ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്ഷിച്ചെടുക്കാൻ ഇറങ്ങിത്തിരിച്ച ചെറുപ്പക്കാരൻ എത്തിയത് കഴുതകൾക്കു മുന്നിൽ. ഇപ്പോൾ രണ്ടു ഡസൻ കഴുതകളുമായി തന്റെ ഫാം തുറന്നിരിക്കുകയാണ് യദുകൃഷ്ണൻ എന്ന കണ്ണൂർ സ്വദേശി.
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്.. കഴുതയെന്തോ വില കുറഞ്ഞ ജീവിയാണെന്ന മട്ടിലാണ് ഈ ചൊല്ല്. എന്നാൽ, ആളുകൾ പറയുംപോലെ കഴുത അത്ര നിസാരക്കാരനല്ല എന്നു തെളിയിക്കുകയാണ് തലശേരി ചൊക്ലി ബാലകമലത്തിൽ യദുകൃഷ്ണൻ എന്ന ഇരുപതുകാരൻ. എല്ലാവരും പുച്ഛത്തോടെ വീക്ഷിക്കുന്ന കഴുത യദുവിന്റെ വീട്ടിൽ താരമാണ്.
ഒരു രസത്തിനു കുതിരയെയും ആനയെയുമൊക്കെ വാങ്ങി വളർത്തുന്ന മനുഷ്യരുണ്ട്. എന്നാൽ, യദുകൃഷ്ണൻ വാങ്ങി വളർത്തുന്നത് കഴുതയെയാണ്. അത് ഒന്നും രണ്ടുമല്ല, കൂട്ടത്തോടെതന്നെ വാങ്ങി. രണ്ടു ഡസൻ കഴുതകളെ വീട്ടിലേക്ക് എത്തിച്ച് ഒരു കഴുത ഫാംതന്നെ തുടങ്ങി ഈ ചെറുപ്പക്കാരൻ. മലബാറിലെതന്നെ ആദ്യത്തെ കഴുത ഫാം.
പശുവിനെ വിറ്റ് കഴുത
അച്ഛൻ നടത്തിയിരുന്ന പശു ഫാം നഷ്ടത്തിലായതോടെയാണ് നഷ്ടക്കളി എങ്ങനെ പരിഹരിക്കാമെന്നുള്ള അന്വേഷണം യദുകൃഷ്ണൻ ആരംഭിച്ചത്. വേറിട്ട എന്തെങ്കിലും വഴികളുണ്ടോയെന്ന് അന്വേഷിച്ച് എത്തിച്ചേർന്നത് കഴുതയിലാണ്. കേൾക്കുന്പോൾത്തന്നെ പലർക്കും അതിശയം തോന്നിയേക്കാം. ഈ കഴുതയെക്കൊണ്ട് എന്തു ചെയ്യാൻ..? കഴുതയോട് ആളുകൾക്ക് അത്ര മതിപ്പില്ലെങ്കിലും കഴുതപ്പാൽ അങ്ങനെയല്ലെന്നു യദുകൃഷ്ണൻ തിരിച്ചറിഞ്ഞു.
കഴുതപ്പാൽ ആരോഗ്യത്തിനു നല്ലതാണെന്ന കേട്ടറിവ് സത്യമാണെന്നു ഗൂഗിൾ വഴി നടത്തിയ പഠനത്തിലൂടെയും അന്വേഷണത്തിലൂടെയും ഉറപ്പിച്ചു. മാത്രമല്ല, കഴുതപ്പാലിനു തീ വിലയും. പിന്നീടുള്ള മാസങ്ങൾ കഴുതകളെക്കുറിച്ചുള്ള പഠനത്തിലായിരുന്നു മുഴുവൻ ശ്രദ്ധയും.
എത്രയിനം കഴുതകളുണ്ട്. അവയുടെ പരിപാലനം എങ്ങനെ... എന്തു തീറ്റ നൽകും തുടങ്ങി കഴുത പരിപാലനത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി. ഇക്കാര്യത്തിൽ യൂ ട്യൂബ് ഏറെ സഹായിച്ചു. കഴുതകളെ വളർത്തുന്നവരുടെ വീഡിയോകളും മറ്റും കണ്ട് ഏതാണ്ട് എല്ലാ വിവരങ്ങളും മനസിലാക്കി.
കഴുതകളെത്തേടി
അടുത്ത അന്വേഷണം കഴുതകളെ എവിടെ ലഭിക്കും എന്നതായിരുന്നു. കേരളത്തിൽ അതിനുള്ള സാധ്യതകളില്ല എന്നു തിരിച്ചറിഞ്ഞിരുന്നു. വീണ്ടും യൂ ട്യൂബിന്റെ സഹായം തേടി. തമിഴ്നാട്ടിലും കർണാടകയിലും ആന്ധ്രയിലുമൊക്കെ കഴുതകളെ വളർത്തുന്ന ഫാമുകളുണ്ടെന്ന് മനസിലാക്കി. അങ്ങനെ കഴുതകളെ നേരിട്ടു കാണാനും വില ചോദിക്കാനുമായി ആദ്യം തമിഴ്നാട്ടിലേക്കു പോയി. അച്ഛനും സുഹൃത്തും ഒപ്പമുണ്ടായിരുന്നു.
അടുത്ത ഘട്ടമായി ആന്ധ്രപ്രദേശിലേക്കു പോയി. ഇത്തവണ തനിയെയായിരുന്നു യാത്ര. പിന്നെയും പലേടത്തേക്കും യാത്ര ചെയ്തു. തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽനിന്നായി രണ്ടു ഡസൻ കഴുതകളെ വാങ്ങി. കണ്ടാൽ ഒറ്റ നോട്ടത്തിൽ കുതിരകളാണെന്നു തോന്നുന്ന ഇനം കഴുതകളെയാണ് വാങ്ങിയത്. ഇവ വംശനാശ ഭീഷണിയിലാണ്.
അതിൽനിന്ന് അവയെ രക്ഷിക്കുക എന്ന ലക്ഷ്യംകൂടി ഈ ഇനത്തെ തെരഞ്ഞെടുക്കുന്പോൾ യദുവിന്റെ മനസിലുണ്ടായിരുന്നു. ഇപ്പോൾ യദുവിന്റെ ജീവിതത്തെ പുതിയ വഴിത്തിരിവിൽ എത്തിച്ചിരിക്കുകയാണ് ഈ കഴുതകൾ.
മിറക്കിൾ ഡോങ്കീസ്
അച്ഛന്റെ പശു ഫാമിനോടു ചേർന്നു കഴുതയെ പരിപാലിക്കാൻ ഉതുകുന്ന തരത്തിൽ ഒരു ചെറിയ ഫാം സെറ്റു ചെയ്തു. അങ്ങനെ കഴുതകളെ ചൊക്ലിയിലെത്തിച്ചു. ഫാമിനു പുറത്തു കഴുതപ്പാൽ സുവർണ പാനീയം എന്നൊരു ബോർഡും തൂക്കി. അങ്ങനെ കഴിഞ്ഞ മാസം 24 നാണ് "മിറക്കിൾ ഡോങ്കീസ്'' എന്ന പേരിൽ മലബാറിലെ ആദ്യത്തെ ഡോങ്കി ഫാമിനു തുടക്കം കുറിച്ചത്.
ലക്ഷണമൊത്ത രണ്ടു ഡസൻ കഴുതകളുണ്ട് ഈ ഫാമിൽ. ഹെല്ലേരി, കത്തേവാടി ബ്രീഡുകളാണ് യദുകൃഷ്ണന്റെ ഫാമിലുള്ളത്. കൽപ്പറ്റ മുണ്ടേരി വിഎച്ച്എസ്എസിൽ ലൈഫ് സ്റ്റോക്ക് ഡയറി ഫാമിംഗ് പഠിച്ച ശേഷമാണ് കഴുത വളർത്തലിലേക്കു കടന്നത്.
നഷ്ടത്തിലോടുന്ന അച്ഛൻ ബാഷിന്റെ ഫാമിൽനിന്ന് എട്ട് പശുക്കളെ വിറ്റു കിട്ടിയ പണവും പാനൂർ ബ്ലോക്ക് വ്യവസായ കേന്ദ്രത്തിന്റെ സഹായത്തോടെ ഗ്രാമീൺ ബാങ്കിൽനിന്നു ലഭിച്ച വായ്പയും ഉപയോഗിച്ചാണ് കഴുത ഫാം തുടങ്ങിയത്. അമ്മ ദീപ്തിയും സഹോദരി കൃഷ്ണപ്രിയയും യദുകൃഷ്ണനു സഹായവുമായി എപ്പോഴുമുണ്ട്.
അതീവ ശ്രദ്ധ വേണം
കഴുത വളര്‍ത്തലിലൂടെ വലിയ വരുമാനം നേടാനാവുമെങ്കിലും അവയ്ക്കു ചെലവും വളരെ വലുതാണ്. ഒരു മുന്തിയ ഇനം കഴുതയെ വാങ്ങാൻ 50,000 മുതല്‍ ഒരു ലക്ഷം രൂപ വരെ വേണം. ധാരാളം പാല് ലഭിക്കണമെങ്കില്‍ അവയ്ക്കു നന്നായി പോഷകാഹാരം നല്‍കണം.
കഴുതയ്ക്കു ശരിയായ പരിപാലനം നൽകിയില്ലെങ്കിൽ ചത്തുപോകുമെന്നും അതുകൊണ്ടുതന്നെ പ്രത്യേക ശ്രദ്ധ നൽകണമെന്നും യദുകൃഷ്ണൻ പറയുന്നു. കൈകൾ ഉപയോഗിച്ചാണ് കഴുതയെ കറക്കുന്നത്. ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വിലയുണ്ട്. നാടൻ കഴുതയിൽനിന്ന് ഒരു ദിവസം 300- 500 മില്ലിലിറ്റർ പാൽ മാത്രമേ കിട്ടൂ.
എന്നാൽ, ഹൈ ബ്രീഡ് ഇനങ്ങൾ രണ്ട് ലിറ്റർ പാൽവരെ തരും. എട്ടു മാസം വരെ ഒരു കഴുതയെ കറക്കാം. ഫ്രീസറിൽ പാൽക്കട്ടിയായി അഞ്ചു മാസം വരെ സൂക്ഷിക്കാം. കഴുത വളര്‍ത്തലില്‍ നൂതന ആശയങ്ങള്‍ അവലംബിച്ചാല്‍ കൂടുതല്‍ ലാഭം കൊയ്യാന്‍ സാധിക്കുമെന്നു യദുകൃഷ്ണൻ പറഞ്ഞു. നിലവില്‍ പാല് വിപണനത്തിലാണ് യദുവിന്റെ ശ്രദ്ധ.
സൗന്ദര്യം കൂട്ടാൻ കഴുതപ്പാൽ
കഴുതയെ പൊതുവേ ഭാരം ചുമക്കാൻ വിധിക്കപ്പെട്ട മൃഗമായാണ് എല്ലാവരും കാണുന്നത്. എന്നാല്‍, കഴുതപ്പാലിന്റെ ഔഷധഗുണത്തെപ്പറ്റി ആര്‍ക്കും വലിയ ധാരണയില്ലെന്നതാണ് സത്യം. മുലപ്പാലിനു തുല്യമായ പോഷക മൂല്യങ്ങളും പ്രതിരോധ ശേഷിയും കഴുതപ്പാലിനുണ്ടെന്നാണ് അന്വേഷണത്തിൽ മനസിലായതെന്നു യദു പറയുന്നു.
മാത്രമല്ല നിരവധി സൗന്ദര്യ വര്‍ധക വസ്തുക്കളിലെയും പ്രധാന ചേരുവയാണ് കഴുതപ്പാല്. പ്രോട്ടീന്‍ സമ്പുഷ്ടമായ കഴുതപ്പാല് കുടിക്കുന്നതു ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. തമിഴ്നാ ട്ടിലും മറ്റും കഴുതകളെയുമായി വീട്ടിലെത്തി കറന്നു പാൽ നൽകുന്ന ആളുകളുണ്ട്. ഈ ഗുണങ്ങൾ മനസിലാക്കി കഴുത വളർത്തൽ ആരംഭിച്ചിട്ട് ഒരു മാസം പിന്നിട്ടപ്പോഴേക്കും കഴുതപ്പാൽ വാങ്ങാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ എത്തുന്നുണ്ടെന്നു യദുകൃഷ്ണൻ പറയുന്നു.
ചോളത്തണ്ട്, ചോളം പൊടി, പച്ചപ്പുല്ല് , ഉണക്കപ്പുല്ല് എന്നിവയാണ് കഴുതകൾക്കു തീറ്റ. ഫ്രീസ് ചെയ്ത പാൽ തിരുനെൽവേലിയിലെ ഒരു വൻകിട ഫാമിൽനിന്നു വാഹനം വന്നാണ് ശേഖരിക്കുന്നത്. ആന്ധ്രയിൽനിന്നുള്ള മറ്റൊരു ഫാമിൽനിന്ന് പാൽക്കട്ടിക്ക് ഓർഡർ ലഭിച്ചിട്ടുണ്ട്.
12 മാസം ഗർഭകാലം
ഒരു വർഷത്തിലേറെ നീളുന്നതാണ് കഴുതയുടെ ഗർഭകാലം. ഒറ്റ പ്രസവത്തിൽ സാധാരണ ഒരു കുഞ്ഞിനു മാത്രമേ ജന്മം നൽകാറുള്ളൂ. എന്നാൽ, അപൂർവമായി ഇരട്ടക്കുട്ടികളും ഉണ്ടാകാറുണ്ട്. എന്നാൽ, ഇരട്ടക്കുട്ടികളായാൽ അമ്മയെയും കുഞ്ഞുങ്ങളെയും ആരോഗ്യത്തോടെ കിട്ടുന്നതും അപൂർവമാണ്.
ജനിച്ചുവീഴുന്ന ഒരു കഴുതക്കുട്ടിക്ക് ഏകദേശം 8.6 മുതൽ 13.6 കിലോഗ്രാം വരെ തൂക്കമുണ്ടാകും. കഴുതക്കുഞ്ഞുങ്ങൾക്കു ജനിച്ച് 30 മിനിറ്റിനു ശേഷം നിൽക്കാനും പാലു കുടിക്കാനും കഴിയും. കുഞ്ഞുങ്ങളെ ഒരു മാസമെങ്കിലും അമ്മയുടെ പാൽ കുടിപ്പിച്ചില്ലെങ്കിൽ അവയുടെ അതിജീവന സാധ്യത മങ്ങും. ഏകദേശം അഞ്ചു മാസം വരെ കുഞ്ഞുങ്ങളെ പാൽ കുടിപ്പിക്കുന്നതാണ് നല്ലത്.
കഴുതപ്പാൽ വാങ്ങാൻ വരുന്നവരേക്കാൾ ഇപ്പോൾ ഇവയെ കാണാനെത്തുന്നവരാണ് കൂടുതൽ. വീട്ടിലെ ചെടികൾക്കു കഴുതയുടെ ചാണകം വളമായി ഉപയോഗിക്കാറുണ്ട്. ചാണകംകൊണ്ട് സാമ്പ്രാണിത്തിരി ഉണ്ടാക്കാമെന്നു കേട്ടിട്ടുണ്ട്. അതിനെക്കുറിച്ചു ശാസ്ത്രീയമായി പഠിക്കുമെന്നും ലാഭകരമായാൽ നടപ്പാക്കുമെന്നും യദു പറഞ്ഞു.
ഇഷ്ടം പച്ചപ്പുല്ല്
പച്ചപ്പുല്ലാണ് കഴുതകളുടെ ഇഷ്ടഭക്ഷണം. പിന്നെ ഗോതമ്പ് തവിടിനോടും അരിത്തവിടിനോടും ചോളത്തവിടിനോടുമെല്ലാം ഇവയ്ക്കു പ്രിയം കൂടുതലാണ്. വയലുകളിൽനിന്നുമാണ് ഇവയ്ക്ക് ആവശ്യത്തിനുള്ള പച്ചപ്പുല്ല് ശേഖരിക്കുന്നത്. പുല്ലു തിന്നാനായി ഫാമിൽ കല്ലുകൾകൊണ്ട് പ്രത്യേക സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. പച്ചപ്പുല്ല് എത്രവേണമെങ്കിലും കഴിക്കുമെങ്കിലും വിവിധ തവിടുകൾ മാറിമാറി നൽകണം. ഒരു ദിവസം കഴിച്ചതിന്റെ ബാക്കി പിറ്റേന്നു കഴിക്കില്ല. ധാരാളം വെള്ളവും നൽകണം.
മുഴുവൻ സമയങ്ങളിലും അഴിച്ചു വിട്ടാണ് വളർത്താറെങ്കിലും കറക്കുമ്പോൾ കെട്ടിയിടാറുണ്ട്. സാധാരണ കഴുതകൾ അക്രമകാരികളാണെങ്കിലും തന്റെ ഫാമിലെ കഴുതകൾ പരസ്പരം പോരടിക്കുന്നത് കുറവാണെന്നു യദുകൃഷ്ണൻ പറഞ്ഞു. ഭക്ഷണം കഴിക്കുന്പോൾ ശല്യപ്പെടുത്തിയാൽ അവ ഇടയും. ഇടഞ്ഞുനിൽക്കുന്ന സമയം അവയെ പ്രകോപിക്കുന്നതു നല്ലതല്ല. അങ്ങനെ ചെയ്താൽ അവ കൂടുതൽ അക്രമകാരികളാകും. തൊട്ടും തലോടിയും കഴുതയെ മെരുക്കിയെടുക്കാം.
കഴുതകൾക്ക് എന്തെങ്കിലും രോഗം വന്നാൽ പെട്ടെന്നു തിരിച്ചറിയാൻ കഴിയില്ല. വയറുവേദനയും ടിബിയുമാണ് പ്രധാന രോഗങ്ങൾ. ഭക്ഷണത്തിലുള്ള മാറ്റങ്ങൾ കാരണമാണ് വയറുവേദന വരുന്നത്. അടുത്തുള്ള മൃഗാശുപത്രിയിലെ ഡോക്ടറെ കാണിച്ചു മരുന്നു വാങ്ങും. ക്ഷമയും ശ്രദ്ധയും പുലർത്താൻ കഴിഞ്ഞാൽ വലിയ സാധ്യതകളുള്ള മേഖലയാണ് കഴുത വളർത്തൽ എന്നു യദു പറയുന്നു. നന്നായി പഠിച്ചിട്ട് ഇറങ്ങിയാൽ മലയാളിക്ക് ഒരു കൈ നോക്കാൻ കഴിയുന്ന ഒരു സംരംഭം.
അനുമോൾ ജോയ്