നിയമവിദ്യാർഥിനിയുടെ കൊലപാതകം പ്രതിയുടെ വധശിക്ഷ ശരിവച്ചു
Tuesday, May 21, 2024 2:06 AM IST
കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന് എറണാകുളം സെഷന്‍സ് കോടതി നല്കിയ വധശിക്ഷ ഹൈക്കോടതി ശരിവച്ചു.
സെഷന്‍സ് കോടതിയുടെ വധശിക്ഷാവിധിക്ക് അനുമതി നല്കിയ ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റീസ് വി. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പ്രതിയുടെ അപ്പീല്‍ ഹര്‍ജി തള്ളുകയും ചെയ്തു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും വധശിക്ഷയില്‍നിന്ന് ഇളവനുവദിക്കേണ്ട ഒരു സാഹചര്യവുമില്ലെന്നും കോടതി വിലയിരുത്തി.
സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസിലെ സാക്ഷി മൊഴികളടക്കം കേസിന്റെ വിവിധ വശങ്ങള് ഇഴകീറി പരിശോധിച്ചാണ് കോടതി ഉത്തരവ്. ലൈംഗിക വൈകൃതമുള്ള പ്രതി, ലൈംഗികാസക്തി തീര്‍ക്കാനുള്ള ശ്രമത്തിനിടെ നിഷ്ഠുരമായ കൊലപാതകം നടത്തുകയാണ് ചെയ്തത്.
ശിക്ഷ താക്കീതെന്ന് കോടതി
വിദ്യാർഥിനിയെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം പ്രാകൃത രീതിയിലാണ് പ്രതി കൊലപ്പെടുത്തിയത്. വിദ്യാർഥിനി സുരക്ഷിതമെന്നു കരുതിയ വീട്ടിലേക്ക് കരുതിക്കൂട്ടി കടന്നുകയറി ഒരു പ്രകോപനവുമില്ലാതെ നടത്തിയ ആക്രമണവും കൊലപാതകവുമാണിത്.
മാനഭംഗശ്രമത്തെ ചെറുത്ത വിദ്യാർഥിനിയോട് പ്രകോപനപരമായ രീതിയിലാണ് അതിക്രൂരമായ ആക്രമണം നടത്തിയത്. ഇരയുടെ ആന്തരിക ഭാഗങ്ങള്‍ പുറത്തു വരുന്ന രീതിയില്‍ രഹസ്യഭാഗത്ത് പല തവണ കത്തികൊണ്ട് കുത്തി മാരക മുറിവേല്പിച്ചു.
ഭീതിയും അരക്ഷിതാവസ്ഥയും നേരിടുന്ന സ്ത്രീസമൂഹത്തിന് ആശ്വാസമേകുന്നതാണ് ഈ ശിക്ഷാവിധിയെന്നും കോടതി ചൂണ്ടിക്കാട്ടി.