സൈനികനീക്കം കിറുകൃത്യം
Friday, May 9, 2025 4:19 AM IST
ന്യൂഡൽഹി: പഹൽഗാമിൽ നിരപരാധികളായ 26 പേരെ പോയിന്റ് ബ്ലാങ്കിൽ നിർത്തി നിറയൊഴിച്ച ഭീകരർക്കും അവരെ പിന്തുണച്ചവർക്കും ഇന്ത്യൻ സേന മറുപടി നൽകിയത് കൃത്യമായി ആസൂത്രണം ചെയ്ത സൈനിക നടപടികളിലൂടെ.
രാജ്യാന്തര അതിർത്തി കടക്കാതെ പാക്കിസ്ഥാന്റെ ഒന്പത് തീവ്രവാദ പരിശീലന ക്യാന്പുകൾ തകർത്തത് ഇന്ത്യയുടെ കര, വ്യോമ, നാവിക സേനകളുടെ സംയുക്ത ദൗത്യമായിരുന്നു. മുഖാമുഖം ആക്രമിക്കുന്ന പതിവുരീതിയിൽനിന്ന് വ്യത്യസ്തമായി സാങ്കേതികവിദ്യ പൂർണമായും ഉപയോഗിച്ചുകൊണ്ടുള്ള പ്രഹരം. ആയുധപ്പുരകളിൽ മൂർച്ചകൂട്ടിയ അത്യാധുനിക പടക്കോപ്പുകൾ ഓപ്പറേഷൻ സിന്ദൂരിൽ വഹിച്ച പങ്ക് നിർണായകം.
ഇന്റലിജൻസ് നീക്കം
ഭീകരാക്രമണം നടന്ന രണ്ടാഴ്ചയ്ക്കുള്ളിലാണ് സൈന്യം ഓപ്പറേഷൻ സിന്ദൂർ പദ്ധതിയിട്ടത്. 21 തീവ്രവാദ കേന്ദ്രങ്ങൾ തിട്ടപ്പെടുത്തിയെങ്കിലും തകർത്തത് ഒന്പതെണ്ണം. രണ്ടാഴ്ച കൊണ്ടല്ല ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സൈന്യത്തിനു ലഭിച്ചത്.
കാലങ്ങളായി ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) ശേഖരിച്ച കൃത്യമായ വിവരങ്ങൾ ആക്രമണത്തിൽ സൈനികകേന്ദ്രങ്ങളും ജനവാസമേഖലകളും ഒഴിവാക്കി തീവ്രവാദകേന്ദ്രങ്ങളെ മാത്രം ആക്രമിക്കുന്നതിനു വഴിതെളിച്ചു.
ബഹാവൽപുർ പോലെയുള്ള നഗരപ്രദേശങ്ങളിലെ ജെയ്ഷ്-ഇ- മുഹമ്മദിന്റെ തീവ്രവാദ ക്യാമ്പുകളും പാക് അധിനിവേശ കാഷ്മീരിലെ പർവതപ്രദേശങ്ങളും കൃത്യമായി മാപ്പ് ചെയ്ത് ആക്രമിക്കുന്നതിന് രഹസ്യവിവരങ്ങൾക്കൊപ്പം തീവ്രവാദ ക്യാന്പുകളുടെ തത്സമയ നിരീക്ഷണം ശേഖരിക്കുന്നതിന് ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങളും ഡ്രോണുകളും വഹിച്ച പങ്ക് വലുതാണ്. സ്കാൾപ്, ഹാമർ മിസൈലുകൾ, ഉപഗ്രഹ ഡാറ്റ, ഡ്രോണ് ദൃശ്യങ്ങൾ, ഗ്രൗണ്ട് ഇന്റലിജൻസ് തുടങ്ങിയവ ദൗത്യം കൃത്യമാക്കി.
തന്ത്രപരമായ ആസൂത്രണനീക്കം
മൂന്ന് സായുധസേനകളും നൂതന സാങ്കേതികവിദ്യയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരുക്കം പഹൽഗാം ആക്രമണത്തിനു പിന്നാലെ സൈന്യം ആരംഭിച്ചു. ദൗത്യത്തിനായി റഫാൽ വിമാനങ്ങൾ വ്യോമസേന തെരഞ്ഞെടുത്തു. സ്കാൾപ് ക്രൂസ് മിസൈലുകൾ, ഹാമർ പ്രിസിഷൻ ഗൈഡഡ് ബോംബുകൾ, ഹരോപ്പ് കാമികാസെ ഡ്രോണുകൾ തുടങ്ങിയവയും വിന്യസിച്ചു.
ആക്രമണത്തിനുള്ള പദ്ധതി പൂർത്തിയായശേഷം പാക്കിസ്ഥാന്റെ കണ്ണ് വെട്ടിക്കുന്നതിന് അതിർത്തിയിൽ ഓപ്പറേഷൻ സിന്ദൂറിന്റെ അന്നുതന്നെ സൈന്യം വ്യോമാഭ്യാസം പ്രഖ്യാപിച്ചു. ഇതിന്റെ മറവിൽ റഫാൽ വിമാനങ്ങൾ അതിർത്തിയിലേക്ക് തിരിച്ചു. അതിർത്തി കടന്നുള്ള ആക്രമണം കാത്തിരുന്ന പാക്കിസ്ഥാന് ഇന്ത്യൻ സൈന്യം നൽകിയത് സ്വന്തം മണ്ണിൽ നിന്നുകൊണ്ടുള്ള വ്യോമാക്രമണം.
1971 ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിനുശേഷം ആദ്യത്തെ സംയുക്ത ആക്രമണമാണ് ബുധനാഴ്ച പുലർച്ചെ 1.04 നു സൈന്യം നടത്തിയത്. നാവികസേന ഇന്ത്യയുടെ സമുദ്രാതിർത്തികൾ നിരീക്ഷിക്കുകയും ചെയ്തപ്പോൾ കരസേന ഫോർവേഡ് ലോഞ്ച് പാഡുകൾക്ക് സമീപം കാമികേസ് ഡ്രോണുകളും കൃത്യതയുള്ള പീരങ്കികളും സ്ഥാപിച്ച് വ്യോമസേനയെ പിന്തുണച്ചു.
ദൗത്യം പൂർത്തിയാക്കി
രാജ്യാന്തരഅതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള പാക്കിസ്ഥാൻ പഞ്ചാബിലെ ബഹവൽപുർ ഉൾപ്പെടെ പാക് അധിനിവേശ കാഷ്മീരിലെ തീവ്രവാദ കേന്ദ്രങ്ങളും ഉൾപ്പെടെ ഒന്പത് ലക്ഷ്യങ്ങളിൽ 24 മിസൈൽ ആക്രമണമാണ് ഇന്ത്യൻ സേന നടത്തിയത്.
സ്കാൾപ് മിസൈലുകൾ ശക്തമായ ബങ്കറുകളെ ലക്ഷ്യം വച്ചപ്പോൾ, ഹാമർ ബോംബുകൾ തീവ്രവാദികൾ പാർത്തിരുന്ന ബഹുനില കെട്ടിടങ്ങൾ തകർത്തു. ഡ്രോണുകൾ പാക് അധിനിവേശ കാഷ്മീരിനോട് സമീപമുള്ള തീവ്രവാദികളുടെ ലോഞ്ച്പാഡുകളെ നിർവീര്യമാക്കി.
ആക്രമണത്തിനുശേഷം
തത്സമയ ഉപഗ്രഹദൃശ്യങ്ങളും ഗൂഗിൾ എർത്തിൽ നിന്നും ലഭിച്ച വിവരങ്ങളും വഴി ആക്രമണത്തിന്റെ കൃത്യത വെളിപ്പെടുത്തി. ആക്രമണത്തിന് ശേഷമുള്ള ആഗോള നയതന്ത്ര നടപടികൾ കേന്ദ്രസർക്കാർ കൃത്യമായി നടപ്പാക്കി.
യുഎസ്, യുകെ, സൗദി അറേബ്യ എന്നിവയുൾപ്പെടെയുള്ള പ്രധാന സഖ്യകക്ഷികളെ ഇന്ത്യ വിവരമറിയിക്കുകയും ഭീകരവാദകേന്ദ്രങ്ങൾ തകർത്തതായി അറിയിക്കുകയും ചെയ്തു.
അത്യാധുനിക സാങ്കേതികവിദ്യ, സൂക്ഷ്മമായ ആസൂത്രണം, തന്ത്രപരമായ നയതന്ത്രം തുടങ്ങിയവ സംയോജിപ്പിച്ച് ഇന്ത്യ അടുത്തിടെ നടത്തിയ തന്ത്രപ്രധാനമായ സൈനിക നടപടിയാണ് ഓപ്പറേഷൻ സിന്ദൂർ.
തങ്ങളുടെ മണ്ണിൽ ആക്രമണം നടത്തിയാൽ സ്വന്തം മണ്ണിൽനിന്നുകൊണ്ട് അതിനു പിന്നിൽ പ്രവർത്തിച്ചവരെയും അത് ആസൂത്രണം ചെയ്തവരെയും ഇല്ലാതാക്കുമെന്ന സന്ദേശമാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനു നൽകിയ സന്ദേശം.