ, ദേശീയ പ്രശ്നങ്ങൾ പാർലമെന്റിൽ ഉയർത്തുന്നതിലും നിർണായകമാണ് പ്രതിപക്ഷ നേതൃസ്ഥാനം. കേന്ദ്രമന്ത്രിമാർക്കു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഔദ്യോഗിക വസതി, സ്റ്റാഫ് അടക്കമുള്ള സൗകര്യങ്ങളും പ്രതിപക്ഷ നേതാവിന് ലഭിക്കും. 1977ലെ ജനതാ സർക്കാരിന്റെ കാലത്താണ് പ്രതിപക്ഷ നേതൃസ്ഥാനം നിയമാനുസൃത പദവിയാക്കി പ്രത്യേക നിയമം പാർലമെന്റിൽ പാസാക്കിയത്.
കഴിഞ്ഞ ലോക്സഭയിൽ പ്രതിപക്ഷ നേതാവ് ഇല്ലാതിരുന്നതിനാൽ കോണ്‍ഗ്രസിന്റെ നേതാവായി നിയമിച്ചിരുന്ന അധീർ രഞ്ജൻ ചൗധരി ഇത്തവണ തോറ്റതിനാൽ സഭാംഗമല്ല. 1999 മുതൽ കോണ്‍ഗ്രസ് ജയിച്ചുവന്നിരുന്ന പശ്ചിമ ബംഗാളിലെ ബഹരംപുരിൽ തൃണമൂൽ കോണ്‍ഗ്രസിന്റെ മുൻ ക്രിക്കറ്റ് താരം യൂസഫ് പഠാനാണ് അധീർ രഞ്ജനെ പരാജയപ്പെടുത്തിയത്. മുൻ കേന്ദ്രമന്ത്രിമാരും മികവുറ്റ പ്രസംഗകരുമായ ഡോ. ശശി തരൂർ, മനീഷ് തിവാരി തുടങ്ങിയവരെ തഴഞ്ഞ് അധീർ രഞ്ജനെ പാർട്ടി നേതാവാക്കിയതിൽ കോണ്‍ഗ്രസിൽ പലരും അസംതൃപ്തരുമായിരുന്നു.
പുതിയ ലോക്സഭയിൽ തരൂരും മനീഷ് തിവാരിയുമടക്കം ഹിന്ദിയും ഇംഗ്ലീഷും നന്നായി വഴങ്ങുന്ന നിരവധി മുതിർന്ന നേതാക്കൾ ജയിച്ചെത്തിയിട്ടുണ്ട്. ഭൂപീന്ദർ സിംഗ് ഹൂഡ, ഗൗരവ് ഗൊഗോയ്, കുമാരി സെൽജ എന്നിവർ മുതൽ കേരളത്തിൽനിന്നുള്ള എംപിമാർ വരെയുള്ളവരും പരിഗണനയിലുണ്ട്. പദവി രാഹുൽ ഏറ്റെടുക്കുന്നില്ലെങ്കിൽ ഇവരിലൊരാൾക്ക് നറുക്കു വീണേക്കും.