അഞ്ചാംഘട്ട വോട്ടെടുപ്പ്: ഉച്ച വരെ 36.73 ശതമാനം പോളിംഗ്
Monday, May 20, 2024 1:17 PM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒന്നുവരെയുള്ള കണക്ക് പ്രകാരം അഞ്ചാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത് 36.73 ശതമാനമാണ്. പോളിംഗ് ശതമാനത്തിൽ മുന്നിൽ ലഡാക്കും പിന്നിൽ മഹാരാഷ്ട്രയുമാണ്.
ബിഹാര്‍ 34.62 ശതമാനം, ജമ്മു കാഷ്മീര്‍ 34.79 ശതമാനം, ജാര്‍ഖണ്ഡ് 41.89 ശതമാനം, ലഡാക്ക് 52.02 ശതമാനം, മഹാരാഷ്ട്ര 27.78 ശതമാനം, ഒഡീഷ 35.31 ശതമാനം, ഉത്തര്‍പ്രദേശ് 39.55 ശതമാനം, പശ്ചിമബംഗാള്‍ 48.41 ശതമാനം എന്നിങ്ങനെയാണ് ഒന്നുവരെയുള്ള കണക്ക്.
ആറ് സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുത്ത്. വയനാടിനു പുറമെ റായ്ബറേലിയിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, ജമ്മു കാഷ്മീര്‍ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവരുൾപ്പെടെ നിരവധി പ്രമുഖ നേതാക്കളാണ് ഇന്നു ജനവിധി തേടുന്നത്.
രാവിലെ ഏഴു മുതലാണ് പോളിംഗ് ആരംഭിച്ചത്. 49 സീറ്റുകളിലായി 144 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. എട്ടര കോടി വോട്ടർമാർക്കായി 95,000 പോളിംഗ് സറ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.
റായ്ബറേലിയും അമേഠിയും ഉൾപ്പെടെ യുപിയിലെ 14 മണ്ഡലങ്ങളിൽ അഞ്ചാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മത്സരിക്കുന്ന ലക്നോ, മോഹൻലാൽഗഞ്ച്, ജലൗൻ, ഝാൻസി, ഹമീർപുർ, ബന്ദ, ഫത്തേപ്പുർ, കൗശാംബി, ബാരാബങ്കി, ഫൈസാബാദ്, കൈസർഗഞ്ച്, ഗോണ്ട എന്നിവയാണ് ഇന്നു യുപിയിൽ വിധിയെഴുത്തു നടക്കുന്ന മണ്ഡലങ്ങൾ. ആകെ 2.68 കോടി വോട്ടർമാർ.
മുംബൈയിലും സമീപ പ്രദേശങ്ങളിലെയും 13 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. നിരവധി പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. പോളിംഗ് സ്റ്റേഷനിൽ നീണ്ടനിരയാണ് അനുഭവപ്പെടുന്നത്. ഇതോടെ മഹാരാഷ്ട്രയിലെ 48 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പൂർത്തിയാകും. ബിജെപിയുടെയും ശിവസേനയുടെയും ശക്തികേന്ദ്രങ്ങളിലാണ് ഇന്നു വിധിയെഴുത്ത്.