മീൻപിടിത്തക്കാരൻ ടൈറ്റസ്
മീൻപിടിത്തമാണ് ടൈറ്റസിന്റെ ജീവിതമാർഗം. പകലുദിക്കുമ്പോൾ വളപട്ടണം ബോട്ടുജെട്ടിയിൽനിന്നും ചെറുതോണിയിൽ ടൈറ്റസ് പുഴയിലിറങ്ങും. ഇടതുകൈയിൽ പങ്കായവും വലതുകൈയിൽ ചൂണ്ടയുമായി മത്സ്യങ്ങൾ ഒന്നിച്ചുകൂടുന്ന സ്‌ഥലം തേടിയുള്ള യാത്ര. പുഴയ്ക്ക് ഒഴുക്കു കൂടുമ്പോഴും കാറ്റ് പ്രതികൂലമായി വീശുമ്പോഴും തോണിയെ നിയന്ത്രിച്ച് നിർത്തുന്നത് ഇടതുകാലിന്റെ സാമർഥ്യത്തിൽ. പുഴയെ അറിഞ്ഞുള്ള ആ യാത്രയിൽ നേരിൽ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങളാണ് ടൈറ്റസിന് പറയാനുള്ളത്. എല്ലാ കഥയ്ക്കും ഉള്ളതുപോലെ ഈ കഥയ്ക്കും ഒരു ബാല്യകാലമുണ്ട്. ടൈറ്റസിന്റെ കുട്ടിക്കാലം.

<ആ>തുരുത്തിപ്പുറത്തുനിന്നും വളപട്ടണത്തേക്ക്

എറണാകുളം ജില്ലയിലെ തുരുത്തിപ്പുറം എന്ന ഗ്രാമം. നുര പതഞ്ഞൊഴുകുന്ന പുഴകളാൽ ചുറ്റപ്പെട്ട ഈ ഗ്രാമത്തിൽ മീൻ പിടിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു റാഫേൽ. വീശിയെറിഞ്ഞ ചൂണ്ടയിൽ കുരുങ്ങാതെ ഒരു മത്സ്യവും മുന്നോട്ടുപോയില്ല. റാഫേലിന് തോണി നിറച്ചും മീൻ കിട്ടിക്കൊണ്ടിരുന്നു. റാഫേൽ മേരിയെയാണ് വിവാഹം കഴിച്ചത്. അവർക്കുണ്ടായ ആറുമക്കളിൽ അഞ്ചാമനാണ് നമ്മുടെ കഥയിലെ നായകൻ ടൈറ്റസ്. അങ്ങനെ മീൻ പിടിച്ച് ജീവിച്ച റാഫേലിനെ ഒരുദിവസം പട്ടാളത്തിലെടുത്തു. അപ്പൻ എങ്ങനെ പട്ടാളക്കാരനായി എന്നു ചോദിച്ചാൽ ടൈറ്റസ് പറയുന്നത് –‘എനിക്കും അക്കാര്യം വ്യക്‌തമായി അറിയില്ല. പട്ടാളത്തിലേക്ക് ആളെയെടുക്കാൻ ക്യാമ്പ് ഉണ്ടാകാറുണ്ട്. അന്ന് അപ്പന് നല്ല ആരോഗ്യമാണ്. ചിലപ്പോൾ അപ്പൻ അപ്രതീക്ഷിതമായി ക്യാമ്പിൽ എത്തിപ്പെടുകയും ആരോഗ്യമുള്ള ശരീരം കാരണം പട്ടാളത്തിൽ എടുത്തതുമായിരിക്കാം’.

എന്തായാലും റാഫേൽ പട്ടാളക്കാരനായി. നാള് കുറെ കഴിഞ്ഞപ്പോൾ ഒരുദിവസം റാഫേൽ തിരിച്ചുവന്നു. പിന്നീട് നാടറിഞ്ഞു റാഫേൽ പട്ടാളത്തിൽനിന്നും ഒളിച്ചോടി വന്നതാണെന്ന്. നിനച്ചിരിക്കാതെ റാഫേലിനുള്ള അറസ്റ്റ് വാറണ്ട് വീട്ടിലെത്തി. രായ്ക്കുരാമാനം റാഫേൽ കണ്ണൂരിലേക്ക് വണ്ടി കയറി. റാഫേലിന്റെ അനുജൻ പൈലി അന്നു കണ്ണൂർ വളപട്ടണത്ത് താമസിച്ച് മീൻപിടിക്കുന്നുണ്ടായിരുന്നു. ആ സ്‌ഥലമാണ് റാഫേലും ലക്ഷ്യമിട്ടത്. അറസ്റ്റ് വാറണ്ട് പേടിച്ചാണ് വണ്ടി കയറിയതെങ്കിലും എത്തിപ്പെട്ട സ്‌ഥലം റാഫേലിന് നന്നെ ബോധിച്ചു. അങ്ങനെ റാഫേൽ വീണ്ടും മീൻപിടിത്തക്കാരനായി. പതുക്കെ മക്കളെ ഓരോരുത്തരെയായി തുരുത്തിപ്പുറത്തുനിന്നും കണ്ണൂരിലെത്തിച്ചു. ഒടുവിൽ കുടുംബം മുഴുവനും കണ്ണൂരിലേക്ക് പറിച്ചുനട്ടു. അങ്ങനെ റാഫേലും കുടുംബവും കണ്ണൂരുകാരായി. വളപട്ടണത്തെത്തുമ്പോൾ ടൈറ്റസിനു പ്രായം 12 വയസ്. അന്നു കണ്ണൂരിനെയും തളിപ്പറമ്പിനെയും ബന്ധിപ്പിക്കുന്ന ഇന്നു കാണുന്ന വളപട്ടണം പാലം ഇല്ല. റെയിൽവേ പാലമാണ് ട്രെയിനിനും ബസിനും യാത്രക്കാർക്കു കടന്നുപോകാനുമുള്ള ഏക മാർഗം.

ടൈറ്റസിനെ അപ്പൻ വളപട്ടണം സ്കൂളിൽ ചേർത്തു. പഠനത്തോടൊപ്പം ടൈറ്റസ് മറ്റൊരു ഉത്തരവാദിത്വംകൂടി സ്വയം ഏറ്റെടുത്തു. മീൻപിടിക്കാൻ പുലർച്ചെ അഞ്ചരയ്ക്ക് പുഴയിലേക്ക് പോകുന്ന അപ്പനോടൊപ്പം സാധനങ്ങൾ എടുത്ത് കൂടെ പോകുക. വെള്ളത്തിലിറങ്ങില്ല, കര വരെ മാത്രമാണ് ആ യാത്ര. സ്കൂളിലെത്തേണ്ടത് രാവിലെ പത്തിനാണ്. അതിനാൽ ധൃതിപ്പെട്ട് വീട്ടിലേക്ക് മടങ്ങില്ല. അപ്പൻ തോണികയറി പോയാൽ ടൈറ്റസ് പുഴയോരത്ത് തന്നെ ഇരിക്കും. വെറുതെ പുഴയെ നോക്കിയല്ല ആ ഇരിപ്പ്. അപ്പന്റെ പഴയ ചൂണ്ടയിൽ പൊടിചെമ്മീൻ കൊളുത്തി പുഴയിലേക്കെറിഞ്ഞാണ് ഇരിപ്പ്.

സംഭവം ക്ലിക്കായി. മീൻ ചൂണ്ട വിടാതെ പിടിച്ചു. കുഞ്ഞുടൈറ്റസിന് എടുത്താൽ പൊന്താത്തത്ര മത്സ്യത്തെ ലഭിച്ചു. ടൈറ്റസ് അത് കച്ചവടക്കാർക്കുവിറ്റു. അത്യാവശ്യം സ്വയം ചെലവിനും വീട്ടിലെ ചെലവിനുമുള്ള തുക അങ്ങനെ സ്വന്തമാക്കിത്തുടങ്ങി. ഇത് എല്ലാ ദിവസവും തുടർന്നു. അങ്ങനെ ശ്രദ്ധ മുഴുവനും പുഴയിലേക്കും മത്സ്യത്തിലേക്കും തിരി ഞ്ഞതോടെ ടൈറ്റസ് പഠിക്കാതെയായി. പത്ത് തോറ്റു. പിന്നീട് സ്കൂളിൽ പോയില്ല.

<ആ>ഇനിയുള്ള കഥ ടൈറ്റസിന്റെ വാക്കുകളിൽ

‘‘ചൂണ്ടയിട്ട് മീൻ പിടിക്കുക എന്നത് എല്ലാവർക്കും ആവേശമാണ്. പഠനം പാതിവഴിയിലായതോടെ അപ്പന്റെ വഴിയേയായി എന്റെ യാത്ര. അപ്പൻ പുലർച്ചെ അഞ്ചരയ്ക്ക് മീൻ പിടിക്കാൻ പോയാൽ രാവിലെ പത്തോടെ ഞാൻ തോണിയിൽ കയറി അപ്പന്റെ അടുത്തുപോകും. പുഴയിൽ നാലോ അഞ്ചോ കിലോമീറ്റർ അകലെയായിരിക്കും അപ്പനുണ്ടാകുക. ഏതു സ്‌ഥലത്തേക്കാണ് പോകുന്നതെന്ന് ആദ്യമേ പറയും. അവിടെ വച്ച് അപ്പന്റെ തോണിയിലുള്ള മത്സ്യത്തെ മുഴുവനായും എന്റെ തോണിയിലാക്കി വേഗത്തിൽ കരയ്ക്കെത്തണം. കാരണം അപ്പന് മറ്റൊരു സ്‌ഥലത്തെത്തി മീൻ പിടിക്കേണ്ടതുണ്ട്. കരയിലെത്തിയാൽ കച്ചവടക്കാർക്കു മീൻ വിൽക്കും. വിലപേശണം–200 രൂപ പറഞ്ഞാലാണ് 100 രൂപ ലഭിക്കുക.

പിടിച്ച മീൻ വൈകുന്നേരത്തോടെ വിറ്റ് തീർക്കണം. ഐസിൽ വയ്ക്കുന്ന പരിപാടിയൊന്നും അന്നില്ല. അന്നു പുഴയിൽ നല്ല പോലെ മീനുണ്ടായിരുന്നു. എവിടെ ചൂണ്ടയെറിഞ്ഞാലും മീൻ കൊത്തും. കട്ല, ചെമ്പല്ലി, ഏരി, അമൂർ, കാളാഞ്ചി തുടങ്ങിയ മീനുകളാണ് ഉണ്ടാകുക. എനിക്ക് മീൻപിടിത്തത്തിൽ താൽപര്യമുണ്ടെന്ന് മനസിലാക്കിയതോടെ അപ്പൻ പലതും പറഞ്ഞുതന്നു. പ്രകൃതിയെക്കുറിച്ച്, പുഴയെക്കുറിച്ച്, മത്സ്യത്തെക്കുറിച്ച് അങ്ങനെ പലതും. അപ്പൻ പറഞ്ഞുതന്നതും ഞാൻ നേരിട്ട് അനുഭവിച്ചതുമായുള്ള അറിവുകളാണ് പിന്നീട് എന്റെ ജീവിതയാത്രയ്ക്ക് തുണയായത്’’.

<ആ>മണം പിടിച്ച് മീൻപിടിത്തം

‘‘മീൻപിടിത്തം തൊഴിലായതോടെ പുഴയുമായുള്ള അടുപ്പം വർധിച്ചു. രാവിലെ ആറിന് വളപട്ടണം പാലത്തിനു സമീപത്തെ ബോട്ടുജെട്ടിയിലെത്തും. ഒരാൾക്ക് മാത്രം കയറിപ്പോകാൻ കഴിയുന്ന തോണിയിലാണ് പുഴയിലിറങ്ങുക. ചൂണ്ടയും ഇരയും അടക്കം എല്ലാം കരുതും. പല വലുപ്പത്തിനനുസരിച്ചുള്ള മത്സ്യങ്ങളെ കുടുക്കാൻ പാകത്തിലുള്ള ചൂണ്ടയും ടൈംഗീസും ഉണ്ടാകും. പിടയ്ക്കുന്ന ചെമ്മീനാണ് ഇര. പുഴയിൽ എല്ലായിടത്തും ചൂണ്ടയിടാറില്ല. മീൻ കൂട്ടത്തോടെയുള്ള സ്‌ഥലങ്ങൾ ഞങ്ങൾക്ക് വ്യക്‌തമായി അറിയാം. കരയിൽനിന്നാൽ തന്നെ കാറ്റടിക്കുമ്പോൾ മത്സ്യത്തിന്റെ മണം മൂക്കിലേക്ക് അടിച്ചുകയറും. ഏത് മീനാണ് ഏതു സ്‌ഥലത്താണുള്ളത് എന്നൊക്കെ ആ മണം നമുക്ക് പറഞ്ഞു തരും. അങ്ങനെ ആ സ്‌ഥലത്തേക്ക് തിരിക്കും. അഴീക്കൽ, മാട്ടൂൽ, പഴയങ്ങാടി, പറശിനിക്കടവ് തുടങ്ങിയ സ്‌ഥലങ്ങളാണ് ലക്ഷ്യം. ആറു മണിക്കൂറിലധികം തുഴഞ്ഞ് ചെങ്ങളായിയിൽ ചെന്ന് ഞാൻ മീൻ പിടിച്ചിട്ടുണ്ട്.

മീൻ പിടിക്കാൻ പോകുമ്പോൾ നമ്മൾ എല്ലാം മനസിലാക്കണം. പ്രകൃതിയെക്കുറിച്ച്, കാലാവസ്‌ഥയെക്കുറിച്ച്, പുഴയെക്കുറിച്ച് അങ്ങനെ പലതും. കാർമേഘം പടിഞ്ഞാറ് നിന്ന് കയറി വരുമ്പോൾ അടിഭാഗത്ത് നല്ല വെളുത്ത നിറമാണെങ്കിൽ കാറ്റുണ്ടാകാൻ സാധ്യതയുണ്ട് എന്നർഥം. അപ്പോൾ തോണി കരയ്ക്ക് അടുപ്പിക്കണം. അതുപോലെ പടിഞ്ഞാറ് നിന്ന് തുടർച്ചയായി കാറ്റും മഴയും അടിച്ചുവന്നാൽ കിഴക്ക് നിന്നു മലവെള്ളം കുത്തിയൊഴുകുമെന്നും ഉറപ്പാണ്. അപ്പോഴും കര പിടിക്കണം. ഇല്ലെങ്കിൽ അപകടമുണ്ടാകും. മലവെള്ളം കുത്തിയൊഴുകി വന്നാൽ തേങ്ങയും മരത്തടിയുമടക്കം പല സാധനങ്ങളും ഒഴുകിവരും. അവയൊക്കെ സാഹസികമായി നീന്തിയും തോണിയിൽ ചെന്നും എടുക്കാറുണ്ട്. വലിയ പറമ്പ് ഒന്നാകെ മലവെള്ളത്തിൽ ഒലിച്ചുവന്നാൽ സാധനങ്ങൾക്ക് ഒരു മുട്ടും ഉണ്ടാകാറില്ല.

മഴയൊഴിഞ്ഞ ശേഷം ഒക്ടോബറോടെ കടലിൽനിന്നും പുതുവെള്ളം കയറുമ്പോഴാണ് മത്സ്യങ്ങൾ പുഴയിലേക്ക് കൂടുതൽ വരുന്നത്. ആദ്യം മീൻ വരുന്നത് അഴീക്കൽ ഭാഗത്താണ്. പിന്നീട് വളപട്ടണം ജെട്ടിയുടെ അരികിൽ. മീൻ വരുന്നത് ആഴം പിടിച്ചല്ല. കര പിടിച്ചാണ്. കല്ലുകൾക്കിടയിലൊക്കെയാണ് കൂടുതലായി ഉണ്ടാകുക. എല്ലാ സമയത്തും മീൻ ഇര പിടിക്കില്ല. കൂടുതലായി പുലർച്ചയ്ക്കും സന്ധ്യാനേരത്തുമാണ് ഇരപിടിത്തം. ഈ രണ്ടു സമയത്തും മത്സ്യങ്ങൾ ഇര അന്വേഷിച്ച് ഇറങ്ങും. അങ്ങനെ എല്ലാ സ്‌ഥലത്തും ഇര അന്വേഷിച്ച് മത്സ്യങ്ങൾ വരില്ല. അതിന് കൃത്യമായ സ്‌ഥലങ്ങളുണ്ട്. അതു മനസിലാക്കി വേണം ചൂണ്ടയെറിയാൻ. ഏതു മത്സ്യം, എത്ര വലിപ്പം ഇതൊക്കെ മനസിലാക്കി ചൂണ്ട ക്രമീകരിക്കണം’’.

<ആ>മത്സ്യങ്ങൾക്കും ബുദ്ധിയുണ്ട്

‘‘മത്സ്യങ്ങൾ നമ്മൾ കരുതുംപോലെ നിസാരന്മാരല്ല. അവയ്ക്കും ബുദ്ധിയുണ്ട്. എല്ലാം മനസിലാക്കുന്നുമുണ്ട്. നമ്മൾ ചൂണ്ടയിൽ ഇര കോർത്തിട്ടാൽ അവ ഒറ്റയടിക്ക് വിഴുങ്ങില്ല. ആദ്യം ശ്രദ്ധയോടെ നോക്കും. പതുക്കെ വലിച്ചെടുക്കും. അപ്പോൾ ഉണ്ടാകുന്ന അനക്കത്തിൽ നമ്മൾ ചൂണ്ട വലിച്ചാൽ കാര്യം മത്സ്യത്തിനു മനസിലാകും. ഞാനൊക്കെ ചെയ്യുന്നത് കുറച്ച് ചെമ്മീൻ വാരി എറിയും. അതിന്റിടയിൽ ചെമ്മീൻ കുരുത്ത ചൂണ്ടലും. ചെമ്മീനൊക്കെ ധൃതിയിൽ ഭക്ഷിക്കുമ്പോഴും ചൂണ്ടയിലെ ചെമ്മീനിനെ അത് സംശയത്തോടെ മാത്രമേ കാണൂ. അതിനാൽ പതുക്കെ കടിച്ച് ചെറുതായൊന്നു വലിക്കും. അത് മനസിലാക്കി ചൂണ്ട അയച്ചുവിടും. അപ്പോൾ മത്സ്യം ഒന്നുകൂടി വലിക്കും. വീണ്ടും ചൂണ്ട അയച്ചുവിടും. അവസാനം സംശയത്തിന് അൽപ്പം ശമനം കൊടുത്ത് മത്സ്യം ഇരവിഴുങ്ങുമ്പോഴാണ് വലിച്ചെടുക്കുന്നത്.

മീൻ ചൂണ്ടയിൽ കുടുങ്ങിയാൽ എത്രയും പെട്ടെന്ന് അതിന്റെ തൂക്കം മനസിലാക്കണം. പ്രാണരക്ഷാർഥം മീൻ എതിർദിശയിലേക്കു കുതിക്കും. അപ്പോൾ നമ്മൾ ശക്‌തിയായി വലിക്കുമ്പോൾ അതിനുള്ള കരുത്ത് ടൈംഗീസിനും ചൂണ്ടയ്ക്കും വേണം. മത്സ്യത്തിന് തൂക്കം കൂടുതലാണെങ്കിൽ ഒന്നുകിൽ ടൈംഗീസ് പൊട്ടും ഇല്ലെങ്കിൽ ചൂണ്ട നിവരും. അതോടെ ഒന്നും കിട്ടാതെയാകും. വലുപ്പമുള്ള മത്സ്യമാണ് ചൂണ്ടയിൽ കടിച്ചതെങ്കിൽ അതിനെ ഓടിച്ച് തളർത്തണം. മീനിനെ നിൽക്കാൻ സമ്മതിക്കരുത്. കുതിച്ചോടുന്ന മീനിനൊപ്പം നമ്മളും തോണിയിൽ കുതിക്കണം. ഒരു കൈയിൽ ചൂണ്ടയുടെ ടൈംഗീസുള്ളതിനാൽ പങ്കായം പിടിക്കുന്ന ഇടതു കൈയും കാലുകളുമാണ് തോണിയുടെ നിയന്ത്രണം ഏറ്റെടുക്കുക. ചൂണ്ട പൊട്ടിച്ച് രക്ഷപ്പെടുകയാണ് മീനിന്റെ ലക്ഷ്യം. കല്ലുള്ള സ്‌ഥലം നോക്കിയാണ് മീൻ കുതിക്കുക. കല്ലിലോ മറ്റു കുറ്റികളിലോ കുടുക്കി ടൈംഗീസ് പൊട്ടിക്കാൻ. നമ്മൾ തോണി തുഴഞ്ഞ് മത്സ്യം എത്തുന്നതിനു മുമ്പ് ആ സ്‌ഥലത്തെത്തി ടൈംഗീസിനെ അയഞ്ഞ രൂപത്തിലാക്കണം. അങ്ങനെ അതിനെ തളർത്തിയാൽ മാത്രമാണ് പിടിച്ചെടുക്കാൻ കഴിയുക.

ചൂണ്ടയിൽ കുടുങ്ങി പ്രാണരക്ഷാർഥം ഓടുന്ന മത്സ്യം ചിലപ്പോൾ ടൈംഗീസ് ഏതെങ്കിലും രീതിയിൽ പൊട്ടിച്ചെടുക്കും. അങ്ങനെയാകുമ്പോൾ ചൂണ്ട മത്സ്യത്തിന്റെ വായിൽതന്നെ ഉണ്ടാകും. ഇവ വീണ്ടും പഴയ സ്‌ഥലത്തെത്തും. ചൂണ്ട കയറിയ വേദന സഹിക്കാൻകഴിയാതെ അവ അവിടെനിന്ന് മറ്റൊരു സ്‌ഥലത്തേക്കു പോകുമ്പോൾ മറ്റു മത്സ്യങ്ങളും അവയ്ക്കൊപ്പം പോകും. അങ്ങനെ അവ പോകുന്ന അടുത്ത സ്‌ഥലം ഏതെന്നു നമ്മൾ മനസിലാക്കണം. പിന്നെ അവിടേക്കാകും യാത്ര. അവിടെത്തന്നെ ഒരാഴ്ചയോളം ചൂണ്ടയിട്ട് മീൻപിടിക്കും. ഒരു സ്‌ഥലത്ത് മീനുണ്ടെന്നറിഞ്ഞാൽ അവിടെ ചൂണ്ടയിട്ട് ആ മത്സ്യത്തെ മുഴുവനായി പിടിക്കണം. ഇല്ലെങ്കിൽ പല കാരണങ്ങളാൽ ഒരു നിശ്ചിത സമയം കഴിഞ്ഞാൽ അവ മറ്റു സ്‌ഥലത്തേക്കു പോകും. അങ്ങനെ ക്ഷമയോടെയും അൽപം തന്ത്രങ്ങളോടെയുമാണ് ഞങ്ങളുടെ മീൻപിടിത്തം’’.

<ആ>സുനാമിയുടെ വരവ്

‘‘2004 ഡിസംബർ 26ന് സുനാമി ആഞ്ഞടിക്കുമ്പോൾ ഞങ്ങൾ വളപട്ടണം പുഴയിലുണ്ട്. പെട്ടെന്ന് വെള്ളത്തിന് ഒഴുക്ക് കൂടി. വെള്ളം അടിച്ചുകയറാൻ തുടങ്ങി. എന്തോ പന്തികേട് ഞങ്ങൾക്കു തോന്നിയിരുന്നു. അപ്പോൾ അത് സുനാമിയാണെന്നു മനസിലായില്ല. ഞങ്ങൾ ഉടൻ കരയിലേക്ക് അടുത്തു. അപ്പോൾ പുഴയിൽ 50 മീറ്റർ ചുറ്റളവിൽ കഞ്ഞി തിളച്ചുമറിയുംപോലെ വെള്ളം തിളയ്ക്കുന്നതു കണ്ടു; കുമിളകളായി. ഒരു മിനിട്ട് നേരമുണ്ടായിരുന്നു ആ രംഗം. തൊട്ടടുത്ത വർഷവും അതേ ദിവസമാകുമ്പോൾ പുഴയിലെ വെള്ളത്തിന് സുനാമി ദിവസം ഉണ്ടായതുപോലുള്ള ചില മാറ്റം ഉണ്ടായിരുന്നു.

പ്രകൃതിയേയും പുഴയേയുംകുറിച്ച് പഠിച്ചാണ് ഞങ്ങൾ മീൻപിടിക്കാൻ പോയിരുന്നത്. അങ്ങനെ ഒരിടത്തു പോയാൽ കൃത്യമായി വിചാരിച്ച അളവിൽ മത്സ്യം പിടിച്ച് ഞങ്ങൾക്കു തിരിച്ചുവരാൻ പറ്റും. എന്നാൽ സുനാമിക്കുശേഷം ഇവയ്ക്കൊന്നും ഒരു കൃത്യതയില്ലാതായി. മത്സ്യങ്ങൾ പോകുന്ന സ്‌ഥലം മനസിലാകുന്നില്ല. മത്സ്യം ലഭിക്കുന്നത് നാലിലൊന്നായി കുറഞ്ഞു. എന്തു കണക്കുകൂട്ടി പുഴയിലിറങ്ങിയാലും കാര്യമായി മീൻ ലഭിക്കാതെയായി. മുമ്പ് തോണി നിറയെ മീനുമായാണ് തിരിച്ചുവന്നിരുന്നത്. ഇന്നു കിട്ടിയാൽ കിട്ടി എന്നായി ചുരുക്കത്തിൽ’’.

<ആ>കുടുംബം

കണ്ണൂർ മുൻസിഫ് കോടതിയിൽ ക്ലർക്കായ ഡെയ്സിയാണ് ടൈറ്റസിന്റെ ഭാര്യ. കോഴിക്കോട് ലോ കോളജ് എൽഎൽബി രണ്ടാം വർഷ വിദ്യാർഥിനി ഡെലീറ്റ, കണ്ണൂർ സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി ഡാരിഷ് എന്നിവരാണ് മക്കൾ.

<ആ>എഴുതാൻ മാത്രമുണ്ട്

ചൂണ്ടയിൽ കുടുങ്ങി കുതിച്ചുപായുന്ന ചെമ്പല്ലിയെ പിടിക്കാൻ ഉശിരോടെ തോണി തുഴയുംപോ ലെ ഒറ്റ ശ്വാസത്തിലാണ് ടൈറ്റസ് തന്റെ പുഴയറിവ് പറഞ്ഞുതീർത്തത്. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ തോണി നിറയെ മത്സ്യവുമായി കരയ്ക്കെത്തുന്ന മീൻപിടിത്തക്കാരനെപോലെ മനസ് നിറഞ്ഞുചിരിച്ചു ഈയുള്ള ലേഖകൻ.
അപ്പോൾ ടൈറ്റസ് പറഞ്ഞു.

‘‘ഒരു ദിവസം എന്റെ കൂടെ തോണിയിൽ വന്നാൽ മതി. ഈ പറഞ്ഞതൊക്കെ നേരിൽ അനുഭവിക്കാം’’.
ശ്രമിക്കാം എന്നു മാത്രം പറഞ്ഞ് ഞാനിറങ്ങുമ്പോൾ ടൈറ്റസ് ഇത്രയും കൂടി പറഞ്ഞു. ‘‘എന്നെക്കുറിച്ചെഴുതിയിട്ട് എന്തു കാര്യം. എഴുതാൻ മാത്രം എന്താണു ഞാൻ പറഞ്ഞത്. പുഴയെക്കുറിച്ചും മത്സ്യങ്ങളെക്കുറിച്ചും എന്നേക്കാൾ അറിവുള്ളവർ ഈ നാട്ടിലുണ്ടാവില്ലേ. അവർക്ക് എന്നേക്കാൾ അനുഭവവുമുണ്ടാകും’’.
ഞാൻ ചിരിച്ചുകൊണ്ട് ടൈറ്റസിന്റെ വീടിനു പുറത്തിറങ്ങി. എന്നിട്ട് പറഞ്ഞു. ‘‘എഴുതിനോക്കട്ടെ, എന്നിട്ടു പറയാം’’. എല്ലാം എഴുതിക്കഴിഞ്ഞപ്പോഴാണു മനസിലായത് കരയ്ക്കിരുന്നു നമ്മൾ കണ്ട പുഴയല്ല, ടൈറ്റസ് കണ്ട പുഴ.

<ആ>ടൈറ്റസിന്റെ ‘കൈ’ പതിഞ്ഞ ജീവിതങ്ങൾ

ടൈറ്റസിന്റെ അനുഭവങ്ങളിൽ പുഴയും മത്സ്യങ്ങളും മാത്രമല്ല ഉള്ളത്. നേരിൽ കണ്ട ചില ആത്മഹത്യാ ശ്രമങ്ങളും അത്തരക്കാരെ രക്ഷിച്ച അനുഭവങ്ങളുമുണ്ട്.

‘‘വളപട്ടണം പാലത്തിനടുത്തുനിന്നാണ് ഞങ്ങൾ തോണിയിറക്കാറ്. തോണിയിൽ പോകുമ്പോൾ പാലത്തിലേക്ക് വെറുതെ ഒന്നുനോക്കും. പാലത്തിനു മുകളിൽനിന്നു ചൂണ്ടയിടുന്ന നിരവധി പേരുണ്ടാകും. എന്നാൽ അവയ്ക്കിടയിൽ ആത്മഹത്യ ചെയ്യണമെന്ന് മനസിൽ കണക്കു കൂട്ടി വന്നവരും ഉണ്ടാകും. അവരെ ഒരൊറ്റ നോട്ടത്തിൽ തന്നെ ഞങ്ങൾക്ക് മനസിലാകും. അങ്ങനെ ഒരാളെ ശ്രദ്ധയിൽപ്പെട്ടാൽ ഞങ്ങൾ തോണി പുഴയിൽ ഒതുക്കി നിർത്തും. കുറച്ചു സമയത്തിനുള്ളിൽ അവർ കൃത്യമായി പുഴയിലേക്ക് ചാടും. മിക്കവാറും രാത്രി നേരത്താണ് ഈ ആത്മഹത്യാശ്രമം. പുഴയിൽ വീണ് പ്രാണരക്ഷാർഥം കൈകാലിട്ടടിക്കുന്നവരുടെ അടുത്തേക്ക് തോണി തുഴയും. അടുത്തെത്തിയാൽ മുങ്ങുംമുമ്പ് പിടിച്ചുനിർത്തി അവരോട് വളരെപെട്ടെന്ന് ചില ചോദ്യങ്ങൾ ചോദിക്കും. മിക്കവാറും അതിങ്ങനെയാകും.

‘ചാകാൻ ചാടിയതാണോ’
‘അതെ’
‘രക്ഷപ്പെടണോ, രക്ഷപ്പെടണമെങ്കിൽ
തോണിയിൽ പിടിച്ചോ, ഞാൻ കരയ്ക്കെത്തിക്കാം’..

മിക്കവരും തോണിയിൽ പിടിക്കും. തുഴഞ്ഞ് അവരെ കരയ്ക്കു കയറ്റും. മരിക്കാൻ ചാടിയതാണെന്നു പറഞ്ഞാലും അവരെ ഉപേക്ഷിക്കാൻ മനസ് വരാറില്ല. മരിക്കാൻ തീരുമാനിക്കാനുള്ള കാരണം ചോദിക്കുമ്പോൾ അവരിൽ നിന്നും ലഭിക്കുന്ന ഉത്തരം കേട്ടാൽ ചിരിവരും. അമ്മ ചീത്ത പറഞ്ഞു, അച്ഛൻ തല്ലി, ഭാര്യ മിണ്ടുന്നില്ല ഇങ്ങനെ. പുഴയിൽ വീണവരെ രക്ഷിച്ച് കരയ്ക്കെത്തിച്ച് സലാം പറഞ്ഞു തിരിച്ചുപോകുന്ന പതിവ് എനിക്കില്ല. പങ്കായം പിടിച്ചു തഴമ്പിച്ച കൈ ആഞ്ഞുവീശി മുഖത്തൊരു കൂറ്റൻ അടി കൊടുക്കും’’. എന്തിനാണ് അങ്ങനെ അടിക്കുന്നതെന്ന് ചോദിച്ചപ്പോൾ ടൈറ്റസ് പറഞ്ഞു. ‘‘ഇനി ആത്മഹത്യ ചെയ്യണം എന്നു തോന്നുമ്പോൾ ഈ അടി ഓർമവരും. അപ്പോ ജീവിക്കാൻ തോന്നും’’. ഇങ്ങനെ എത്രയെത്ര ജീവിതങ്ങൾ ടൈറ്റസിന്റെ കൈ പതിഞ്ഞ് ഇന്നും ജീവിക്കുന്നു.

<ആ>ഷിജു ചെറുതാഴം