സ്കൂളുകളടച്ചു, അവധികൾ റദ്ദാക്കി ; അതിർത്തി സംസ്ഥാനങ്ങൾ കനത്ത ജാഗ്രതയിൽ
Friday, May 9, 2025 4:19 AM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനു പിന്നാലെ പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ കനത്ത ജാഗ്രതയിൽ.
പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങൾ സങ്കീർണമായ സാഹചര്യത്തെ മുന്നിൽക്കണ്ട് അവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചുതുടങ്ങി. മുന്നൊരുക്കങ്ങളുടെ ഭാഗമായി രാജസ്ഥാനിലെയും പഞ്ചാബിലെയും അതിർത്തി ജില്ലകളിലെ സ്കൂളുകൾ അടച്ചു.
പോലീസുകാർക്കും ഭരണനിർവഹകർക്കും അനുവദിച്ചിരുന്ന എല്ലാ അവധികളും ഇരുസംസ്ഥാനങ്ങളും റദ്ദാക്കുകയും ചെയ്തു. പല പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്. അതിർത്തി സംസ്ഥാനങ്ങളിലെ വ്യോമപ്രതിരോധ സംവിധാനങ്ങളും നിലവിലെ സാഹചര്യത്തെ അഭിമുഖീകരിക്കാൻ സജീവമാക്കി.
പാക്കിസ്ഥാനുമായി 532 കിലോമീറ്റർ ദൂരത്തിൽ അതിർത്തി പങ്കിടുന്ന പഞ്ചാബ് സാഹചര്യം മുൻനിർത്തി നിർണായക പ്രതിരോധ നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. കരസേനയുമായി സംയോജിച്ചു ’പ്രതിരോധത്തിന്റെ രണ്ടാം ലൈനായി’ പ്രവർത്തിക്കാനാണ് പഞ്ചാബ് പോലീസിന് നിർദേശം ലഭിച്ചിരിക്കുന്നത്. യോഗ്യതയുള്ള അധികാരിയുടെ അംഗീകാരത്തോടെ പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ അവധി അനുവദിക്കൂവെന്നും അധികൃതർ ഭരണനിർവഹകരെയും പോലീസിനെയും അറിയിച്ചിട്ടുണ്ട്.
പാക്കിസ്ഥാനുമായി 1037 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജസ്ഥാനിലെ നാല് അതിർത്തി ജില്ലകളിൽ മുഴുവൻ സർക്കാർ, സ്വകാര്യ സ്കൂളുകളും യുദ്ധ സാഹചര്യത്തിൽ പൂട്ടിയിട്ടു. ഓപ്പറേഷൻ സിന്ദൂരിനു ശേഷം എല്ലാ പോലീസുകാരുടെയും അവധി റദ്ദാക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമയാണ് ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകിയിരിക്കുന്നത്. ആശുപത്രികളോട് ആവശ്യമായ രക്തവും അടിയന്തരഘട്ടത്തിൽ നൽകുന്ന മരുന്നുകളും ശേഖരിച്ചുവയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്.
പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഗുജറാത്തിലെ കച്ച് അടക്കമുള്ള തന്ത്രപ്രധാന ജില്ലകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതിർത്തി സംസ്ഥാനങ്ങളിലെ പല വിമാനത്താവളങ്ങളും താത്കാലികമായി അടച്ചിട്ടപ്പോൾ റെയിൽവേ സ്റ്റേഷനുകളും ഉയർന്ന ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.