ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ചേന്പും ചമ്മന്തിയും മത്തി പൊരിച്ചതും ചെമ്മീൻ തീയലുമൊക്കെ ചോദിച്ചു വാങ്ങി കഴിക്കുന്നു! പിന്നിൽ ഒരു മലയാളി ഷെഫിന്റെ കൈപ്പുണ്യം, മാവേലിക്കരക്കാരൻ ജോമോൻ കുര്യാക്കോസ്... ചില പൊടിക്കൈകൾ പ്രയോഗിച്ചാണ് അദ്ദേഹം നാടൻ കേരള വിഭവങ്ങൾ ലണ്ടനിൽ ഹിറ്റാക്കി മാറ്റുന്നത്...
ഇത്തിരി കപ്പ കിട്ടിയിരുന്നെങ്കിൽ? ഒരല്പം ചമ്മന്തികൂട്ടി ചോറുണ്ടിട്ട് എത്ര കാലമായി? മീൻകറിയെന്നു കേൾക്കുന്പോൾത്തന്നെ നാവിൽ വെള്ളംവരുന്നു, ചേന്പ് പുഴുങ്ങിയതിന്റെ രുചി ഒന്നു വേറെ തന്നെ... ജോലിക്കും പഠനത്തിനുമൊക്കെയായി മറുനാടുകളിലേക്ക്, പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങളിലേക്കു പോയവരിൽ പലർക്കും പലപ്പോഴും തോന്നിയിട്ടുള്ള കാര്യങ്ങളാണ് ഇതൊക്കെ.
ഇതിൽ ചിലതൊക്കെ ആ രാജ്യങ്ങളിലും വാങ്ങാൻ കിട്ടുമെങ്കിലും കൂടിയ വിലയും ഉണ്ടാക്കാനുള്ള സാഹചര്യങ്ങളുമൊക്കെ ചിന്തിക്കുന്പോൾ ഇതൊക്കെ സ്വപ്നം കണ്ടു ദിവസങ്ങൾ തള്ളിനീക്കുന്നവരായിരിക്കാം പലരും. എന്നാൽ, ഇവിടൊരു മലയാളി പാചകകലയുമായി ലണ്ടനിലേക്കു പറന്നു, അവിടത്തെ സ്റ്റാർ ഹോട്ടലിൽ ഷെഫ് ജോലിയും നേടി. ഇപ്പോൾ കേരളത്തിന്റെ തനി നാടൻ വിഭവങ്ങളെ മലയാളികൾക്കു മാത്രമല്ല സായിപ്പൻമാർക്കും മദാമ്മമാർക്കും ഇഷ്ടവിഭവമാക്കി പാചകത്തിന്റെ മാജിക് കാണിച്ചുതരികയാണ് അദ്ദേഹം.
നമ്മുടെ തനി നാടൻ വിഭവങ്ങളിൽ ചെറിയ ചില മിനുക്കുപണികൾ നടത്തിയാണ് അദ്ദേഹം വിദേശികളുടെയും പ്രിയവിഭവങ്ങളാക്കി മാറ്റിയിരിക്കുന്നത്. ലണ്ടനിലെ മലയാളി ഷെഫ് ജോമോൻ കുര്യാക്കോസ് വിളന്പുന്ന ലണ്ടനിലെ മല്ലു വിഭവങ്ങളിലേക്കു സ്വാഗതം.
ലണ്ടൻ നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന The Lalit London എന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ഹെഡ് ഷെഫ് മാവേലിക്കരക്കാരൻ ജോമോൻ കുര്യാക്കോസ് ആണ് കേരളത്തിന്റെ തനി നാടൻ വിഭവങ്ങളെ ഇംഗ്ലീഷുകാരുടെ പഞ്ചനക്ഷത്ര ഹോട്ടലിലെ ഹോട്ട് വിഭവമാക്കി മാറ്റിയിരിക്കുന്നത്. ജോമോനെ പരിചയപ്പെട്ടാൽ അവിയലും എരിശേരിയും പുളിശേരിയും പച്ചടിയും പുളിയിഞ്ചിയും കാളനും ഓലനും മെഴുക്കുപുരട്ടിയുമൊക്കെ ശരിക്കുമെങ്ങനെ പാകം ചെയ്യണമെന്നറിയാൻ ലണ്ടനിൽ പോകേണ്ടിവരുമെന്നു പോലും തോന്നിയേക്കാം...
ഫിഷ്മോളിയുടെ കഥ!
നമ്മുടെ തനതായ വിവഭവങ്ങൾ മറ്റുള്ളവർകൂടി ആസ്വദിക്കണമെങ്കിൽ അവയിൽ ലളിതമായ ചില മാറ്റങ്ങൾ മാത്രം വരുത്തിയാൽ മതിയെന്നു ജോമോൻ പറയുന്നു. മലയാളികൾ പൊതുവേ എരിവ് കഴിച്ചു ശീലിച്ചവരാണ്. എന്നാൽ, വിദേശികൾക്കു മാത്രമല്ല, രാജ്യത്തെ മറ്റു സംസ്ഥാനക്കാർക്കു പോലും നാം കറികളിൽ ചേർക്കുന്ന എരിവിനു മുന്നിൽ പിടിച്ചുനിൽക്കാനാവില്ല. ഇതു വ്യക്തമാക്കുന്ന ഒരു കഥയുണ്ട്. തേങ്ങാപ്പാലിൽ തയാറാക്കുന്ന ഫിഷ് മോളി ലോകപ്രശസ്തമാണ്.
നമ്മുടെ സ്വന്തം മീൻ സ്പെഷ്യൽ ആണത്. പോർച്ചുഗീസുകാർ പണ്ട് കേരളത്തിൽ വന്നപ്പോൾ, ആതിഥ്യമര്യാദയ്ക്കു പിന്നിലല്ലാത്ത നമ്മൾ വിളമ്പിക്കൊടുത്ത മീൻ കറിയിലെ എരിവ് അവർക്കു സഹിക്കാനായില്ല. തൊണ്ടയിൽ തീപിടിച്ചു വിദേശ അതിഥികൾ പിടയുന്നതു കാണാനിടയായ നാട്ടുകാരി മോളി ഓടിയെത്തി മീൻ കറിയിൽ തേങ്ങാപ്പാൽ പിഴിഞ്ഞൊഴിച്ച് ഉടനടി എരിവ് കുറച്ചത്രേ.
മോളിയുടെ പരീക്ഷണം അന്നു മുതൽ "ഫിഷ് മോളി' എന്ന് അറിയപ്പെടാൻ തുടങ്ങി! കൈപ്പുണ്യമുള്ള മോളിച്ചേച്ചിയിൽനിന്നു ഞാനൊരു പോയിന്റ് കടമെടുത്തു. മീനിൽ മാത്രമല്ല, എല്ലാ റെസിപീകളിലും എരിവ് കുറച്ചു. മിതമായി മുളകു ചേർത്ത നമ്മുടെ ഐറ്റംസ് ബ്രിട്ടീഷുകാർക്കു ഹൃദ്യമായി മാറിയത്, ചേരുവകളിൽ വലിയ മാറ്റങ്ങൾ വരുത്താൻ എനിക്കു പ്രചോദനമായി.
മുള്ളിനെ പേടിച്ച സായിപ്പ്
എരിവ് കുറച്ചതോടെ മീൻകറികളും ഫ്രൈകളും വെള്ളക്കാർ ധാരാളം കഴിച്ചുതുടങ്ങി. ആയിടയ്ക്കാണ് ഡിന്നറിനെത്തിയ സായിപ്പു ദമ്പതികൾ മത്തി പൊരിച്ചത് വളരെ ഇഷ്ടപ്പെട്ടെന്നറിയിച്ചത്. എന്നാൽ, മത്തിയുടെ മുള്ള് കടിച്ചു തിന്നുമ്പോൾ ഭയം തോന്നുന്നതായി അവർ ആവലാതിപ്പെട്ടു. മുള്ളന്റെ മുള്ളു പോലും കറുമുറാ ചവച്ചിറക്കുന്ന മലയാളികൾക്കു മത്തിയുടെ മൊരിഞ്ഞ മുള്ള് ഒരു ഭീഷണിയേയല്ല.
പക്ഷേ, ലണ്ടനിലെ ഒരു പ്രശസ്ത ഹോട്ടലിൽ ബ്രിട്ടീഷുകാരുടെ താത്പര്യങ്ങൾക്കല്ലേ പ്രസക്തി. ഫ്രൈ അപ്പ്സും പൈ ആൻഡ് മാഷും റോസ്റ്റ് ഡിന്നറും കഴിച്ചു വഴക്കമുള്ളവർക്കല്ലേ നമ്മുടെ നാടൻ സാധനങ്ങൾ വിളമ്പുന്നത്! മീൻമുള്ള് ആഹാര ആഗോളവത്കരണത്തിനു വിലങ്ങുതടിയാകരുതല്ലോ. മീൻ വെട്ടിന്റെ ബാലപാഠം എന്നെ പഠിപ്പിച്ച കാരണവന്മാരെ ഓർത്തുകൊണ്ട്, മീനിന് അത്ര പരിക്കില്ലാത്ത രീതിയിൽ അവയുടെ മുള്ളുകൾ ഞാൻ മുറിച്ചുനീക്കി.
കോട്ടിട്ട മത്തി!
മുള്ളില്ലാതെ മുറിച്ചെടുത്ത മത്തികൊണ്ട് പുത്തൻ ഒരു ഐറ്റം എന്തുകൊണ്ടു തയാറാക്കിക്കൂടാ എന്നു ചിന്തിച്ചു. വെളിച്ചെണ്ണയിൽ മുളകുപൊടിയും മഞ്ഞൾപ്പൊടിയും വെളുത്തുള്ളിയും അരച്ചു പേസ്റ്റാക്കി, അതിൽ കറിവേപ്പില അരിഞ്ഞതും നാരങ്ങാനീരും കല്ലുപ്പും ചേർത്തു മാരിനേറ്റ് ചെയ്തു വാഴയിലയിൽ അടുക്കിവച്ചു മൊരിച്ചെടുത്തു.
കൂടെ അല്പം ചമ്മന്തിപ്പൊടിയും പർപ്പിൾ പൊട്ടറ്റോ സ്റ്റിർ-ഫ്രൈ ആക്കിയതും! പിറന്നു വീണതോ, Sardine Fillet Grilled on Banana Leaves! (വാഴയിലയിൽ പൊരിച്ച മത്തിയെന്നു മലയാളം). പേരിലും വേണ്ടേ ഒരു പുതുമ! മെനു കാർഡിൽ പുതിയതായി പ്രത്യക്ഷപ്പെട്ട സാധനം വെള്ളക്കാരുടെ ഒരു ദൗർബല്യമായി മാറിയത് ഹോട്ടൽ മാനേജ്മെന്റിനെപ്പോലും അദ്ഭുതപ്പെടുത്തി.
ഒരു കിണ്ണം ചോറുണ്ണാൻ അമ്മച്ചി എനിക്കു പതിവായി ഉണ്ടാക്കിത്തന്നിരുന്ന ചാള പൊരിച്ചതു തന്നെയാണിതെന്ന് തിരിച്ചറിയാൻ ആർക്കും കഴിയാതെയായി! പേരും പരിവേഷവും പരിവർത്തനങ്ങൾക്കു വിധേയമായില്ലേ! "ഇന്റർകാണ്ടിനെന്റൽ' എന്ന വിശേഷണം ഒരുപക്ഷേ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടിട്ടുള്ളത് "ഫുഡ്' എന്ന പദത്തോടൊപ്പമായിരിക്കും.
കപ്പയും മീൻകറിയും
സാർഡീൻ ഫില്ലെറ്റിന്റെ വിജയത്തിനു ശേഷം, നമ്മുടെ മറ്റൊരു ജനകീയ ഭക്ഷണമായ കപ്പയും മീൻകറിയും പഞ്ചനക്ഷത്ര തീൻമേശയിൽ കയറ്റണമെന്നു മോഹമായി. ബ്രസീലുകാരൻ മരച്ചീനി ഇംഗ്ലണ്ടിലത്ര പ്രസിദ്ധനല്ല. പക്ഷേ, അതിന്റെ പ്രത്യേക സ്വാദ് എല്ലാവർക്കും ഇഷ്ടപ്പെടുമെന്നു ഞാൻ തിരിച്ചറിഞ്ഞിരുന്നു.
ചേരുവകളിൽ അല്പം വ്യത്യാസം വരുത്തി, കാഴ്ചയിൽ മനോഹാരിത കൂട്ടി കപ്പയെ അവതരിപ്പിച്ചു. വലിയ തരം മീനുകളുടെ മുള്ളുകളില്ലാത്ത കഷണങ്ങൾ ചേർത്തുള്ള കറിയാണ് കപ്പയ്ക്കു കൂടെ നൽകുന്നത്. കപ്പയും മീൻകറിയും എന്ന നാമധേയം പഴഞ്ചനല്ലേ! അതുകൊണ്ട് "Cassava Mash with Seared Red Mullet' എന്നു പേരിട്ടതോടെ വെള്ളക്കാർക്കു മാത്രമല്ല, ഹോട്ടലിലെത്തുന്ന ഇന്ത്യൻ അതിഥികൾക്കും സംഭവം ഇഷ്ടപ്പെട്ടു.
ചേമ്പും ചമ്മന്തിയും
ചില ചേമ്പുകളുടെ കിഴങ്ങും മുളകളും പുഴുങ്ങിയെടുത്താൽ വെണ്ണ പോലെയിരിക്കും. മെനുവിനാവശ്യമായ പച്ചക്കറികൾ കിച്ചൺ സ്റ്റോറിലെത്തിയാൽ അവയുടെ അവസ്ഥയും നിലവാരവും പരിശോധിക്കും. പുഴുക്കിന് യോജ്യമാണ് ചേമ്പെങ്കിൽ, അന്നു മെനുവിൽ Colocasia and Chutney പ്രത്യക്ഷപ്പെടും. ചമ്മന്തിക്കു വേണ്ട തേങ്ങയും പച്ചമാങ്ങയും വേപ്പിലയും ഫ്രഷ് തന്നെ വേണം. നാടൻ പച്ചക്കറികൾ ഇംഗ്ലണ്ടിൽ കൃഷി ചെയ്യുന്നില്ല.
അതിനാൽ, മത്തി പൊരിക്കാനുള്ള വാഴയില മുതൽ അവിയലിനാവശ്യമായ മുരിങ്ങക്കയും നേന്ത്രക്കായും പച്ചപ്പയറും വരെയുള്ളവ കേരളത്തിൽനിന്ന് എത്തണം. പൊടിയുള്ള മത്തനും രുചിയുള്ള പയറും ഉണ്ടെങ്കിലേ എരിശേരി മെനുവിലെത്തൂ. ഓലന് ഒന്നാം തരം കുമ്പളങ്ങയും ധാരാളം പാലുള്ള നാളികേരവും വേണം. കാർഗോയിൽ താമസം നേരിട്ടാൽ, അവിയലിന്റെയും ഓലന്റെയും എരിശേരിയുടെയും "സ്റ്റാർ വാല്യു' കുറയും!
കൊഞ്ച് തീയൽ
ഒടുവിൽ മെനുവിലെത്തിച്ച ഐറ്റമാണ് കൊഞ്ച് തീയൽ. അതിവിടെ വളരെ പെട്ടെന്ന് ഹിറ്റായി. കുഞ്ഞുന്നാളിൽ എന്നെ വല്ലാതെ ആകർഷിച്ച സാധനം ലണ്ടനിലൊന്നു ട്രൈ ചെയ്യാൻ തീരുമാനിച്ചത്, അമ്മച്ചി ഉണ്ടാക്കി തന്നിരുന്നതിന്റെ രുചി ഇപ്പോഴും നാവിലുള്ളതിനാലാണ്. പിന്നെ താമസിച്ചില്ല, അമ്മച്ചിയോടു വോയ്സ് അയച്ചു തരാൻ പറഞ്ഞു.
മൂന്നാം നാൾ Char-grilled Lobster മെനുവിലെത്തി! റെസിപീയിൽ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ലാതെതന്നെ നമ്മുടെ തീയൽ യൂറോപ്പിലേക്കു പറിച്ചുനട്ടു. തൊട്ടുകൂട്ടാൻ ഈന്തപ്പഴം അച്ചാർ നൽകുന്നു. ഒരൊറ്റ വലിയ കൊഞ്ചാണ് പ്ലേറ്റിൽ ഉണ്ടാകുക. വില 30 ബ്രിട്ടീഷ് പൗണ്ട്! മുപ്പതു ബ്രിട്ടീഷ് പൗണ്ടെന്നാൽ ഇന്ത്യയിൽ മൂവായിരത്തിലേറെ രൂപ. റോയൽറ്റി നൽകേണ്ടത് പ്രിയ അമ്മച്ചിക്ക്!
കട്ട്ലറി ഒരു കൂടിയ കാര്യം
ആഹാര സാധനങ്ങൾ രൂപപ്പെടുത്താനും മുറിച്ചോ കോരിയെടുത്തോ കഴിക്കാനുമാണ് പാശ്ചാത്യർ ഫോർക്ക്, കത്തി, സ്പൂൺ മുതലായ കട്ട്ലറി ഉപയോഗിക്കുന്നത്. പരമ്പരാഗതമായി അവരുടെ ഭക്ഷണങ്ങളും ഭക്ഷ്യരീതിയും കട്ട്ലറിയോടു ബന്ധപ്പെട്ടതാണ്. ഭോജന സഹായ സാമഗ്രികൾ ഉപയോഗിക്കാതെയുള്ള ഭോജ്യരീതി നിലവാരം കുറഞ്ഞതെന്നുള്ള പൊതുധാരണയും ചിലപ്പോൾ പാശ്ചാത്യരെ മാതൃകയായി നാം കരുതുന്നതു കൊണ്ടാകാം.
എന്നാൽ, പൊരിച്ച മീനോ കറിയിലെ മീനോ നുള്ളിയെടുത്തു കഴിക്കാനോ പുട്ട് പഴം ചേർത്തു കുഴയ്ക്കാനോ നമുക്കു വിരലുകൾ നേരിട്ട് ഉപയോഗിക്കേണ്ടേ? മീൻ നുള്ളിയെടുത്താണ് കഴിക്കുന്നതെങ്കിൽ, അതിന്റെ മുള്ള് ഒരു ഭീഷണിയാകുന്നില്ലല്ലോ. നമ്മുടെ ഭക്ഷണസാധനങ്ങൾ പാശ്ചാത്യർക്കു നൽകുമ്പോൾ നേരിടേണ്ടി വരുന്ന വലിയ പ്രശ്നവുമിതാണ്. പറ്റുന്നത്ര കട്ട്ലറി ഉപയോഗിച്ചു കഴിക്കാൻ കഴിയുന്ന രൂപത്തിലാക്കിയാണ് വെള്ളക്കാരുടെ മുന്നിൽ നമ്മുടെ ഐറ്റംസ് എത്തിക്കുന്നത്.
കൊള്ളാമല്ലോ ഇംഗ്ലീഷ്!
മലയാളം തന്നെ തപ്പിത്തടഞ്ഞാണ് കുഞ്ഞുനാളിൽ പറഞ്ഞിരുന്നത്. നാട്ടിൻപുറത്തെ മലയാളം മീഡിയം സ്കൂളിൽ പഠിച്ചുവളർന്ന എനിക്ക് ഇംഗ്ലീഷായിരുന്നു ഏറ്റവും വലിയ ഭീഷണി. മാവേലിക്കരയിലെ ബിഷപ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂൾ (BHHSS) അധ്യാപകൻ ഡേവിഡ് ജേക്കബ് സാറിന് അതു നന്നായി അറിയാമായിരുന്നു.
ലണ്ടനിലെ ഒരു തണുത്ത പ്രഭാതത്തിൽ, അദ്ദേഹം ഈയിടെ ഫോണിൽ വിളിച്ച്, “ജോമോനേ, കൊള്ളാമല്ലൊ നിന്റെ ഇഗ്ലീഷ്” എന്ന് ആഹ്ലാദത്തോടെ പറഞ്ഞപ്പോൾ മനസുനിറഞ്ഞു! BBC പ്രക്ഷേപണം ചെയ്ത "Celebrity Master Chef ' പരിപാടി അദ്ദേഹം തലേന്നു രാത്രി കണ്ടിരുന്നത്രെ! ഇരുപതു വിദഗ്ധരുടെയും മൂന്നു കാമറകളുടെയും മുന്നിൽ, ഡിജിടെക് എൽഇഡി ലൈറ്റുകളുടെ കണ്ണഞ്ചിക്കുന്ന പ്രകാശത്തിൽ, ഷെഫ് കോട്ട് ധരിച്ചു ഷൂട്ടിന് നിന്നപ്പോൾ എനിക്കിത്രയും നന്നായി ആംഗലേയം പറയാനായോ, അറിയില്ല.
2021ൽ ദേശീയ പുരസ്കാരം
ബ്രിട്ടനിലെ ഏറ്റവും വലിയ കുക്കറി ആൻഡ് ഫുഡ് അസോസിയേഷനിൽനിന്ന്, കഴിഞ്ഞ വർഷത്തെ നാഷണൽ ഷെഫ് പുരസ്കാരം ജോമോനെ തേടിയെത്തി. കേരള ട്രെഡീഷണൽ ഐറ്റംസും വാഴയിലയിൽ പൊള്ളിച്ച മീനും നിരവധി രുചിവിദഗ്ധർ (Gourmets) മാറ്റുനോക്കിയാണ് മികച്ച ദേശീയതല ഷെഫ് പദവിയിലേക്കു തെരഞ്ഞെടുത്തത്. പ്രശസ്തരായ അനേകം ഷെഫുമാർ മത്സരത്തിൽ പങ്കെടുത്തിരുന്നു.
1965ൽ സ്ഥാപിതമായ Craft Guild of Chefs എന്ന സംഘടന നൽകുന്ന വാർഷിക അംഗീകാരമാണിത്. 2019ൽ, ‘ബ്രിട്ടീഷ് മലയാളി' പുരസ്കാരത്തിനായി (News Person of the Year) തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഗായകൻ ജി.വേണുഗോപാൽ നാട്ടിൽനിന്നെത്തി ശില്പം സമ്മാനിച്ചു. ബ്രിട്ടനിൽ ഏറ്റവും സ്വാധീനം ചെലുത്തിയ 100 മലയാളികളിൽ ഒരാളായി തെരഞ്ഞെടുത്തു, പൊന്നാട അണിയിക്കപ്പെട്ടത് മറ്റൊരു അഭിമാന നിമിഷം. പഠിക്കാൻ ആശിച്ച കോളജുകളിൽ, പാചകം പഠിപ്പിക്കാൻ ഗസ്റ്റ് ലക്ചററായി പോകാൻ കഴിഞ്ഞത് ഭാഗ്യമല്ലാതെ മറ്റെന്താണ്!
അപ്രതീക്ഷിതം
ഹോട്ടൽ മാനേജ്മെന്റിൽ ഡിഗ്രി കഴിഞ്ഞതിനു ശേഷം, ഒരു സ്റ്റുഡന്റ് വീസയെടുത്ത് 2008ൽ ലണ്ടനിലെ ഹിത്രോ എയർപോർട്ടിൽ വിമാനമിറങ്ങിയപ്പോൾ, ഇത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പാചകമേഖലയിൽ താത്പര്യം കാണിച്ചപ്പോൾ, എന്നെ പഠിപ്പിച്ചു വലുതാക്കിയത് കുശിനിക്കാരനാക്കാനല്ലെന്നു നിരൂപിച്ച അപ്പച്ചനോട് ഞാൻ നീതി പുലർത്തിയില്ലേ?
സമൂഹത്തിൽ മാന്യസ്ഥാനമുള്ള പി.സി. കുര്യാക്കോസിനു തന്റെ പുത്രനാൽ സത്പേര് മാത്രമേ വരാവൂ! പഠിപ്പിനേക്കാൾ മകന് താൽപര്യം തീറ്റയിലാണെന്ന്, അധ്യാപകൻ സുനിൽ ഡി. കുരുവിളയോട് പരാതിപ്പെട്ടപ്പോൾ, "അവന്റെ തീറ്റപ്രേമം അവന്റെ ജീവിത മാർഗമാവട്ടെ''യെന്നാണ് അദ്ദേഹം അമ്മച്ചിക്കു മറുപടികൊടുത്തത്. മറക്കാനാകുമോ സുനിൽ സാറിനെയും എല്ലാ "കുറുമ്പി'നും ഒപ്പം നിന്ന അനിയൻ ജിജോമോനെയും!
അരിഞ്ഞു ചേർക്കാം
സെലിൻ ചേച്ചിയെ അയൽക്കാർക്കെല്ലാം ഇഷ്ടമാണ്. കാരണം, ലളിതം. ജോമോന്റെയും ജിജോമോന്റെയും ഈ അമ്മച്ചി പറയുന്നതിലെയും പ്രവർത്തിക്കുന്നതിലെയും പ്രധാന ചേരുവ സ്നേഹമാണ്! നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുകയെന്നതാണ് അമ്മച്ചിയുടെ വേദവാക്യം! “ജോമോനേ, ലാഭക്കണക്ക് നീ പാചകത്തിൽ ചേർക്കരുത്. നീ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാനെത്തുന്നത് നിന്റെ ബന്ധുക്കളും സ്നേഹിതരും സ്നേഹിതരാകാൻ പോകുന്നവരുമാണെന്ന് എപ്പോഴും ഓർക്കണം.
ആയതിനാൽ, പാചകം ചെയ്യുമ്പോൾ അതിൽ അല്പം സ്നേഹം കൂടി നീ അരിഞ്ഞു ചേർക്കണം!” അമ്മച്ചി ഇടയ്ക്കിടെ ഓർമപ്പെടുത്താറുണ്ട്. ഹോട്ടലിലെ മാത്രമല്ല, Jo's Nest എന്ന ഞങ്ങളുടെ ഭവനത്തിലും ഹെഡ് ഷെഫ് ഞാൻ തന്നെയാണെന്നതിനാൽ അമ്മച്ചിയുടെ മാർഗനിർദേശം എന്നും മനസിലുണ്ട്. പത്നി ലിൻജോ, മക്കളായ ജോവിയാൻ, ജോഷേൽ, ജോഷ്ലീൻ എന്നിവർ ഉൾപ്പെട്ടതാണ് എന്റെ കിളിക്കൂട്. കിച്ചൺ ബാലൻസിൽ വച്ചു തൂക്കി നോക്കാതെ ഓരോ ഐറ്റത്തിലും സ്നേഹം ചേർത്തുകൊണ്ട് ജോമോൻ വീണ്ടും അടുക്കളയിലേക്ക്.
വിജയ് സിയെച്ച്