പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി കുടക് സ്വദേശിയെന്ന് പോലീസ്
Monday, May 20, 2024 10:43 AM IST
കാസര്‍ഗോഡ്: കാഞ്ഞങ്ങാട്ട് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞെന്ന് പോലീസ്. കുട്ടിയുടെ അയല്‍വാസിയായ കുടക് സ്വദേശിയാണ് പ്രതി. ഇയാളുടെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല.
പ്രതിയുടെ സിസിടിവി ദൃശ്യം ശ്രദ്ധയില്‍പെട്ട ഇയാളുടെ ബന്ധുവാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇയാള്‍ നേരത്തേയും പോക്സോ കേസില്‍ പ്രതിയാണ്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
അതേസമയം കേസില്‍ ആദ്യം പോലീസ് കസ്റ്റഡിയിലെടുത്ത ആള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് പടന്നക്കാട്ടെ ഒഴിഞ്ഞ വളപ്പിൽ വച്ചാണ് കുട്ടി പീഡനത്തിന് ഇരയായത്.
വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണാഭരണങ്ങൾ കവർന്നശേഷം ഉപേക്ഷിക്കുകയായിരുന്നു. കുട്ടി മുത്തച്ഛന്റെ കൂടെയായിരുന്നു കിടന്നുറങ്ങിയിരുന്നത്. അച്ഛനും അമ്മയും മറ്റൊരുമുറിയിലായിരുന്നു.
മുത്തച്ഛൻ പുലർച്ചെ പശുവിനെ കറക്കുന്നതിനായി തൊഴുത്തിലേക്ക് പോയ സമയത്ത് വീടിനകത്ത് കയറിയ അക്രമി ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിയെടുത്ത് അടുക്കള വാതിൽ വഴി പുറത്തുകടക്കുകയായിരുന്നു.