അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപങ്ങളും ഒരു മകന്റെ, ആരുടെയും കണ്ണുനിറയ്ക്കുന്ന യാതനകളും കൺമുന്നിൽ തെളിയും. മനസുലയ്ക്കുന്ന ഈണംകൂടിയാകുന്പോൾ പുത്തൻപാന വായിക്കുന്നതും കേൾക്കുന്നതും ശരിക്കും ഒരു ധ്യാനാനുഭവമാകും. കാലമെത്ര കഴിഞ്ഞാലും അതു പുത്തൻ പാനയായി മനസുകളെ തൊട്ടുകൊണ്ടേയിരിക്കും.
"അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ നന്മയാലെ മനസുറ്റു കേട്ടുകൊണ്ടാലും ദുഃഖമൊക്കെപ്പറവാനോ വാക്കുപോരാ മാനുഷർക്ക് ഉൾക്കനെ ചിന്തിച്ചുകൊൾവാൻ ബുദ്ധിയും പോരാ'
ഈ വരികൾ ഒരിക്കലെങ്കിലും കേൾക്കാത്തവർ ചുരുക്കമായിരിക്കും. അർണോസ് പാതിരിയുടെ പുത്തൻപാന എന്ന അതിപ്രശസ്തമായ കാവ്യത്തിലെ പന്ത്രണ്ടാം പാദം. പുത്തൻപാന കേട്ടാൽ ഒരു നിമിഷമെങ്കിലും കാതോർക്കാതെ ആർക്കും കടന്നുപോകാൻ കഴിയില്ല. അത്രയ്ക്ക് ഉള്ളു പിടിച്ചുലയ്ക്കാൻ ശേഷിയുള്ളതാണ് ആ വരികൾ. ഹൃദയത്തെ തൊടുന്ന ഈണം കൂടിയാകുന്പോൾ കേൾവിക്കാരന്റെ മനസിന്റെ കോണിലെവിടെയോ ഒരു നൊമ്പരം പൊട്ടിപ്പുറപ്പെടും... യേശു തൊട്ടരികിൽ ഉള്ളതുപോലെ തോന്നും...
ആ ദിവ്യമായ ജീവിതവും ദാരുണമായ പീഡകളും കൺമുന്നിൽ തെളിയും. കുരിശിലെ ഹൃദയം തകർക്കുന്ന ആർത്തനാദവും ജീവന്റെ വേർപെടലും അമ്മമാതാവിന്റെ മടിയിലെ ചേതനയറ്റ കിടപ്പും നമ്മുടെ ഹൃദയത്തിന്റെ കണ്ണുനിറയ്ക്കും...
ക്രിസ്തുവിന്റെ ജീവിതം എത്ര മനോഹരമായിട്ടാണ് പുത്തൻപാനയിൽ കോറിയിട്ടിരിക്കുന്നത്. വിദേശത്തു ജനിച്ച ഒരാൾ പിന്നീട് പഠിച്ചെടുത്ത മലയാളമെന്ന ഭാഷയിലെഴുതിയതാണ് കാവ്യഭംഗിയും ആശയചാരുതയും നിറഞ്ഞ പുത്തൻപാന യെന്നു മനസിലാക്കുന്പോഴാണ് അദ്ദേഹം എത്രയോ പ്രതിഭാധനനായിരുന്നുവെന്നു നാം തിരിച്ചറിയുക. ഒരു ക്രൈസ്തവ വിശ്വാസിക്കു ഹൃദയത്തോടു ചേർത്തുവയ്ക്കാൻ ഒരു ഭക്തകാവ്യം നൽകിയെന്നതിനേക്കാൾ, മലയാള ഭാഷയ്ക്ക് ഉത്കൃഷ്ടമായൊരു സമ്മാനമായിരുന്നു പുത്തൻപാന. ലക്ഷണമൊത്തൊരു മലയാള കാവ്യം.
കേരള ക്രൈസ്തവർക്കും മലയാള സാഹിത്യത്തിനും അമൂല്യമായ സംഭാവനകൾ നൽകിയ പ്രതിഭാശാലിയായിരുന്നു അർണോസ് പാതിരി എന്ന ഈശോ സഭാ വൈദികൻ. പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ജർമനിയിൽനിന്ന് ഇന്ത്യയിലേക്കു കപ്പൽ കയറുന്പോൾ തന്നെ കാത്തിരിക്കുന്നതു ദുഷ്കരമായ ഒരു കർമപഥമാകുമെന്നു പ്രതീക്ഷിച്ചുതന്നെയായിരുന്നു ഈ മിഷനറിയുടെ വരവ്.
മഹാപ്രതിഭ
മലയാള മണ്ണിൽ കാലു കുത്തിയപ്പോൾ സ്നേഹത്തിന്റെ മുദ്ര കൂടിയാണ് ഈ വൈദികൻ മലയാളക്കരയിൽ ചാർത്തിയത്. ഈ നാട്ടിലെ പരിമിതമായ സാഹചര്യങ്ങളിലും ബുദ്ധിമുട്ടുകളിലും ഒതുങ്ങി ജീവിക്കാൻ ശ്രമിക്കുന്നതിനിടയിലും ഈ നാടിനും ജനതയ്ക്കും എന്തു നൽകാൻ കഴിയുമെന്ന അന്വേഷണത്തിലായിരുന്നു അദ്ദേഹം. ജോൺ ഏണസ്റ്റ് ഹാൻസ്ലേഡൻ (1681-1732) എന്ന അർണോസ് പാതിരിയുടെ കർമപഥങ്ങൾ സേവനത്തിന്റെ തികച്ചും വേറിട്ട വഴികളായിരുന്നു.
തീർത്തും അപരിചിതമായൊരു നാട്ടിലെത്തുക, ആ നാട്ടിലെ പഠിക്കാൻ വളരെ വിഷമമുള്ള രണ്ടു ഭാഷകൾ (മലയാളവും സംസ്കൃതവും) സ്വായത്തമാക്കുക, അവയുടെ വ്യാകരണവും നിയമങ്ങളും മനസിലാക്കുക, ഈ ഭാഷകളിലെ പണ്ഡിതർക്കു മാത്രം കഴിയുന്ന രീതിയിൽ നിരവധി വ്യാകരണ ഗ്രന്ഥങ്ങളും നിഘണ്ടുകളും കാവ്യങ്ങളുമൊക്കെ രചിക്കുക... ഇതൊക്കെ ചെയ്തയാളെ എങ്ങനെ വിശേഷിപ്പിച്ചാൽ മതിയാകും... എഴുത്തുകാരനെന്നോ പണ്ഡിതനെന്നോ മഹാപ്രതിഭയെന്നോ? ഈ വിശേഷണങ്ങളെല്ലാം ഈ പേരിനൊപ്പം ചേർത്തുവയ്ക്കാമെന്ന് ഇനിയുള്ള കാര്യങ്ങൾകൂടി കേട്ടുകഴിയുന്പോൾ നിങ്ങൾ പറയും.
ഇന്ത്യയെ കണ്ടയാൾ
സംസ്കൃത വ്യാകരണം, സംസ്കൃത നിഘണ്ടു, മലയാളം - പോർച്ചുഗീസ് വ്യാകരണം, മലയാളം - പോർച്ചുഗീസ് നിഘണ്ടു, സംസ്കൃതം പോർച്ചുഗീസ് നിഘണ്ടു, ഉമ്മാപർവം, വ്യാകുലപ്രബന്ധം, ആവേ മരിയ സ്റ്റെല്ല, നിഷിദ്ധപാപം, ചതുരന്ത്യം, പുത്തൻപാന എന്നിങ്ങനെ നീളുന്ന അർണോസ് പാതിരിയുടെ പ്രധാന കൃതികൾ.
സംസ്കൃതം പഠിച്ച യൂറോപ്യന്മാരിൽ അഗ്രഗണ്യനായിരുന്ന അർണോസ് പാതിരി അദ്ദേഹത്തിന്റെ സമകാലിക ഇന്ത്യൻ പണ്ഡിതരേക്കാൾ ആ ഭാഷയിൽ വ്യുല്പത്തി നേടിയ ആളായിരുന്നുവെന്നാണ് മാക്സ് മുള്ളർ വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ മഹത്വം പഠനവിഷയമായ, യൂറോപ്പിൽ ജന്മം കൊണ്ട ഇന്ത്യ വിജ്ഞാനീയം (Indology) എന്ന ശാസ്ത്ര ശാഖയുടെ ആദ്യകാല സാരഥിയാണ് അർണോസ് പാതിരി.
പുത്തൻപാന
മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ എഴുത്തച്ഛന്റെ ‘രാമായണ ഭാരത’കൃതി കഴിഞ്ഞാൽ അടുത്ത സ്ഥാനം അർണോസ് പാതിരിയുടെ ‘പുത്തൻപാന‘യ്ക്കാണെന്നു പറഞ്ഞത് സാക്ഷാൽ ഉള്ളൂർ ശ്രീ പരമേശ്വരയ്യർ ആയിരുന്നു. അർണോസ് പാതിരിയുടെ പുത്തൻപാന, ചതുരന്ത്യം, ഉമ്മാപർവ്വം, ഉമ്മാടെ ദുഃഖം, വ്യാകുല പ്രബന്ധം, ജനോവ പർവ്വം, ആത്മാനുതാപം, നിഷിദ്ധപാപം എന്നിവ ക്രൈസ്തവ വിശ്വാസവും ഭക്തിയും പ്രകടിപ്പിക്കുന്നവയാണ്. ഇവയിൽ പുത്തൻപാനയാണ് അദ്ദേഹത്തെ അനശ്വരനാക്കിയതെന്നു പറയാം. പുത്തൻപാനയെ മാർത്തോമാ ക്രിസ്ത്യാനികളുടെ ദൈവശാസ്ത്ര ഗ്രന്ഥമായും ബൈബിളായും വിശേഷിപ്പിക്കുന്നവരുണ്ട്.
സൃഷ്ടി മുതൽ അപ്പസ്തോലന്മാരെ പ്രേഷിത പ്രവർത്തനത്തിനായി വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നതു വരെയുള്ള ബൈബിളിലെ പ്രധാന സംഭവങ്ങളാണ് ഇതിലെ പ്രതിപാദ്യം. അടിയുറച്ച ക്രൈസ്തവ വിശ്വാസവും പരമ്പരാഗത ക്രൈസ്തവ ജീവിതശൈലിയും സ്വന്തമാക്കിയ കേരളത്തിലെ ക്രൈസ്തവർക്ക് ഇനി ആവശ്യമുള്ളത് വേദോപദേശമല്ല ബൈബിളാണെന്നു ബോധ്യപ്പെട്ടതോടെയാണ് അദ്ദേഹം പുത്തൻപാന അഥവാ മിശിഹാ ചരിത്രം രചിക്കുന്നത്.
കുടുംബങ്ങളിലേക്ക്
ആധുനിക മലയാളത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന എഴുത്തച്ഛന്റെ ‘രാമായണ ഭാരതം’ ഹിന്ദുക്കൾ സന്ധ്യാസമയത്തു കുടുംബങ്ങളിൽ ഭക്തിപൂർവം പാരായണം ചെയ്യുന്നത് മനസിലാക്കിയ പാതിരി നാടിന്റെ പരമ്പരാഗത ശൈലിയെ കടമെടുക്കുകയാണ് ചെയ്തത്. അങ്ങനെ "പാന’യുടെ മാതൃകയിൽ "പുത്തൻപാന’ നിലവിൽ വന്നു.
1905ലാണ് ആദ്യ കത്തോലിക്ക ബൈബിൾ മലയാളത്തിൽ പ്രസിദ്ധീകൃതമായതെങ്കിൽ അതിനും രണ്ടു നൂറ്റാണ്ട് മുമ്പേ അർണോസ് പാതിരി ബൈബിൾ മലയാളത്തിൽ കാണിച്ചുകൊടുത്തു. സ്ഥല, കാലാനുരൂപണം ക്രൈസ്തവ മതപ്രഘോഷണത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ വ്യക്തമാക്കിയതിനു രണ്ടര നൂറ്റാണ്ട് മുന്പേ അർണോസ് പാതിരി അതു നടപ്പിൽ വരുത്തിയെന്നു പറയാം.
ഒരു വിദേശി എഴുതിയതോ?
ഒരു വിദേശിയുടെ കൃതി എന്നു തോന്നാത്ത വിധം രചനാസൗഭഗം പുത്തൻ പാനയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
കുപ്പിക്ക് ഛേദം വരുത്താതെ ആദിത്യൻ കുപ്പി തന്നിൽ കടക്കുവതുപോലെ ഉദരത്തിന് ചേദം വരുത്താതെ മേദിനയിലിറങ്ങി സർവ്വ പ്രഭു (പുത്തൻ പാന 5:19-20)
ഈശോയുടെ പ്രകാശമഹിമയും മാതാവിന്റെ നൈർമല്യവും ദൈവ ജനനം കന്യകമറിയത്തിന്റെ ശരീരത്തിൽ മാറ്റം ഒന്നും ഉണ്ടാക്കിയില്ലെന്ന പ്രകൃത്യതീത സത്യവും ഹൃദയഹാരിയായി ഇവിടെ ആവിഷ്കരിച്ചിരിക്കുന്നു.
കാലത്തിനുടെ മധ്യ മടുത്തപ്പോൾ ഭൂലോകത്തിനു രക്ഷയുദിപ്പാനായി വെളിച്ചമേറും നക്ഷത്രമെന്ന പോൽ തെളിവോടിങ്ങുദിച്ചു കന്യാമണി (പുത്തൻപാന 3:1-4)
കന്യകമറിയത്തിന്റെ സൗന്ദര്യവും ഔന്നത്യവും തേജസും പ്രതിഫലിപ്പിക്കുന്ന വരികൾ.
പുത്തൻപാനയിൽ പറയുന്നത്
ഈശോയുടെ ജീവിതവും സന്ദേശവുമാണ് പുത്തൻപാനയിലെ മുഖ്യപ്രമേയം. പ്രപഞ്ചസൃഷ്ടി, മാലാഖമാരുടെ പതനം (ഒന്നാം പാദം ), പറുദീസാനഷ്ടം, പശ്ചാത്താപം, രക്ഷകനെ നൽകുമെന്ന വാഗ്ദാനം, മിശിഹായുടെ ആഗമനത്തിൽ പ്രതീക്ഷ പുലർത്തിയ പൂർവപിതാക്കൾ ( രണ്ടാം പാദം) എന്നിങ്ങനെ ആദ്യത്തെ രണ്ടു പാദങ്ങളിലെ 94 ഈരടികളിൽ ബൈബിൾ പഴയനിയമം ഉല്പത്തി മുതൽ മലാക്കി ഉൾപ്പെടെയുള്ള വിഷയങ്ങൾ അർണോസ് പാതിരി സംഗ്രഹിച്ചിരിക്കുന്നു.
മൂന്നും നാലും പാദങ്ങളിലെ കേന്ദ്രബിന്ദു കന്യാമറിയമാണ്. ദൈവജനനിയുടെ ജനനം, ബാല്യം, വിവാഹനിശ്ചയം ( മൂന്നാം പാദം), ദൈവദൂതന്റെ സന്ദേശം, പ്രകൃത്യതീതമായ ഗർഭധാരണം, വിശുദ്ധ യൗസേപ്പിന്റെ സംശയവും പരിഹാരവും (നാലാം പാദം) എന്നിവ ഉൾപ്പെടുന്ന ഈ രണ്ടു പാദങ്ങളിൽ മരിയഭക്തനായ അർണോസ് പാതിരി രക്ഷാചരിത്രത്തിൽ കന്യകാമറിയത്തിനുള്ള പങ്ക് വരച്ചുകാട്ടുന്നു.
ഈശോയുടെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള സംഭവങ്ങളാണ് അടുത്ത എട്ടു പാദങ്ങളിൽ. അവസാന പാദത്തിൽ ഉത്ഥിതനായ മിശിഹായും കന്യകാമറിയവും തമ്മിലുള്ള സംഭാഷണം, സ്വർഗാരോഹണം, പരിശുദ്ധാത്മാവിന്റെ ആഗമനം, ക്രിസ്തുശിഷ്യരുടെ പ്രേഷിതപ്രവർത്തനം എന്നിവ കാണാം. ആകെ 1,596 ഈരടികൾ. വിവരണങ്ങളെല്ലാം വിശുദ്ധഗ്രന്ഥം അടിസ്ഥാനമാക്കി.
അപ്രാമാണിക ഗ്രന്ഥങ്ങളിലെ ചില കഥകളും കൂട്ടത്തിൽ കാണാം. പുതിയ നിയമത്തിൽ കന്യകാമറിയത്തിനു നൽകിയിരിക്കുന്നതിനേക്കാൾ വലിയ പ്രാധാന്യമാണ് പുത്തൻ പാനയിൽ അർണോസ് പാതിരി നൽകുന്നത്. സുവിശേഷ പ്രചാരണം ജീവിതവ്രതമാക്കിയ അദ്ദേഹം സ്വർഗാരോഹണത്തോടെ അവസാനിപ്പിക്കാതെ ക്രിസ്തുശിഷ്യരുടെ പ്രേഷിത പ്രവർത്തനം വർണിച്ചു തന്റെ കാവ്യരചനയുടെ ലക്ഷ്യംകൂടി മുന്നോട്ടുവയ്ക്കുന്നു.
കേട്ടു പഠിച്ചു പാടാൻ
ഋജുവായ സംഭവ വിവരണങ്ങൾക്കിടയ്ക്ക് മിഴിവും തേജസുമുള്ള വർണനകൾ പുത്തൻപാനയിൽ കാണാം. പറുദീസായിൽ പിശാചിന്റെ പ്രലോഭനം (2:3-23), കന്യകാമറിയത്തിന്റെ ജനനം (3:1-30), ക്രിസ്തു മകനായി പിറക്കുമെന്നറിഞ്ഞ ദൈവജനനിയുടെ ആനന്ദം (3:40-67), പീലാത്തോസിന്റെ അരമനയിൽ ക്രിസ്തുവിനേറ്റ മർദനം (11:45-61), പീഡാനുഭവയാത്ര (11: 85-98) തുടങ്ങിയവ ഉദാഹരണങ്ങൾ.
എഴുത്തച്ഛനെപ്പോലെ സന്ദർഭൗചിത്യത്തോടെ ഈശ്വരസ്തുതികൾ ഇണക്കി ചേർക്കാൻ അർണോസ് പാതിരി ശ്രദ്ധിച്ചിട്ടുണ്ട്. വീടുകളിൽ നിത്യപാരായണത്തിനും നിരക്ഷരർക്കു കേട്ടുപഠിച്ചു പാടാനും ലളിതഭാഷയിലുള്ള ഗാനകാവ്യം ഉപകരിക്കുമെന്ന് അദ്ദേഹം കരുതി. എഴുത്തച്ഛനും പൂന്താനവും ഈ രംഗത്തു നേടിയ വിജയം അദ്ദേഹത്തിനു പ്രചോദനമേകിയെന്നു പറയാം. ഒരർഥത്തിൽ മലയാളത്തിലെ ആദ്യത്തെ ബൈബിളാണ് പുത്തൻപാന!
ഡോ. ജയിംസ് പുലിയുറുന്പിൽ