പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒരു സർക്കാർ ആശുപത്രിയിൽ വന്നു തികച്ചും സൗജന്യമായി സേവനം ചെയ്യുക... ഇങ്ങനെയും ഡോക്ടർമാരുണ്ടോയെന്നു സംശയമുണ്ടെങ്കിൽ നേരേ ആലപ്പുഴ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലേക്കു പോന്നോളൂ... അവിടെ ഡോ. ഗ്രേസ് ജോർജും മകൻ ഡോ. മാത്യു ജോർജും സ്നേഹത്തിന്റെ സ്റ്റെതസ്കോപ്പുമായി നിങ്ങളെ കാത്തിരിക്കുന്നു. ആശുപത്രിയിൽ മാത്രമല്ല ഇവരുടെ സൗജന്യ സേവനം...
പുളിങ്കുന്ന് താലൂക്ക് ആശുപത്രി... രോഗികളുടെ തിരക്ക് കൂടിവരുന്നു. കുട്ടനാട്ടിൽ പുളിങ്കുന്ന് മേഖലയിൽ നൂറുകണക്കിനു ജനങ്ങളുടെ ആശ്രയമാണ് ഈ താലൂക്ക് ആശുപത്രി. രാവിലെതന്നെ രോഗികളുടെ തിരക്കാണ്. തിക്കിത്തിരക്കുന്ന രോഗികൾക്കിടയിൽ ക്ഷമയോടെ അവരെ പരിശോധിക്കുകയും മരുന്നുകുറിക്കുകയും ഉപദേശങ്ങൾ നൽകുകയുമാണ് എഴുപതുകാരി ഡോ. ഗ്രേസ് ജോർജ്.
കുട്ടനാട്ടുകാരുടെ പ്രിയപ്പെട്ട ഡോക്ടറമ്മ. പ്രായമായ പലർക്കും ഡോക്ടറമ്മയെ കണ്ടു മരുന്നുവാങ്ങിച്ചില്ലെങ്കിൽ തൃപ്തിയില്ല. കാരണം, മരുന്നുമാത്രമല്ല മനസുകൂടി തന്നാണ് ഡോക്ടറമ്മ ഒാരോ രോഗിയെയും യാത്രയാക്കുന്നത്. ഡോ. ഗ്രേസ് ജോർജ് ഇവിടെ രോഗികളെ പരിശോധിക്കുന്പോൾ അപ്പുറത്തെ മുറിയിൽ മകൻ ഡോ. മാത്യു ജോർജ് വാച്ചാപറന്പിലും രോഗികളുടെ നടുവിലായിരിക്കും. രോഗികളെ പരിശോധിക്കുന്നു, ചികിത്സ നിശ്ചയിക്കുന്നു...
ഇങ്ങനെയും ഡോക്ടർ
എഴുപതുകാരി എങ്ങനെയാണ് സർക്കാരിന്റെ താലൂക്ക് ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്യുന്നതെന്നായിരിക്കും ഇപ്പോൾ പലരുടെയും മനസിൽ ഉയരുന്ന ചോദ്യം. എന്നാൽ, ഇനി പറയുന്നതു കേട്ടാൽ നിങ്ങൾ അദ്ഭുതപ്പെടും... ഒരുനിമിഷം മനസുകൊണ്ടെങ്കിലും ഡോക്ടർ ഗ്രേസ് ജോർജിനെയും ഡോ. മാത്യുവിനെയും ചേർത്തുപിടിക്കും.
കാരണം, ഒറ്റ പൈസ പോലും പ്രതിഫലം വാങ്ങാതെയാണ് കഴിഞ്ഞ ഒരു വർഷമായി ഡോ. ഗ്രേസും മകൻ ഡോ. മാത്യുവും പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ സേവനം ചെയ്തുകൊണ്ടിരിക്കുന്നത്. പ്രതിഫലം വാങ്ങുന്നില്ലെന്നു മാത്രമല്ല, പാവപ്പെട്ട രോഗികൾക്കു മരുന്നു വാങ്ങിനൽകിയും വീട്ടിലെത്തി ചികിത്സിച്ചുമൊക്കെ അവർ പലർക്കും മാലാഖമാരായി മാറുകയുംചെയ്യുന്നു.
കേട്ടിട്ട് അവിശ്വസനീയമെന്നു തോന്നുന്നുണ്ടോ? സർക്കാർ തരുന്ന ശന്പളം പോരാഞ്ഞ് രോഗികളോടു കൈക്കൂലി വാങ്ങുന്ന ഡോക്ടർമാരുടെ കഥ പലപ്പോഴും നമ്മൾ കേട്ടിട്ടുണ്ട്. സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യാൻ മടിച്ച് രാജിവച്ചു സ്വകാര്യ ആശുപത്രികളിലേക്കു പോകുന്ന ഡോക്ടർമാരുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്... കൂടിയ പ്രതിഫലത്തിനുവേണ്ടി ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്കു പറക്കുന്ന ഡോക്ടർമാരുടെ കഥകൾക്കും പഞ്ഞമില്ല... അതിനിടയിൽ മുൻനിര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വന്പൻ പ്രതിഫലവും വേണ്ടെന്നുവച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒരു സർക്കാർ ആശുപത്രിയിൽ വന്നു തികച്ചും സൗജന്യ സേവനം ചെയ്യുക... ഇന്നത്തെ തലമുറയിൽ അധികമാർക്കും ചിന്തിക്കാനാവാത്ത കാര്യം.
സ്വന്തം കാര്യമെല്ലാം കഴിഞ്ഞ് ഇടവേളയോ സമയമോ കിട്ടുന്പോൾ നേരംപോക്കിനു ചെയ്യുന്ന ജോലിയാണെന്നു ധരിച്ചേക്കരുത്. ഡോ. മാത്യു ആഴ്ചയിൽ എല്ലാ ദിവസവും താലൂക്ക് ആശുപത്രിയിൽ കൃത്യമായെത്തി രോഗികളെ പരിശോധിക്കുന്നുണ്ട്. ഡോ. ഗ്രേസ് ജോർജ് ആഴ്ചയിൽ മൂന്നു ദിവസമാണ് ആശുപത്രിയിൽ രോഗികളെ പരിശോധിച്ചിരുന്നത്.
ഇപ്പോൾ അതിനൊപ്പം അല്പംകൂടി ബുദ്ധിമുട്ടുള്ള ഒരു ജോലികൂടി ചോദിച്ചുവാങ്ങിയിരിക്കുകയാണ് ഈ ഡോക്ടറമ്മ. താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള പാലിയേറ്റീവ് കെയറിന്റെ ചുമതലയാണ് ഡോ. ഗ്രേസ് സൂപ്രണ്ടിനോടു ചോദിച്ചുവാങ്ങിയത്. രോഗികളെയും പാവങ്ങളെയും സ്നേഹിക്കുക, പണവും സൗകര്യവുമില്ലാത്തതിന്റെ പേരിൽ ചികിത്സ കിട്ടാത്തവർക്കു സാന്ത്വനമാവുക... ഇതിനപ്പുറം ഒന്നുമില്ല ഈ സൗജന്യ സേവനത്തിനു പിന്നിൽ.
ആ പരസ്യം ക്ലിക്കായി!
ഒരു വർഷം മുന്പ് പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് പത്രത്തിൽ ഒരു പരസ്യം കൊടുത്തു. ആശുപത്രിയിൽ സൗജന്യമായി സേവനം ചെയ്യാൻ താത്പര്യമുള്ളവർ സമീപിക്കുക എന്നതായിരുന്നു പരസ്യം. നഴ്സുമാർ, അറ്റൻഡർമാർ എന്നിങ്ങനെ ആരെയെങ്കിലും കുറച്ചു സമയത്തേക്ക് എങ്കിലും കിട്ടിയാലോ എന്നതായിരുന്നു ഡോക്ടറുടെ ചിന്ത.
ഇങ്ങനെ സൗജന്യ സേവനത്തിന് ആരെങ്കിലും വരുമോയെന്നു ചോദിച്ച് അന്നു സഹപ്രവർത്തകർ പലരും സൂപ്രണ്ടിനെ കളിയാക്കി. എന്നാൽ, രണ്ടു ദിവസം കഴിഞ്ഞപ്പോൾ സൂപ്രണ്ടിനെ തേടി രണ്ടു പേരെത്തി. ആരെന്നറിഞ്ഞപ്പോൾ സൂപ്രണ്ട് പോലും ഞെട്ടി. രണ്ടു ഡോക്ടർമാർ! ഡോക്ടർമാർ ആരെങ്കിലും സൗജന്യസേവനത്തിനു വരുമെന്നു സ്വപ്നത്തിൽ പോലും അദ്ദേഹം കരുതിയിരുന്നില്ല.
സ്നേഹം വീടുകളിലേക്ക്
ഇനി നമ്മൾ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽനിന്നു പുളിങ്കുന്ന് പഞ്ചായത്തിന്റെ ഊടുവഴികൾ താണ്ടി ഹരിയുടെ ഓട്ടോറിക്ഷയ്ക്കു പിന്നാലെ പോവുകയാണ്. ആടിയും ഉലഞ്ഞും ആ ഒാട്ടോറിക്ഷ ചെന്നുനിന്നത് ഒരു ഇടുങ്ങിയ വഴിയിൽ. നിർധനരായ കിടപ്പുരോഗികളെ തേടിയാണ് യാത്ര. വർഷങ്ങളായി ഒരേ കിടപ്പ് കിടക്കുന്നവർ, പരസഹായമില്ലാതെ എഴുന്നേൽക്കാൻ കഴിയാത്തവർ, വീടിനു പുറത്തേക്കു യാത്ര ചെയ്യാനാവാത്തവർ, ചില വീടുകളിൽ വൃദ്ധദന്പതികൾ...
ഇങ്ങനെയുള്ളവരെ തേടിയാണ് പഞ്ചായത്തിന്റെ പാലിയേറ്റീവ് കെയർ വാഹനം എത്തിയിരിക്കുന്നത്. രോഗിയുടെ വീട്ടിലേക്കു നടപ്പുവഴി മാത്രമേയുള്ളൂ. നിറഞ്ഞ ചിരിയുമായെത്തുന്ന ഗ്രേസ് ഡോക്ടറെ കാണുന്പോൾത്തന്നെ പലർക്കും വലിയ ആശ്വാസം. ആ മുഖങ്ങളിൽ തെളിയുന്ന സന്തോഷത്തിനും ആശ്വാസത്തിനുമപ്പുറം മറ്റൊരു പ്രതിഫലമില്ലെന്നാണ് ഡോക്ടറമ്മയുടെ പക്ഷം.
പുളിങ്കുന്ന് പഞ്ചായത്ത് ഏഴാം വാർഡിലെ കറുകപ്പറന്പ് സാറാമ്മയുടെ വീട്ടിലേക്ക് ഇനിയും അര കിലോമീറ്ററോളമുണ്ട്. എന്നാൽ, അവിടേക്കു നടപ്പുവഴി മാത്രമേയുള്ളൂ. ഡോ. ഗ്രേസും പാലിയേറ്റീവ് കെയർ നഴ്സ് അഞ്ജുമോളും ആശാവർക്കർ റ്റാറ്റാമ്മയും ഇടുങ്ങിയ നടപ്പാതയിലൂടെ വള്ളിപ്പടർപ്പും പുല്ലുകളും വകഞ്ഞുമാറ്റി നടന്നു. തൊണ്ണൂറു വയസുകാരി സാറാമ്മയും മക്കളായ മാനസികവൈകല്യമുള്ള 65കാരനും അവിവാഹിതനായ 45കാരനുമടങ്ങുന്നതാണ് സാറാമ്മയുടെ കുടുംബം. ആളുകളെ കണ്ടപ്പോൾ സാറാമ്മ നിവർന്നുനിൽക്കാൻ പരിശ്രമിച്ചു.
ഇത്രയും നാൾ നഴ്സുമാർ മാത്രമാണ് ഇടയ്ക്കിടെ വന്നിരുന്നത്. കൂടെ ഒരാളെകൂടി കണ്ടതോടെ സാറാമ്മ സൂക്ഷിച്ചുനോക്കി. കൂടെയുള്ളത് ഡോക്ടറാണെന്നും പരിശോധിക്കാൻ വന്നതാണെന്നും പറഞ്ഞപ്പോൾ സാറാമ്മയ്ക്ക് അദ്ഭുതം. ഡോക്ടർ വീട്ടിലേക്കോ? ഇന്നേവരെ ഒരു ഡോക്ടറും തന്നെ തേടി വീട്ടിലെത്തിയിട്ടില്ല. എന്നാൽ, ഇടയ്ക്കിടെ ഇനി താൻ വരുമെന്നും പരിശോധിക്കുമെന്നും പറഞ്ഞപ്പോൾ സാറാമ്മയ്ക്കും കുടുംബത്തിനും വലിയ സന്തോഷം.
അവർക്കൊപ്പമിരുന്നു രോഗവിവരങ്ങൾ മുഴുവൻ ചോദിച്ചറിഞ്ഞു. വേണ്ട മരുന്നുകളും നിർദേശങ്ങളും നൽകി. രോഗവിവരങ്ങളേക്കാൾ കൂടുതൽ സാറാമ്മയ്ക്കു വീട്ടിലെ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും മക്കളുടെ രോഗവിവരങ്ങളുടെയുമെല്ലാം കഥകളാണ് പറയാനുണ്ടായിരുന്നത്. ക്ഷമയോടെ കേട്ട് ഡോക്ടർ അവരെ ആശ്വസിപ്പിക്കുന്നു, ചേർത്തുപിടിച്ചു തലോടുന്നു. സാറാമ്മയ്ക്കും കുടുംബത്തിനും സ്വർഗം കിട്ടിയ സംതൃപ്തി.
ഏഴാം വാർഡിൽനിന്നു നാലാം വാർഡിലെ നല്ലവീട്ടിൽ കരുണാകരന്റെ വീട്ടിലേക്കാണ് അടുത്ത യാത്ര. മൂത്രസംബന്ധമായ രോഗത്താൽ അവശനായ കരുണാകരൻ കിടക്കയിൽനിന്ന് എഴുന്നേൽക്കാൻതന്നെ കഷ്ടപ്പെട്ടു. ഡോക്ടർ അദ്ദേഹത്തെ താങ്ങിയിരുത്തി. ഡോക്ടറാണ് രോഗവിവരങ്ങൾ ചോദിച്ച് അറിയുന്നതെന്നു മനസിലായ കരുണാകരന്റെ കണ്ണുകൾ നിറഞ്ഞു.
മരുന്നുകൾ കുറിച്ചുകൊടുത്തപ്പോൾ അതു വാങ്ങാൻ പണമില്ലെന്നും മാസങ്ങളായി വാർധക്യ പെൻഷൻ തനിക്കും ഭാര്യക്കും കിട്ടുന്നില്ലെന്നും കരുണാകരന്റെ സങ്കടം. വിഷമിക്കേണ്ടെന്നും മരുന്നു താൻതന്നെ വാങ്ങി നൽകാമെന്നും ഡോക്ടറമ്മ. അവർക്കു മരുന്നുവാങ്ങി നൽകാനുള്ള ക്രമീകരണം ചെയ്ത ശേഷമാണ് ഡോ.ഗ്രേസ് അവിടെനിന്ന് ഇറങ്ങിയത്. ആരോഗ്യമുള്ളിടത്തോളം കാലം താൻ ഈ രോഗികളെ തേടിയെത്തുമെന്ന് ഡോ. ഗ്രേസ് പറയുന്നു.
വീട്ടിലും സൗജന്യ ക്ലിനിക്
പുളിങ്കുന്ന് പഞ്ചായത്തിൽ 374 പാലിയേറ്റീവ് കെയർ രോഗികളുണ്ട്. ഒരു ദിവസം എട്ടു വീടുകൾ വീതം ഡോക്ടർ കയറിയിറങ്ങും. ഇതുകൊണ്ടും തീരുന്നില്ല ഡോ. ഗ്രേസ് ജോർജിന്റെ സാമൂഹ്യപ്രവർത്തനം. പുളിങ്കുന്നിലെ വാച്ചാപറന്പിൽ (മംഗലപ്പള്ളി) വീട്ടിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ ക്ലിനിക്കുണ്ട്. ഡോക്ടറുള്ള സമയത്ത് ആർക്കും ക്ലിനിക്കിൽ എത്താം. പരിശോധനകൾ നടത്തി അത്യാവശ്യ മരുന്നുകൾ നല്കും. മൂന്നു വർഷമായി വീടിനോടു ചേർന്നുള്ള ഔട്ട്ഹൗസിൽ ക്ലിനിക് തുടങ്ങിയിട്ട്.
ഇതിനും പുറമേയാണ് പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലെ ഒപി സേവനവും പാലിയേറ്റീവ് കെയർ പരിചരണവും. ആദ്യകാലത്ത് ഡോക്ടറായി ഏതാനും ആശുപത്രികളിലും വിദേശത്തും ജോലി ചെയ്തതിനു ശേഷമാണ് തന്റെ നാട്ടിലെ സർക്കാർ ആശുപത്രിയിൽ സൗജന്യ സേവനം ചെയ്യാൻ മാത്യു തീരുമാനിച്ചത്. ഡോക്ടറായ അമ്മയും ഒപ്പം ചേർന്നതോടെ ഇതൊരു സ്നേഹവിപ്ലവമായി മാറുകയാണ്. താലൂക്ക് ആശുപത്രിയിൽനിന്ന് ഇരുവരുടെയും ചിത്രം പകർത്താൻ ഒരുങ്ങിയ ഞങ്ങളെ ഡോ. മാത്യു സ്നേഹത്തോടെ വിലക്കി. അതു രോഗികൾക്കു ബുദ്ധിമുട്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
സാമൂഹ്യസേവനം
അമ്മയും മകനും മാത്രമല്ല ഈ കുടുംബം മുഴുവൻ സാമൂഹ്യപ്രവർത്തനത്തിൽ സജീവമാണെന്നു പറയാം. ഏറെക്കാലം മസ്കറ്റിലായിരുന്നു ഡോക്ടറും കുടുംബവും. ഏതാനും വർഷം മുന്പാണ് പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തിയത്. അപ്പോഴേ ഡോ. ഗ്രേസിന്റെ മനസിൽ നാട്ടുകാർക്കുവേണ്ടി സൗജന്യ സേവനം ചെയ്യണമെന്ന മോഹം മുളപൊട്ടിയിരുന്നു. ഭർത്താവ് ജോർജ് മാത്യു എന്ന വാച്ചാപറന്പിൽ വക്കച്ചനും മക്കളും അതിനു പിന്തുണ നല്കിയതോടെ വീട്ടിൽ സൗജന്യ ക്ലിനിക് എന്ന ആശയത്തിനു വഴിയൊരുങ്ങി.
ക്ലിനിക് കൂടാതെ വീടിനോടു ചേർന്നു റോഡ് അരികിൽ 24 മണിക്കൂറും തണുത്ത ശുദ്ധജലം ലഭിക്കുന്ന ടാപ്പും ഒരുക്കിയിട്ടുണ്ട്. നിത്യേന നൂറുകണക്കിനാളുകൾ ദാഹമകറ്റാൻ വെള്ളം ഉപയോഗിക്കുന്നുണ്ട്. പുളിങ്കുന്നിലെ മൂന്നു നാലു സ്കൂളുകളിലെ വിദ്യാർഥികൾ ഇവിടെനിന്നു ശുദ്ധീകരിച്ച കുടിവെള്ളം ഉപയോഗിക്കുന്നുണ്ട്.
മറ്റു വഴിയാത്രക്കാരും സമീപമുള്ള ഓട്ടോറിക്ഷ ഡ്രൈവർമാരും കെഎസ്ആർടിസി ഡ്രൈവർമാരും അടക്കം നിരവധിപ്പേർ കനത്തചൂടിൽ ദാഹമകറ്റാൻ വെള്ളം കുപ്പികളിൽ ശേഖരിക്കുന്നു. മസ്കറ്റിൽ ജോലി ചെയ്യുന്പോൾ ഏഷ്യക്കാരായ തൊഴിലാളി കൾക്കു വേണ്ടി ചില വീടുകളുടെ പുറത്തു കൊടും ചൂടിനെ പ്രതിരോധിക്കാൻ തണുത്ത വെള്ളം വയ്ക്കാറുണ്ടെന്നും അന്നേ മനസിൽ കയറിയതാണ് നാട്ടിൽ വരുന്പോൾ പൊതുജനങ്ങൾക്കു ദാഹമകറ്റാൻ കുടിവെള്ളം നല്കണമെന്ന ചിന്തയെന്നും വക്കച്ചൻ പറയുന്നു.
നെഞ്ചോടു ചേർത്തു കൃഷി
മസ്കറ്റിൽ എൻജിനിയറായിരുന്നു ജോർജ് മാത്യു. 4,500 തൊഴിലാളികൾ ജോലി ചെയ്യുന്ന എച്ച്എഫ്പി കന്പനിയുടെ മാനേജിംഗ് ഡയറക്ടറായിരിക്കുന്പോഴാണ് 2018ൽ നാട്ടിലേക്കു മടങ്ങിയത്. കുട്ടനാട്ടിലെ അറിയപ്പെടുന്ന കർഷകപ്രമാണിയും സാമൂഹ്യപ്രവർത്തകനുമാണ് വക്കച്ചൻ. കായൽനില കർഷകനായിരുന്ന മംഗലപ്പള്ളിൽ (വാച്ചാപറന്പിൽ) മാത്തമ്മ എന്ന കർഷക പ്രമുഖന്റെ മകനാണ് ജോർജ് മാത്യു.
നേരത്തേ 700 ഏക്കർ വരെ കൃഷി ചെയ്തിരുന്നു. ജോർജ് മാത്യുവും സ്വന്തമായുള്ള 200 ഏക്കർ കൂടാതെ ഏക്കറു കണക്കിനു പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നു. കൃഷിയോടുള്ള ഇഷ്ടംകൊണ്ടാണ് പാട്ടത്തിനു നൽകാതെ കൃഷി നടത്തുന്നതെന്ന് ഇദ്ദേഹം പറയുന്നു. പാട്ടത്തിനു കൊടുത്താൽ വർഷം 50 ലക്ഷം കിട്ടാവുന്ന സ്ഥലമാണ് അദ്ദേഹം സ്വന്തം നിലയ്ക്കു കൃഷിയിറക്കുന്നത്.
സ്നേഹഗാഥ
പൗരാണിക പ്രൗഢി വിളിച്ചോതുന്ന വീടിനോടനുബന്ധിച്ച് 40 സെന്റ് സ്ഥലത്തു നിരവധി ഇനം പഴവർഗച്ചെടികളും അദ്ദേഹം പരിപാലിക്കുന്നുണ്ട്. റംബൂട്ടാൻ, മാംഗസ്റ്റീൻ, നെല്ലി, നാരകം, പനിനീർ ചാന്പ, സപ്പോട്ട, ഇരിന്പൻ പുളി, കടപ്ലാവ് തുടങ്ങിയവ ഇവിടെയുണ്ട്. വലിയ പ്രാവിൻ കൂടും ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി ഉത്പാദിപ്പിക്കാൻ സോളാർ പാനലുകളും ഈ ഫലവൃക്ഷത്തോട്ടത്തിലുണ്ട്. വെച്ചൂർ പശുക്കളെയും ആടുകളെയും വളർത്തുണ്ട്. കാർഷിക രംഗത്തെ പ്രവർത്തനമികവ് മുൻനിർത്തി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. തൃശൂർ നെടുംപറന്പിൽ കുടുംബാംഗമാണ് ഡോ. ഗ്രേസ് ജോർജ്.
ഡോ. മാത്യുവിനെ കൂടാതെ ഡോ. ഗ്രേസ്- ജോർജ് മാത്യു ദന്പതികൾക്ക് ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്, അമേരിക്ക), തോമസ് (എൻജിനിയർ, മസ്കറ്റ്), ആനി (എൻജിനിയർ, സിംഗപ്പുർ), കുഞ്ഞുമേരി (സൈക്കോളജിസ്റ്റ്, ബംഗളൂരൂ) എന്നിവരും മക്കളായുണ്ട്. ജോസഫിന്റെ ഭാര്യ ഡോ. അഞ്ജു മേളാംപറന്പിൽ കുടുംബാംഗമാണ്. മൂവാറ്റുപുഴ കാക്കനാട് കുടുംബാംഗമായ ഡോ. ദിവ്യയാണ് തോമസിന്റെ ഭാര്യ. സിംഗപ്പുരിൽ ഇന്റർപോളിൽ ഉദ്യോഗസ്ഥനായ അനൂപ് ഐപിഎസ് തൊടുപുഴ വാഴക്കുളം നന്പ്യാപറന്പിൽ കുടുംബാംഗവും ആനിയുടെ ഭർത്താവുമാണ്.
അർഹതപ്പെട്ടവരെ കരുതുന്നതിലൂടെയും ചേർത്തുപിടിക്കുന്നതിലൂടെയും വാച്ചാപറന്പിൽ കുടുംബം കുട്ടനാട്ടിൽ സ്നേഹത്തിന്റെ കഥയെഴുതുകയാണ്. കുട്ടനാടിനെ കൂടുതൽ സുന്ദരമാക്കുന്ന ജീവതകഥ.
ജോബി കണ്ണാടി