"മണിപ്പുർ കത്തുന്നു, ഇന്ത്യ കത്തും പോലെ': കേന്ദ്രത്തിനെതിരായ അവിശ്വാസപ്രമേയം അവതരിപ്പിച്ചു
"മണിപ്പുർ കത്തുന്നു, ഇന്ത്യ കത്തും പോലെ': കേന്ദ്രത്തിനെതിരായ അവിശ്വാസപ്രമേയം അവതരിപ്പിച്ചു
Tuesday, August 8, 2023 5:59 PM IST
വെബ് ഡെസ്ക്
ന്യൂഡൽഹി: മണിപ്പുര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായി പ്രതിപക്ഷ "ഇന്ത്യ' മുന്നണി നൽകിയ അവിശ്വാസപ്രമേയ നോട്ടീസ് ലോക്സഭയിൽ അവതരിപ്പിച്ചു. ആസാമിൽനിന്നുള്ള കോൺഗ്രസ് അംഗം ഗൗരവ് ഗൊഗോയിയാണ് സഖ്യത്തിനുവേണ്ടി പ്രമേയം അവതരിപ്പിച്ചത്.

മണിപ്പുർ കത്തുന്നത് ഇന്ത്യ കത്തുന്നത് പോലെയാണെന്നും ഒരൊറ്റ ഇന്ത്യയിൽ ഇപ്പോൾ രണ്ടു മണിപ്പുരാണുള്ളതെന്നും ഗൊഗോയ് പറഞ്ഞു. പാർലമെന്‍റ് മണിപ്പുരിലെ ജനങ്ങളുടെ വേദനയ്ക്ക് ഒപ്പം നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും രൂക്ഷ വിമർശനമാണ് പ്രമേയത്തിൽ ഉയർന്നത്. നിർണായക സമയത്തെല്ലാം മോദിക്ക് മൗനമാണ്. പ്രധാനമന്ത്രി മണിപ്പുർ സന്ദർശിക്കാതെ മിണ്ടാതെ നടക്കുകയാണ്. പ്രമേയം കൊണ്ടുവന്നത് മോദിയുടെ ഈ മൗനം ഭഞ്ജിക്കാൻ വേണ്ടിയാണ്.


രണ്ട് വിഭാഗങ്ങൾ ഇതുപോലെ ഏറ്റുമുട്ടുന്നത് രാജ്യം ഇതുവരെ കണ്ടിട്ടില്ല. 30 സെക്കൻഡ് ആണ് പ്രധാനമന്ത്രി മണിപ്പുരിനായി സംസാരിച്ചത്. മണിപ്പുർ മുഖ്യമന്ത്രിയോട് രാജി ആവശ്യപ്പെടാൻ പോലും കേന്ദ്ര സർക്കാർ തയാറാകുന്നില്ല.

മണിപ്പുരിൽ എന്താണ് നടക്കുന്നതെന്ന് ബിജെപി നേതാക്കൾ തന്നെ ചോദിക്കുന്നുണ്ട്. കലാപകാരികൾ സുരക്ഷാസേനയുടെ ആയുധങ്ങൾ കൊള്ളയടിക്കുന്നു. ബീരേൻസിംഗ് സർക്കാരിന് ലഹരി മാഫിയകളുമായി അടുത്തബന്ധമാണ് ഉള്ളത്.

പ്രധാനമന്ത്രി മണിപ്പുരിനെ പറ്റി പാർലമെന്‍റിൽ സംസാരിക്കണം. പ്രതിനിധി സംഘത്തിനൊപ്പം അദ്ദേഹം മണിപ്പുർ സന്ദർശിക്കണമെന്നും ഗൊഗോയ് ആവശ്യപ്പെട്ടു. മണിപ്പുരിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തീവ്രവിഭാഗങ്ങളുടെ പിന്തുണ തേടിയിരുന്നതായും ഗൊഗോയ് ആരോപിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<