യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ടിയും പാറക്കെട്ടുകളിൽ വലിഞ്ഞുകയറിയും വെള്ളച്ചാട്ടങ്ങൾ മറികടന്നും ആഗാധ ഗർത്തങ്ങളിലേക്ക് തൂങ്ങിയിറങ്ങിയുമൊക്കെ അവർ യാത്രയുടെ പുതിയ രസം കണ്ടെത്തുന്നു.
ട്രെക്കിംഗ് ഹരമാക്കിയ മലയാളി സുനിൽ പായിക്കാട് പുതിയൊരു യാത്രയ്ക്കു തയാറെടുക്കുന്നു. ലോകത്തിലെതന്നെ ഏറ്റവും ദുഷ്കരമായ ട്രെക്കുകളിലൊന്ന്. നേപ്പാൾ അന്നപൂർണ സർക്യൂട്ട്...
നാഷണൽ പെർമിറ്റ് ലോറി വയനാടൻ ചുരങ്ങൾ താണ്ടി പുറപ്പെടാൻ ഒരുങ്ങിനിൽക്കുന്നു. പൊള്ളാച്ചിയിലേക്കാണ് യാത്ര. പതിവുപോലെ യാത്രയ്ക്കു വേണ്ട സാധനങ്ങളൊക്കെ ഒരുക്കി തയാറെടുക്കുകയാണ് വീട്ടുകാർ കുഞ്ഞായി എന്നു വിളിക്കുന്ന ഫ്രാൻസിസ്. പൊള്ളാച്ചിയിലേക്കു പുറപ്പെടുന്നു എന്നറിഞ്ഞതു മുതൽ കുഞ്ഞായിയുടെ പിന്നാലെ കെഞ്ചി നടക്കുകയാണ് പന്ത്രണ്ട് വയസുകാരൻ സുനിൽ.
എങ്ങനെയെങ്കിലും ലോറിയിൽ കയറിപ്പറ്റി ഒരു യാത്ര പോകണമെന്നതാണ് പയ്യന്റെ മോഹം. വയനാട്ടിലെ കുന്നും മലയുമൊക്കെ താണ്ടി പലേടത്തേക്കും യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇന്നേവരെ വയനാടിനു പുറത്തേക്കു പോകാൻ കഴിഞ്ഞിട്ടില്ല. പലരും പറഞ്ഞുകേട്ട അതിനപ്പുറമുള്ള ലോകം ഒന്നു കാണണമെന്ന മോഹം തുടങ്ങിയിട്ട് നാളുകളായി.
ചേട്ടന്റെ ലോറിയിൽ കയറിയാൽ കുറച്ചു ദിവസങ്ങൾ കുറെ സ്ഥലങ്ങൾ ചുറ്റിയടിച്ചുവരാം. പക്ഷേ, പിറകെ നടന്നു ചോദിച്ചിട്ടും ചേട്ടൻ വഴങ്ങിയിട്ടില്ല. പിള്ളേരെയൊക്കെയുമായി അങ്ങനെ ദൂരസ്ഥലത്തേക്കൊന്നും പോകാൻ പറ്റില്ലെന്നു പറഞ്ഞു ബലം പിടിച്ചുനിൽക്കുകയാണ് കുഞ്ഞായി.
പക്ഷേ, യാത്രാഭ്രമം തലയ്ക്കു പിടിച്ച സുനിൽ വിട്ടില്ല. കൊണ്ടുപോകില്ലെന്നു പലവട്ടം കർശനമായി പറഞ്ഞിട്ടും പിന്നെയും പിന്നെയും ചോദിച്ചു. അനുജനോടുള്ള വാത്സല്യമാണോ ചോദ്യത്തിലെ ദൈന്യതയാണോയെന്നറിയില്ല ഏതോ ഒരു നിമിഷത്തിൽ കുഞ്ഞായി വീണു, എങ്കിൽ നീയും കൂടി കയറിക്കോ. പിന്നെ സ്വർഗം കിട്ടിയ സന്തോഷവുമായി ആ പന്ത്രണ്ടു വയസുകാരൻ ഭീമൻ ലോറിയിലേക്കു വലിഞ്ഞുകയറി.
സാഹസിക യാത്രകൾ
പന്ത്രണ്ടാം വയസിൽ തമിഴ്നാട്ടിലെ പൊള്ളാച്ചിയിലേക്ക് ആ യാത്ര നടത്തുന്പോൾ സുനിൽ ഒാർത്തിരുന്നില്ല ഇത് നിരവധി യാത്രകളുടെ തുടക്കമായിരിക്കുമെന്ന്. അതോടെ മാനന്തവാടി പായിക്കാട് വർഗീസ് - മേരി ദന്പതികളുടെ മകൻ സുനിലിന്റെ മനസിൽ യാത്ര ഒരു ഹരമായി കയറിപ്പറ്റി. പഠനകാലത്തും അതിനു ശേഷവും യാത്രകൾ തുടങ്ങി. ഒറ്റയ്ക്കും കൂട്ടുകാർക്കൊപ്പവും കുടുംബത്തിനൊപ്പവുമൊക്കെ യാത്രകൾ.
ഇന്ത്യയിലെന്പാടും ബുള്ളറ്റ് റൈഡുകൾ നടത്തി. വിദേശത്തേക്കു ജോലിക്കു പോയപ്പോഴും ഒഴിവു ദിവസങ്ങളും അവധിക്കാലവും യാത്രകൾക്കായി മാറ്റിവച്ചു. ഇതിനിടയിലാണ് വെറുതെ യാത്ര പോയി കുറെ സ്ഥലങ്ങൾ കണ്ടു മടങ്ങുന്നതിൽ മാത്രമല്ല കാര്യമെന്നു തോന്നിത്തുടങ്ങിയത്. യാത്രയ്ക്ക് അല്പംകൂടി ത്രിൽ വേണ്ടേ..? ഈ ചോദ്യം സുനിലിനെ എത്തിച്ചത് ട്രെക്കിംഗ് ട്രാക്കുകളിൽ. കേരളത്തിൽ ഇനിയും അത്ര പോപ്പുലർ അല്ലാത്ത സാഹസിക യാത്രകൾ. ഇതിനകം വിവിധ രാജ്യങ്ങളിലായി ചെറുതും വലുതുമായ ഇരുനൂറിലേറെ ട്രെക്കിംഗുകൾ നടത്തിക്കഴിഞ്ഞു ഈ വയനാട്ടുകാരൻ.
ദുർഘട പാതകൾ, ചെങ്കുത്തായ മലകൾ, കൂറ്റൻ പാറക്കെട്ടുകൾ, നിബിഡ വനങ്ങൾ, അഗാധമായ കൊക്കകൾ, ദുഷ്കരമായ കാലാവസ്ഥ എന്നിങ്ങനെ സാധാരണക്കാർ തോറ്റുമടങ്ങുന്ന പല പ്രതിബന്ധങ്ങളെയും നിശ്ചയദാർഢ്യത്തോടെയും ചങ്കൂറ്റത്തോടെയും നേരിട്ടു കീഴടക്കുകയാണ് സുനിലും സംഘവും. വയനാട്ടിൽനിന്ന് ഗോവ, കർണാടക, തമിഴ്നാട്, ലെ, ഭൂട്ടാൻ, നേപ്പാൾ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലേക്കു നടത്തിയ ബുള്ളറ്റ് റൈഡുകൾ നൽകിയ ആത്മവിശ്വാസമായിരുന്നു ട്രെക്കിംഗ് പാതയിലേക്കു കാലെടുത്തുവയ്ക്കുന്പോഴുള്ള കൈമുതൽ. പക്ഷേ, അന്നു മുതൽ ഒരു പ്രതിസന്ധിക്കു മുന്നിലും തോറ്റു മടങ്ങിയിട്ടില്ലെന്നു സുനിൽ പറയുന്നു.
അന്നപൂർണ വെല്ലുവിളി
ഇതുവരെ നടത്തിയിട്ടുള്ളതിൽ ഏറ്റവും ദൈർഘ്യമുള്ള ഒരു സാഹസിക യാത്രയ്ക്ക് ഒരുങ്ങുകയാണ് സുനിലും സംഘവും. ഈ ദിവസങ്ങൾ മുഴുവൻ അതിനായി ശാരീരികമായും മാനസികമായുമുള്ള ഒരുക്കത്തിലാണ്. മാർച്ച് 17നാണ് യാത്രയുടെ തുടക്കം. നേപ്പാളിലെ അന്നപൂർണ സർക്യൂട്ട് ട്രെക്ക് ആണ് ഈ സാഹസികരെ കാത്തിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ പത്താമത്തെ കൊടുമുടിയാണ് അന്നപൂർണ. അതുപോലെതന്നെ ലോകത്തിലെതന്നെ ഏറ്റവും ദുഷ്കരമായ പത്തു ട്രെക്കിംഗുകളിൽ ഒന്നായിട്ടാണ് അന്നപൂർണയിലൂടെയുള്ള സാഹസിക യാത്ര വിലയിരുത്തപ്പെടുന്നത്. അന്നപൂർണ കൊടുമുടികളെ ചുറ്റി 21 ദിവസം നീളുന്ന യാത്ര. 230 കിലോമീറ്റർ നീളുന്ന ട്രെക്കിംഗ് ആണ് അന്നപൂർണ സർക്യൂട്ട് ട്രെക്ക്. അപാരമായ ചങ്കൂറ്റവും നിശ്ചയദാർഢ്യവും ശാരീരികക്ഷമതയുമാണ് അന്നപൂർണയെ നേരിടാൻ വേണ്ടത്.
തുളച്ചുകയറുന്ന കാറ്റും അസ്ഥികോച്ചുന്ന തണുപ്പും ചെങ്കുത്തായ കയറ്റവും മഞ്ഞുമൂടിയ പർവതശിഖരങ്ങളുമൊക്കെയാണ് അന്നപൂർണയിൽ വെല്ലുവിളി ഉയർത്തുന്നത്. ചെറിയ അശ്രദ്ധയ്ക്കു പോലും വലിയ വില കൊടുക്കേണ്ടിവരും. മനസും ശരീരവും ഒരൊറ്റ ലക്ഷ്യത്തിലേക്കു കേന്ദ്രീകരിക്കുന്പോൾ ഏതു പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള ഊർജം ശരീരത്തിലേക്ക് എത്തുമെന്നു സുനിൽ സാക്ഷ്യപ്പെടുത്തുന്നു.
നട കയറും മല കയറും
ദിവസവും ചട്ടപ്രകാരം വ്യായാമം ചെയ്യുന്ന ഒരാളല്ല ഞാൻ. എന്നാൽ, ഒരു ട്രെക്കിംഗ് പ്ലാൻ ചെയ്താൽ പിന്നെ ദിവസങ്ങളോളം ശരീരത്തെയും മനസിനെയും അതിനായി ഒരുക്കും. ജീവിതരീതികൾതന്നെ അതിനനുസരിച്ചു ക്രമീകരിക്കും. ദിവസവും രണ്ടു മൂന്നു കിലോമീറ്റർ ഒാടുക, താമസിക്കുന്ന പതിനഞ്ച് നില കെട്ടിടത്തിന്റെ നടകൾ ദിവസവും രണ്ടു നേരമെങ്കിലും കയറുക, ഒാരോ ആഴ്ചയിലും 20 കിലോമീറ്റർ എങ്കിലും ട്രെക്കിംഗ് നടത്തുക ഇവയൊക്കെ പാലിച്ചാണ് ശാരീരികക്ഷമത നിലനിർത്തുന്നത്. അതോടൊപ്പം ബേസിക് യോഗ പരിശീലിക്കുന്നതു വഴി ശ്വാസകോശത്തെയും മറ്റും ബലപ്പെടുത്തും.
ആദ്യം വിലക്കി, പിന്നെ...
ട്രെക്കിംഗിലേക്കു തിരിഞ്ഞതോടെ വീട്ടുകാർക്ക് ആദ്യം വലിയ പേടിയായിരുന്നു. കുടുംബത്തിൽ ഞങ്ങൾ എട്ടു പേരാണ്. ഏഴ് ആണുങ്ങളും ഒരു പെങ്ങളും. പെങ്ങൾക്ക് അന്നും ഇന്നും യാത്രകൾ ഇഷ്ടമാണെങ്കിലും ട്രെക്കിംഗിനോട് അത്ര മമതയില്ല. വലിയ സാഹസികതയൊന്നും വേണ്ടെന്ന് ഇടയ്ക്കിടെ പറയും.
ഭാര്യ സജിനയ്ക്കും ആദ്യമൊക്കെ പേടിയായിരുന്നു. ട്രെക്കിംഗ് വേണ്ടെന്നു വിലക്കുമായിരുന്നു. പിന്നെ എന്റെ സന്തോഷവും ആത്മവിശ്വാസവും കണ്ടിട്ടാവണം അവളുടെ പേടി പതിയെ കുറഞ്ഞുവന്നു. ഇപ്പോൾ ദുബായിൽ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്ന സജിനയും മക്കളായ അച്ചുവും അമയയും യാത്ര സാഹസികമാണെങ്കിലും അല്ലെങ്കിലും കട്ട സപ്പോർട്ടുമായി ഒപ്പമുണ്ട്.
പ്രധാന ട്രെക്കിംഗുകൾ
ഇരുനൂറിലേറെ ട്രെക്കിംഗുകൾ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും അതിൽത്തന്നെ അഭിമാനത്തോടെ ഒാർക്കുന്നത് സ്റ്റോക്ക് കാൻഗ്രി ലഡാക്ക് (20,100 അടി), എവറസ്റ്റ് ബേസ് ക്യാന്പ് ട്രെക്ക് (17,598 അടി), ഇൻഗോംഗ് ഹിൽസ് ട്രെക്ക് കെനിയ, മെസ്റ്റ്യ ട്രെക്ക് ജോർജിയ, സ്നേക്ക് കാനിയോൺ ട്രെക്ക് ഒമാൻ തുടങ്ങിയവയാണ്.
ദുഷ്കരമായ കാലാവസ്ഥയും കുത്തനെയുള്ള കൊടുമുടികളും നിറഞ്ഞ ഈ ട്രെക്കിംഗ് പാതകൾ ഏതൊരു സാഹസിക സഞ്ചാരിക്കും വെല്ലുവിളിയാണ്. യാത്രകൾക്ക് ആദ്യം മുതലേ സഹോദരങ്ങൾ വലിയ പ്രോത്സാഹനമായിരുന്നു. ഇതുവരെ ട്രെക്കിംഗിനും മറ്റു യാത്രകൾക്കുമായി 13 രാജ്യങ്ങൾ സന്ദർശിച്ചു. പിന്നെ വർഷത്തിൽ രണ്ടു മാസം വീതം കിട്ടുന്ന അവധി ഉപയോഗിച്ച് അഞ്ചു വർഷംകൊണ്ട് ഇന്ത്യ മുഴുവൻ കുടുംബത്തോടൊപ്പം ചുറ്റിയടിച്ചു.
ട്രെക്കിംഗ് മാത്രമോ?
ട്രെക്കിംഗിനൊപ്പം മറ്റു സാഹസിക വിനോദങ്ങളും ഇഷ്ടമായിരുന്നു. സ്വിമ്മിംഗ്, കയാക്കിംഗ്, കുതിരയോട്ടം, പാരാഗ്ലൈഡിംഗ്, റോക്ക് ക്ലൈംബിംഗ്, അബ്സെയിലിംഗ് (പാറക്കെട്ടിൽനിന്നു താഴേക്ക് ഇറങ്ങുക) തുടങ്ങിയവയെല്ലാം ഇടയ്ക്കിടെ പരീക്ഷിക്കുമായിരുന്നു. എന്നാൽ, കൊറോണ വന്നതോടെ മറ്റു സാഹസിക വിനോദങ്ങൾ കുറഞ്ഞപ്പോൾ ട്രെക്കിംഗിൽ കൂടുതൽ സമയം ചെലവഴിച്ചുതുടങ്ങി.
കഴിഞ്ഞ 20 വർഷമായി ദുബായിൽ ജോലിയിലും ബിസിനസിലുമൊക്കെ സജീവമാണെങ്കിലും ട്രെക്കിംഗ് മുടക്കിയിട്ടില്ല. ആദ്യമൊക്കെ നാട്ടിൽ വന്നു മാത്രമായിരുന്നു ട്രെക്കിംഗ്. കഴിഞ്ഞ പത്തുവർഷമായി യുഎഇ ട്രെക്കിംഗ് ഏരിയകളിലും ട്രെക്ക് നടത്തുന്നു. കഴിഞ്ഞ മൂന്നു വർഷമായി തണുപ്പുള്ള അഞ്ചു മാസങ്ങളിൽ എല്ലാ ആഴ്ചയിലും രണ്ടു ട്രെക്കിംഗ് വീതം ചെയ്യാറുണ്ട്. വർഷത്തിലൊരിക്കൽ ഇന്ത്യയിലോ വിദേശത്തോ വലിയ ട്രെക്കിംഗിനു പോകുന്നതും മുടക്കാറില്ല.
മറക്കാനാവില്ല
ആദ്യമൊക്കെ യാത്ര പോകുന്പോൾ പല ആശങ്കകളുണ്ടായിരുന്നു. ആരെങ്കിലും സഹായിക്കാൻ കാണുമോ? എന്തെങ്കിലും പ്രശ്നംവന്നാൽ എന്തുചെയ്യുമെന്നൊക്കെ. യാത്ര പോയിത്തുടങ്ങിയപ്പോൾ ആ ആശങ്ക ഇല്ലാതായി. 10 വർഷങ്ങൾക്കു മുന്പ് കൂട്ടുകാരോടൊപ്പം കാഷ്മീർ റൈഡിനു പോയപ്പോൾ കൂട്ടുകാരിൽനിന്ന് ഒറ്റതിരിഞ്ഞുപോയി.
പോസ്റ്റ് പെയ്ഡ് മൊബൈൽ കണക്ഷൻ ഇവിടെ പ്രവർത്തിക്കില്ല. അതുപോലെ ഹിന്ദി വശമില്ലാത്തതിനാൽ രാത്രിയിൽ വഴിയിൽ പെട്ടുപോയി. എന്നാൽ, കാവൽ എന്നു പേരുള്ള ഒരു സിക്ക് യുവാവ് കാവൽ മാലാഖയെപ്പോലെ പ്രത്യക്ഷപ്പെട്ടു. സ്നേഹംകൊണ്ടും ആതിഥ്യ മര്യാദകൊണ്ടും അയാൾ വിസ്മയിപ്പിച്ചുകളഞ്ഞു.
ലഡാക്കിലെ സ്റ്റോക്ക് കാംഗ്രി കയറിയപ്പോഴുള്ള നടുക്കുന്ന അനുഭവം ഇന്നും മറന്നിട്ടില്ല. ഏഴു മണിക്കൂർ കൊണ്ടാണ് കടുത്ത മഞ്ഞുവീഴ്ചയെയും ചീറിയടിക്കുന്ന കാറ്റിനെയും നേരിട്ടു മുകളിൽ എത്തിയത്. കാലാവസ്ഥ അതീവദുഷ്കരമായിരുന്നു. കടുത്ത തണുപ്പുമൂലം ശ്വാസം കിട്ടാതെ വന്നതോടെ തിരിച്ചിറക്കത്തിൽ ഗൈഡ്, സാധനങ്ങൾ ചുമക്കാൻ ഒപ്പമുണ്ടായിരുന്ന കുതിരയുടെ പുറത്തു കയറ്റിയിരുത്തി.
കൊക്കയ്ക്കു സമീപത്തുകൂടി കുതിരപ്പുറത്തുള്ള തിരിച്ചിറക്കം ഇന്നും നടക്കത്തോടെ മാത്രമേ ഒാർക്കാൻ കഴിയൂ. മഞ്ഞിൽ ഒന്നു തെന്നിയാൽ കുതിരയും ആളും കൊക്കയിൽ വീഴും. ഏഴു മണിക്കൂർ കൊണ്ട് അവൻ പക്ഷേ എന്നെ താഴെയത്തിച്ചു. താഴെ തയാറായി നിന്നിരുന്ന കാറിൽ ഉടൻ ആശുപത്രിയിലേക്ക്. അന്നു മൂന്നു മണിക്കൂർ കൃത്രിമശ്വാസം തന്നതിനു ശേഷമാണ് ജീവിതത്തിലേക്കു തിരിച്ചെത്തിയതെന്നു പറയാം. അതീവദുഷ്കരമായിരുന്നെങ്കിലും ഒാർക്കുന്പോൾ അഭിമാനം തോന്നുന്ന യാത്രയായിരുന്നു അത്.
ട്രെക്കിംഗ് ഇന്ത്യയിൽ
ഇന്ത്യയിൽ ട്രെക്കിംഗ് നടത്തുന്ന നിരവധി സംഘടനകളുണ്ട്. ദുബായിൽ ഈ താത്പര്യമുള്ളവരുടെ ഒരു കൂട്ടായ്മ രൂപീകരിച്ചിരുന്നു. ഇന്ത്യയിൽ മൗണ്ടനിയറിംഗ് പഠിപ്പിക്കുന്ന നാലു സർക്കാർ സ്ഥാപനങ്ങൾ തന്നെയുണ്ട്. അതേസമയം, കേരളത്തിൽ ഇതിനോടു താത്പര്യമുള്ളവരും വടക്കേന്ത്യയിലേക്കാണ് പോകുന്നത്. കാരണം, കേരളത്തിൽ സർക്കാർ അംഗീകൃത ട്രെക്കിംഗ് റൂട്ടുകൾ കുറവാണ്. ഉള്ളതു ചില പ്രത്യേക കാലാവസ്ഥകളിൽ മാത്രം ഉപയോഗിക്കുന്നതുമാണ്.
കേരളത്തിൽ ഇനിയും ശ്രദ്ധ കിട്ടേണ്ടതും പ്രയോജനപ്പെടുത്താവുന്നതുമായ ഒരു സാഹസിക വിനോദമാണ് ട്രെക്കിംഗ്. തിരുവനന്തപുരം അഗസ്ത്യകൂടം, ഇടുക്കി മീശപ്പുലിമല, രാമക്കൽമേട്, പാലക്കാട് ധോണി ഹിൽസ്, സൈലന്റ് വാലി, നെല്ലിയാംപതി, വയനാട് പക്ഷിപാതാളം, ചെന്പ്ര കൊടുമുടി, തുഷാരഗിരി, ബ്രഹ്മഗിരി കൊടുമുടി എന്നിവയൊക്കെയാണ് കേരളത്തിലെ പ്രധാന ട്രെക്കിംഗ് റൂട്ടുകൾ.
മലകയറിയാൽ
ഇങ്ങനെ കഷ്ടപ്പെട്ടും ജീവൻ പണയപ്പെടുത്തിയും മലകയറിയാൽ എന്തുണ്ട് പ്രയോജനമെന്നു പലരും ചോദിക്കാറുണ്ട്. ആരോഗ്യത്തെ സന്പത്തായി കരുതുന്നവർക്കുള്ളതാണ് ഈ വിനോദം. ശാരീരികക്ഷമത വർധിക്കും. വലിയ ചെലവ് ഇല്ലാതെ യാത്രകൾ നടത്താം. ഒരു മലയെ കീഴടക്കുന്പോൾ ലഭിക്കുന്ന ആത്മവിശ്വാസം പറഞ്ഞറിയിക്കാനാവില്ല.
ജീവിതപ്രതിസന്ധികളെ നേരിടാനുള്ള ധൈര്യം, ന്യൂജെൻ രോഗങ്ങളെ അകറ്റിനിർത്താനുള്ള വഴി, ടീം വർക്ക് ഇതൊക്കെ ഈ ട്രെക്കിംഗ് നൽകുന്ന ഗുണങ്ങളിൽ ചിലത്. അജ്മാൻ വിക്ടോറിയ കോളജ് പ്രിൻസിപ്പലാണ് സുനിൽ പായിക്കാട്. അതുപോലെ കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെ സാമൂഹ്യരംഗത്തും സജീവമാണ്.
ജോൺസൺ പൂവന്തുരുത്ത്