കോവാക്സിനെതിരായ പഠനറിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍
Monday, May 20, 2024 2:45 PM IST
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് എടുത്തവരില്‍ മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന പഠനറിപ്പോര്‍ട്ട് തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ബനാറസ് ഹിന്ദു സര്‍വകലാശാല നടത്തിയ ഗവേഷണം കൃത്യതയോടെയുള്ളതല്ലെന്നും ഈ പഠനവുമായി സഹകരിച്ചിട്ടില്ലെന്നും ഐസിഎംആര്‍ വ്യക്തമാക്കി.
പഠനറിപ്പോര്‍ട്ടില്‍ ഐസിഎംആറിനെ ഉദ്ധരിച്ചത് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. ഇത് ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവേഷകര്‍ക്കും ജേര്‍ണല്‍ എഡിറ്റര്‍ക്കും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് ബാല്‍ കത്തയച്ചു.
സ്പ്രിംഗര്‍ നേച്ചര്‍ എന്ന ജേര്‍ണലിലാണ് കോവാക്സിന്റെ പാര്‍ശ്വഫലങ്ങളെപ്പറ്റി പറയുന്ന ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വാക്സിന് എടുത്തവരില്‍ മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്വാസകോശ അണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍, തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തെന്നും പഠനത്തിലുണ്ട്.