പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ ഭൂമികയ്ക്ക് അവരന്നൊരു പേരിട്ടു. മൗണ്ടൻ ഓഫ് മേഴ്സി. കാരുണ്യത്തിന്റെ കുന്ന്. അവിടെയെത്തുന്നവർ സാക്ഷ്യപ്പെടുത്തും - തികച്ചും ഉചിതമായ പേര്.
എട്ടു വർഷം മുന്പു പിറന്ന, തൃശൂരിനടുത്ത പല്ലിശേരിയിലെ ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രി ചരിത്രം സൃഷ്ടിക്കുകയാണ് - സാന്ത്വനപരിചരണത്തിൽ, സൗജന്യചികിത്സയിൽ, എമർജൻസി മെഡിക്കൽ സംവിധാനങ്ങളിൽ... ഇന്ത്യയിൽതന്നെ ഇത്തരമൊരു പ്രസ്ഥാനം ഇതാദ്യം.
രോഗാവസ്ഥ നേരത്തേ തിരിച്ചറിയുന്ന ഏർളി മെഡിക്കൽ ഡിറ്റക്ഷൻ പ്രോഗ്രാമുകളിലൂടെയും മിതമായ നിരക്കിൽ ലാബ് പരിശോധനകൾ ഒരുക്കിയും കന്പനിവിലയിലുള്ള മരുന്നുവിതരണത്തിലൂടെയും കാരുണ്യമേഖലകൾ വിസ്തൃതമാക്കി മുന്നേറുകയാണ് ആശുപത്രി കോ ഫൗണ്ടറും സിഇഒയുമായ ഫാ. ജോയ് കൂത്തൂരും കോ ഫൗണ്ടറും മദർ ജനറലുമായ സിസ്റ്റർ മരിയ ക്യാര കള്ളിയത്തുപറന്പിലിന്റെ നേതൃത്വത്തിലുള്ള ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റ് ക്ലെയർ അംഗങ്ങളും.
ചീഫ് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റൊസാൽബയുടെ കീഴിൽ, മനസിൽ സ്നേഹമന്ത്രവുമായി സദാ സേവനസന്നദ്ധരായ ഇരുനൂറിലേറെ ജീവനക്കാരും ഒപ്പമുണ്ട്. വാർധക്യം ആഹ്ലാദകരമാക്കാൻ, തീർത്തും വ്യത്യസ്തമായ ദേവദേയം എൽഡർ വില്ലേജിന്റെ സ്ഥാപനവും ശാന്തിഭവൻ ഒരുക്കിയ വേറിട്ട സൗഭാഗ്യം.
ദേവദേയം എന്ന സംസ്കൃതവാക്കിനർഥം ദൈവം നൽകിയത് എന്നാണ്. കരുണയും കരുതലും സ്നേഹവും നിറഞ്ഞ സുമനസുകൾ ശാന്തിഭവനിലൂടെ കേരളത്തിനു പകർന്നുനൽകുന്നതും തികച്ചും ദൈവികമായ അനുഗ്രഹമഴ തന്നെ.
നോ ബിൽ ഹോസ്പിറ്റൽ
ഏതു സേവനവും കിട്ടുന്നൊരാശുപത്രി. പക്ഷേ, ബിൽ നൽകില്ല. ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രി തുടക്കംമുതൽ ജനശ്രദ്ധയാകർഷിച്ചത് അങ്ങനെയാണ്. ആശയറ്റവരും അഗതികളുമായ കിടപ്പുരോഗികൾക്ക്, മരണാസന്നർക്ക് സാന്ത്വനപരിചരണമായിരുന്നു സ്ഥാപകർ ആദ്യം ലക്ഷ്യമിട്ടത്. ചില രോഗികളെ വീട്ടുകാർക്കു നോക്കാൻ പറ്റില്ല. ചിലരെ നോക്കാൻ ആളില്ല. അവരെ മരണംവരെ നോക്കാനുള്ള സൗകര്യം ഒരുക്കുക.
എന്നാൽ, ഇതൊരു വൃദ്ധസദനമോ അനാഥാലയമോ അല്ല. വീടിന്റെ ഒരു എക്സ്റ്റൻഷൻ അല്ലെങ്കിൽ തുടർച്ചപോലെ, ഒരു പരിചരണ സംവിധാനം. ഒപ്പം വീട്ടുകാരുണ്ടാവണം. കൂട്ടിരിപ്പിനായി വീട്ടുകാരുടെ സാന്നിധ്യം ഉറപ്പുവരുത്തി. പാവപ്പെട്ട വൃക്കരോഗികൾക്കു ഡയാലിസിസ്, ലിവർ സിറോസിസ് രോഗികൾക്കു ഫ്ളൂയിഡ് ടാപ്പിംഗ്, സ്കാനിംഗ് അടക്കമുള്ള ചികിത്സകളും, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണവും താമസവും എല്ലാം ഫ്രീ. ഓരോ ബെഡും ഓക്സിജൻ സംവിധാനമടക്കമുള്ളതാണ്.
കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുള്ളവർ മാത്രമല്ല, സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരും പാലിയേറ്റീവ് ആശുപത്രിയെക്കുറിച്ചു കേട്ടറിഞ്ഞ് എത്തുന്നുണ്ടെന്ന്, ശൈശവകാലഘട്ടം മുതൽ ശാന്തിഭവനെ ചുമലിലേറ്റിയ ഫാ. ജോയ് കൂത്തൂർ പറഞ്ഞു. മരണാസന്നരെ ഒരുക്കുക എന്നതിൽനിന്ന് കിടപ്പുരോഗികളെ ജീവിതത്തിലേക്കു കൈപിടിച്ചു തിരിച്ചുനടത്തുക എന്നതും ഇപ്പോൾ ദൗത്യമായി ഏറ്റെടുത്തിരിക്കുന്നു ശാന്തിഭവൻ.
സംതൃപ്തി പകർന്ന അത്തരം നിരവധിയായ അനുഭവങ്ങളും ജോയ് അച്ചൻ പങ്കുവച്ചു.തൃശൂർ ജില്ലയിലെ കിടപ്പുരോഗികളുടെ വീടുകളിലേക്കും ശാന്തിഭവന്റെ സൗജന്യസേവനം എത്തുന്നുണ്ട്.
ദേവദേയം എൽഡർ വില്ലേജ്
2018ൽ ഓസ്ട്രേലിയ സന്ദർശിച്ച ജോയ് അച്ചൻ കണ്ട എൽഡർ വില്ലേജായിരുന്നു ദേവദേയം എൽഡർ വില്ലേജ് സ്ഥാപനത്തിന്റെ ആദ്യപ്രചോദനം. “മക്കൾ സ്വതന്ത്രരായി ജീവിക്കുന്നു, ഞങ്ങളും” എന്നായിരുന്നു വില്ലേജിലെ ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന് വയോധികദന്പതികളുടെ മറുപടി. ഇടയ്ക്ക് മക്കൾ വരും, ഇവിടെ താമസിക്കും. അവർക്കൊപ്പം ആഹ്ലാദനിമിഷങ്ങൾ ചെലവഴിക്കും...
വൃദ്ധസദനങ്ങളിൽനിന്നു വ്യത്യസ്തമായ ആ സംവിധാനം ഇവിടെയും എന്ന അച്ചന്റെ സ്വപ്നം പൂവണിയുന്നതാണ് ദേവദേയം എൽഡർ വില്ലേജ്. ലോകം അംഗീകരിച്ച ഒരു നല്ല മാതൃക നാട്ടിലും കൊണ്ടുവരികയായിരുന്നു. വാർധക്യം ആഹ്ലാദകരമാക്കാൻ ഒരിടം. ചികിത്സ, പാലിയേറ്റീവ് പരിചരണം വേണ്ടവർക്ക് അത്, രുചികരമായ ഭക്ഷണം, എമർജൻസി മെഡിക്കൽ കെയർ... ഒരു മേൽക്കൂരയ്ക്കു കീഴിൽ എല്ലാം ഉൾപ്പെടുന്ന പാക്കേജ്. ആവശ്യക്കാർക്കു ഫ്ലാറ്റ് വില കൊടുത്തു വാങ്ങാം. എല്ലാ സൗകര്യങ്ങളോടെയും താമസിക്കാം. അവർക്ക് ആവശ്യമില്ലാതാവുന്പോൾ, മരണം മൂലമോ അല്ലാതെയോ നോമിനിക്കു മുഴുവൻ തുകയും തിരിച്ചുനൽകുന്നതാണ് പദ്ധതി.
എൽഡർ വില്ലേജിനായുള്ള 11 നില മന്ദിരം നിർമാണം പൂർത്തിയാവുന്നതേയുള്ളൂ. രണ്ടു നില പൂർത്തിയായി. ഇപ്പോൾതന്നെ നാല്പതോളം പേർ ഇവിടെ എത്തിക്കഴിഞ്ഞു. എല്ലാവരും സന്തുഷ്ടരാണ്. അവർക്കിത് എൻജോയ് വില്ലേജ്! പച്ചപ്പുനിറഞ്ഞ, ഗ്രാമഭംഗി നിറഞ്ഞുനിൽക്കുന്ന, പല്ലിശേരിക്കുന്നിനെ ആർക്കും ഇഷ്ടപ്പെടാതിരിക്കാനാവില്ല. മേയ് മാസത്തോടെ കൂടുതൽപേർ വില്ലേജിലെത്തും.എൽഡർ വില്ലേജിന്റെ ഭാഗമായി എൽത്തുരുത്തിൽ വില്ലാ പ്രോജക്ടും നിർമാണഘട്ടത്തിലാണ്.
ജോയ്സ് ടച്ച്, സ്മാർട്ട് ഹെൽത്ത്
ഓസ്ട്രേലിയയിൽ കണ്ട എൽഡർ വില്ലേജ് നിവാസികളുടെ കഴുത്തിലിട്ട ടാഗിൽ ലോക്കറ്റ് പോലൊന്ന് ജോയ് അച്ചൻ കണ്ടു. എല്ലാവരുടെ കഴുത്തിലും ഇതു കണ്ടതോടെ അച്ചൻ ചോദിച്ചറിഞ്ഞു - അതൊരു എമർജൻസി മെഡിക്കൽ കെയർ സംവിധാനമായിരുന്നു. വയോധികരായ അവർക്ക് പെട്ടെന്നൊരു ആരോഗ്യപ്രശ്നം ഉണ്ടായാൽ അതിലെ ബട്ടണിൽ അമർത്തുകയേ വേണ്ടൂ. ആംബുലൻസ് പാഞ്ഞെത്തും.
അതുപോലൊന്ന് ഓസ്ട്രേലിയൻ സാങ്കേതികവിദ്യയിൽ വിദഗ്ധരുടെ സഹായത്തോടെ ജോയ് അച്ചൻ വികസിപ്പിച്ചെടുത്തതാണ് ജോയ്സ് ടച്ച് ഇന്റഗ്രേറ്റഡ് ഹെൽത്ത് സ്മാർട്ട് വാച്ച്. ജീവിതം ആയാസരഹിതമാക്കാനും ആരോഗ്യവിവരങ്ങൾ തൽസമയം രേഖപ്പെടുത്താനും അടിയന്തര സാഹചര്യങ്ങളിൽ ബട്ടൺ അമർത്തി സഹായം ഉറപ്പാക്കാനുമൊക്കെ ജോയ്സ് ടച്ചിലൂടെ സാധിക്കും.
ജോയ്സ് ടച്ചിലൂടെ രേഖപ്പെടുത്തുന്ന വിവരങ്ങൾ ശാന്തിഭവന്റെ എമർജൻസി മെഡിക്കൽ കൺട്രോൾ റൂമുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കും. രോഗിയുടെ ആരോഗ്യനിലയിൽ അപായകരമായ മാറ്റങ്ങൾ കണ്ടാൽ കൺട്രോൾ റൂം അടിയന്തര സഹായത്തിനുള്ള കാര്യങ്ങൾ ഏകോപിപ്പിക്കും.
ഏർളി ഡിറ്റക്ഷൻ
അകാലമരണങ്ങൾ തടയാൻ എന്തു ചെയ്യാം എന്ന ചിന്തയിൽനിന്ന് ഉദയംകൊണ്ടതാണ് ഏർളി മെഡിക്കൽ ഡിറ്റക്ഷൻ പ്രോഗ്രാം. കിടപ്പുരോഗികളെ പരിപാലിക്കുന്നതിനേക്കാൾ വലിയ സുകൃതം രോഗം ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞു കിടപ്പുരോഗികളെ സൃഷ്ടിക്കാതിരിക്കലാണെന്ന നല്ല ചിന്തയിൽ ആവിഷ്കരിച്ച പദ്ധതി. ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ചുള്ള ഏർളി മെഡിക്കൽ ഡിറ്റക്ഷൻ പ്രോഗ്രാമിലും ശാന്തിഭവൻ ഏറെ മുന്നേറിക്കഴിഞ്ഞു. തൃശൂർ ജില്ലയിലെ 20 പഞ്ചായത്തുകളിൽ പ്രവർത്തനം വ്യാപിപ്പിച്ചു.
രോഗവും രോഗിയെയും നേരത്തേ കണ്ടെത്താൻ അത്യാധുനിക ഹെൽത്ത് കാരവനുമായാണ് മെഡിക്കൽ സംഘം എത്തുക. രക്തപരിശോധനകൾ മാത്രമല്ല, ഇസിജി, എക്കോ മുതൽ അൾട്രാസൗണ്ട് സ്കാനിംഗിനുവരെ സൗകര്യമുള്ളതാണ് കാരവൻ. ഓരോ പഞ്ചായത്തിലും കൃത്യമായ ഇടവേളകളിൽ കാരവൻ ഓടിയെത്തും. കാൻസർ, മസ്തിഷ്കാഘാതം, ഹൃദയാഘാതം, വൃക്കരോഗം, ലിവർ സിറോസിസ് തുടങ്ങിയ മാരകരോഗങ്ങൾക്കു തുടക്കത്തിലേ തടയിടുകയാണ് പ്രഖ്യാപിതലക്ഷ്യം.
ഓരോ പഞ്ചായത്തിലും നിലവിലുള്ള ഡയാലിസിസ് രോഗികളെ പാലിയേറ്റീവ് ഹോസ്പിറ്റൽ ദത്തെടുക്കുന്നു. ഒപ്പം, ഏർളി ഡിറ്റക്ഷൻ വഴി രോഗാവസ്ഥകൾ തിരിച്ചറിഞ്ഞ്, ഡയാലിസിസ് രഹിത, സ്ട്രോക്ക് രഹിത ഗ്രാമങ്ങൾ ഉണ്ടാക്കുക എന്നതാണ് തന്റെ ലക്ഷ്യവും സ്വപ്നവുമെന്നു ഫാ. ജോയ് കൂത്തൂർ പറഞ്ഞു. എല്ലാ ആശുപത്രികളിലും ഏർളി ഡിറ്റക്ഷൻ സംവിധാനം വരണമെന്നാണ് അച്ചന്റെ നിർദേശം.
ലാഭരഹിത സേവനം
ഷുഗർ - നാലു രൂപ, കൊളസ്ട്രോൾ - 20 രൂപ, ക്രിയാറ്റിൻ - 40 രൂപ എന്നിങ്ങനെ പോകുന്ന ശാന്തിഭവൻ ഹൈടെക് ലാബിലെ പരിശോധനാ നിരക്കുകൾ! കുറഞ്ഞ നിരക്കിൽ കൂടുതൽ പേർ നേരത്തേയുള്ള രോഗപരിശോധനകൾക്കു തയാറായാൽ രോഗം മൂർച്ഛിക്കാതെ കാക്കാമെന്നും മാരകരോഗങ്ങളെ മുളയിലേ നുള്ളിക്കളയാമെന്നതുമാണ് ലാഭരഹിത സേവനത്തിനു പിന്നിൽ. രോഗികൾ ഉണ്ടാവാതെ നോക്കുക, സാന്ത്വനപരിചരണംതന്നെ വേണ്ടിവരാത്ത ഒരു സാഹചര്യത്തിലേക്കു സമൂഹത്തെ നയിക്കുക.
കാൻസറിനുള്ള മരുന്നു കുറഞ്ഞ വിലയ്ക്കു കിട്ടുമോ എന്ന ഒരു രോഗിയുടെ അന്വേഷണത്തിൽനിന്നാണ് ഫാർമസിയിലേക്കുകൂടി ചുവടുവയ്ക്കാൻ കാരണമായത്. ജോയ് അച്ചൻ നേരിട്ടുവാങ്ങാൻ ഇടപെട്ടപ്പോൾ 40 - 50 ശതമാനംവരെ കുറവാണ് കന്പനി ഓഫർ ചെയ്തത്. അതോടെ പലർക്കും ഉപയോഗിക്കാവുന്ന രീതിയിൽ കൂടുതൽ വാങ്ങിയാൽ വൻവിലക്കുറവു കിട്ടുമെന്നു ബോധ്യമായി. അങ്ങനെ ഫാർമസി തുടങ്ങി, മരുന്നുകൾ കന്പനിവിലയിൽത്തന്നെ വിതരണം ചെയ്യുകയാണ്.
ഓൺലൈനിൽ വരെ മരുന്നു വാങ്ങാൻ സംവിധാനവുമൊരുക്കിയിട്ടുണ്ട്. രോഗികളല്ലാത്തവർക്കു ജനകീയ വിലകളുമായി കാന്റീനുമുണ്ട്. രുചികരമായ ഭക്ഷണം കുറഞ്ഞ ചെലവിൽ. 20 രൂപയ്ക്ക് ഊണ്. 70 രൂപയ്ക്കു ചിക്കൻ ബിരിയാണി. എട്ടു രൂപയ്ക്കു ചായ എന്നിങ്ങനെയാണ് വില.
താങ്ങുന്നതു സുമനസുകൾ
നടത്തിപ്പിനായി കൈ നീട്ടുകയാണ്. നല്ല മനുഷ്യർ മാസംതോറും നൽകുന്ന ചെറുതും വലുതുമായ സംഭാവനകളാണ് ആശുപത്രിയുടെ ദൈനംദിന ചെലവുകളുടെ മൂലധനം. സ്ഥിരമായി സംഭാവന നൽകുന്ന രണ്ടായിരത്തോളം ഫെലോഷിപ്പുകാരുണ്ട്. കേട്ടറിഞ്ഞു സഹായമെത്തിക്കുന്ന കുറേപ്പേരും ചില സ്ഥാപനങ്ങളും വേറെ.
കൂടുതൽ പേർ മുന്നോട്ടു വരണമെന്ന് അച്ചൻ ആഗ്രഹിക്കുന്നു, പ്രാർഥിക്കുന്നു. കാരണം, മാസം 40 ലക്ഷം രൂപയെങ്കിലും വേണം ശാന്തിഭവന്റെ നടത്തിപ്പിന്. ആരും വിസ്മയിച്ചുപോകുന്ന അപൂർവതയുടെ ദൃഷ്ടാന്തങ്ങൾ ഇനിയും ധാരാളമുണ്ടിവിടെ; സോളാർ സംവിധാനങ്ങളും ഭക്ഷ്യവസ്തുക്കളും പഴവർഗങ്ങളുമൊക്കെ 45 ഡിഗ്രിവരെ തണുപ്പിച്ച് മാസങ്ങളോളം സൂക്ഷിക്കാവുന്ന ബ്ലാസ്റ്റ് ഫ്രീസർ മുതൽ ഗുഡ് സമരിറ്റൻ മൊബൈൽ ആപ്പ് വരെ!
വന്നുകാണുക. കാര്യങ്ങൾ ബോധ്യപ്പെടുക. ആ നന്മകൾക്കു താങ്ങായും തണലായും ഒപ്പം നിൽക്കുക. ആവശ്യക്കാരെ അറിയിക്കുക. അത്രമാത്രമേ ഫാ. ജോയ് കൂത്തൂരിനും സഹപ്രവർത്തകർക്കും പറയാനുള്ളൂ.ശാന്തിഭവന്റെ ഫോൺ നന്പർ - 0487 6611600, വെബ്സൈറ്റ് - www.shanthibhavan.in
വീടുകളിൽനിന്നു തുടക്കം
2014ൽ വീടുകൾതോറും സാന്ത്വനപരിചരണം നൽകിയായിരുന്നു ശാന്തിഭവൻ പാലിയേറ്റീവ് പ്രസ്ഥാനത്തിനു തുടക്കം. അനുഭവങ്ങൾ പൊള്ളിച്ചപ്പോൾ, ഹോംകെയർ അല്ല, പാലിയേറ്റീവ് ഹോസ്പിറ്റൽ കെയർ തന്നെയാണ് അത്യാവശ്യമെന്ന ചിന്തയുണർന്നു. ജോയ് അച്ചനും സിസ്റ്റേഴ്സും തൃശൂർ അതിരൂപതയുടെ അനുമതി തേടി. അനുവാദം കിട്ടി. പല്ലിശേരിയിൽ ഉപേക്ഷിക്കപ്പെട്ട ക്വാറിയുള്ള കുന്നിന്റെ ഒരു ഭാഗത്തുനിന്നു കരുണാവർഷത്തിൽ തുടക്കമിട്ട പ്രസ്ഥാനം ദൈവാനുഗ്രഹത്താലും സുമനസുകളുടെ പിന്തുണയാലും നടത്തിപ്പുകാരുടെ മികവിനാലും അതിവേഗം വളരുകയായിരുന്നു.
എന്നും കരുത്തുറ്റ പിന്തുണ നൽകുന്ന തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്താണ് ശാന്തിഭവന്റെ മുഖ്യരക്ഷാധികാരി. ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റ് ക്ലെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ് പ്രവർത്തനം. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പൂർണപിന്തുണയും ശാന്തിഭവനു കരുത്തായുണ്ട്.
അങ്ങ് അനന്തപുരി വരെ
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് വരെ ശാന്തിഭവന്റെ സ്നേഹസ്പർശം എത്തിക്കഴിഞ്ഞു. ശാന്തിഭവന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള ജോയ് അച്ചന്റെ ആഗ്രഹമറിഞ്ഞ പിഎംഎസ് ഡെന്റൽ കോളജ് ഉടമ ഡോ. പി.എസ്. താഹ തന്റെ വട്ടപ്പാറ വെങ്കോട് ഗോൾഡൻ ഹിൽസിലെ ആശുപത്രിക്കെട്ടിടം വെറുതെ വിട്ടുകൊടുക്കുകയായിരുന്നു. പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ ഒന്നാം ഘട്ടം അവിടെയും ആരംഭിച്ചുകഴിഞ്ഞു.
എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്ത ചൂർണിക്കര പഞ്ചായത്തിലും ശാന്തിഭവന് ഈ മാസം സേവനകേന്ദ്രം തുറന്നു. ചൂർണിക്കര പഞ്ചായത്തിലാണ് അശോകപുരം. ശാന്തിഭവന് സേവനശൃംഖലയ്ക്കു ജീവനേകുന്ന ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റ് ക്ലെയർ കോൺഗ്രിഗേഷന്റെ ആദ്യത്തെ ഹൗസ് അശോകപുരത്താണ്. ഈ നന്മയ്ക്കു കാരണക്കാരായ അവരോടുള്ള കടപ്പാടും ഉത്തരവാദിത്വവും കൂടിയാണ് കോൺഗ്രിഗേഷന്റെതന്നെ സ്വന്തമായ നാലര ഏക്കറിൽ സജീവമാകുന്ന പ്രവർത്തനങ്ങളെന്നു ജോയ് അച്ചൻ. അവരാണ് ഈ മനോഹരചിത്രം വരയ്ക്കാൻ ചുവരുണ്ടാക്കിയത്.
നാളെ നമ്മളും..?!
കിടപ്പുരോഗികളെയോ മാരകരോഗങ്ങളെ ബാധിച്ചവരെയോ ആർക്കും അന്യവത്കരിക്കാനോ അവഗണിക്കാനോ ആവില്ലെന്ന് ജോയ് അച്ചൻ മുന്നറിയിപ്പു നൽകുന്നു. കാരണം, നാളെ നമ്മളുടെയും വിധി അതാവാം. ആരും ചിന്തിക്കാൻ പോലും ഇഷ്ടപ്പെടാത്ത ഒരു സാഹചര്യത്തിലേക്ക്, വെല്ലുവിളി നേരിടുന്ന ഒരു ജീവിതാവസ്ഥയിലേക്കു വീണുപോകുന്പോൾ, തളർന്നുപോകുന്നവർക്ക് ആശ്വാസം നൽകാൻ തികച്ചും പ്രഫഷണലായ സമീപനവും പദ്ധതികളുംതന്നെ സംസ്ഥാന - കേന്ദ്ര സർക്കാരുകൾ നടപ്പാക്കണമെന്നു ഫാ. ജോയ് കൂത്തൂർ നിർദേശിക്കുന്നു.
വികസിത രാജ്യങ്ങൾ പലതും മുന്നേറിക്കഴിഞ്ഞ വ്യക്തിസുരക്ഷ - സമൂഹസുരക്ഷാ മേഖലകളിൽ നമ്മളിനിയും ആദ്യചുവടുകൾ വച്ചിട്ടില്ലെന്ന സങ്കടം മനസിലുള്ളപ്പോഴും മാതൃകാപരമായി തങ്ങളാലാവുന്നതു ചെയ്യാനാകുന്നതിന്റെ സംതൃപ്തിയും സാഫല്യവുമുണ്ട് അച്ചന്റെ വാക്കുകളിൽ. മികച്ച മാതൃകകളും ജീവിതക്രമങ്ങളും നമ്മുടെ നാട്ടിലും നടപ്പാവാൻ ഇച്ഛാശക്തിയുള്ള നേതൃത്വങ്ങൾ കടന്നുവരണമെന്നുകൂടി ജോയ് അച്ചൻ പറഞ്ഞുവയ്ക്കുന്നു.
ടച്ചിംഗ് ഹാൻഡ്സ്
കിടപ്പുരോഗിക്കൊപ്പം ശാന്തിഭവനിൽ ആളെ നിർത്താൻ സാധിക്കാത്ത വീട്ടുകാരുമുണ്ടായിരുന്നു. അങ്ങനെയുള്ളവർക്കായി, ആദ്യം വീട്ടുകാരുടെ ചെലവിൽ ഹോം നഴ്സിനെ വച്ചുനോക്കി. അതത്ര ഹിതകരമായില്ല. പിന്നീടാണ് മികച്ച പരിശീലനത്തോടെ ടച്ചിംഗ് ഹാൻഡ്സ് എന്നൊരു സഹായസംഘത്തിനു രൂപം നൽകിയത്. ഇരുപതോളം പേരടങ്ങുന്ന ഒരു സ്നേഹസേനയാണിത്.
ടച്ചിംഗ് ഹാൻഡ്സ് രൂപീകരണം പൊതുസമൂഹത്തിനുകൂടി ഗുണകരമാകുന്ന വിധത്തിൽ വിപുലമാക്കാനുള്ള ശ്രമത്തിലാണിപ്പോൾ. സർക്കാർ അംഗീകാരത്തോടെ പാരാമെഡിക്കൽ കോഴ്സുകൾ ആരംഭിച്ചുകഴിഞ്ഞു. നമ്മുടെ കുട്ടികളെ കിട്ടാൻ അല്പം ബുദ്ധിമുട്ടുള്ള ഇന്നത്തെ സാഹചര്യത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള കുട്ടികളെവരെ ഇവിടെ കൊണ്ടുവന്നു പഠിപ്പിച്ചെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മാർച്ചിൽ അവരുടെ ആദ്യ ബാച്ചെത്തും.
-ഡേവിസ് പൈനാടത്ത്