സുരക്ഷയും ആധുനികതയും കരുത്തും ഒത്തുചേരുന്ന ആഡംബര എസ്യുവികളുടെ ലോകത്തേക്ക് ഔഡി തങ്ങളുടെ പുത്തൻ കരുത്തൻ എസ്ക്യു8 എത്തിച്ചിരിക്കുകയാണ്. സാധാരണ ക്യു8 മോഡലിനും ടോപ്പ് എൻഡ് വേരിയന്റായ ആർഎസ് ക്യു8നും ഇടയിലായാണ് പുതിയ വാഹനത്തിന്റെ സ്ഥാനം. ഔഡി ആരാധകർക്ക് ഒരു സ്പോർട്സ് കാറിന്റെ പെർഫോമൻസും ഒരു ഫാമിലി എസ്യുവിയുടെ സൗകര്യങ്ങളും ഒരേപോലെ വാഗ്ദാനം ചെയ്യുന്നതാണ് എസ്ക്യു8.
►ആധുനിക ഡിസൈൻ◄
കാണുന്പോൾതന്നെ ഒരു സ്പോർട്സ് വാഹനത്തിന്റെ ലുക്ക് നൽകാൻ ഔഡിക്ക് സാധിച്ചിട്ടുണ്ട്. ക്യു8ന്റെ അതേ കൂപ്പെ സ്റ്റൈൽ ഡിസൈൻ നിലനിർത്തിക്കൊണ്ടുതന്നെ കൂടുതൽ അഗ്രസീവായ മാറ്റങ്ങളാണ് എസ്ക്യു8ൽ ഉള്ളത്. മുൻഭാഗത്ത് ഔഡിയുടെ ഐക്കണിക്കായ ലാർജ് സിംഗിൾഫ്രെയിം ഗ്രിൽ തന്നെയാണ് പ്രധാന ആകർഷണം. ഇതിന് ചുറ്റുമുള്ള സിൽവർ ആക്സന്റുകൾ വാഹനത്തിന് ഒരു പ്രീമിയം ലുക്ക് നൽകുന്നു. മാട്രിക്സ് എൽഇഡി ഹെഡ്ലൈറ്റുകളും വലിപ്പമേറിയ എയർ ഇൻടേക്കുകളും വാഹനത്തിന് വശ്യമായ രൂപം നൽകുന്നു.
വശങ്ങളിൽ വാഹനത്തിന്റെ സ്പോർട്ടി സ്വഭാവം വ്യക്തമാക്കുന്ന 21 ഇഞ്ച് അലോയ് വീലുകൾ സ്റ്റാൻഡേർഡായി വരുന്നുണ്ട്. 22 ഇഞ്ച് അലോയ് വീലുകൾ ഓപ്ഷണലായും ലഭ്യമാണ്. റെഡ് ബ്രേക്ക് കാലിപ്പറുകൾ ഇതിന്റെ സ്പോർട്ടി ലുക്ക് വർധിപ്പിക്കുന്നു. പിന്നിൽ കണക്റ്റഡ് ആയിട്ടുള്ള എൽഇഡി ടെയിൽ ലാന്പുകൾ രാത്രികാല കാഴ്ചയിൽ മനോഹരമാണ്.
►ആഡംബര ഇന്റീരിയർ◄
അകത്തളത്തിലേക്ക് കടന്നാൽ ആഡംബരവും സാങ്കേതികവിദ്യയും കോർത്തിണക്കിയ ഒരു ലോകമാണ്. ഡ്രൈവർക്ക് മുന്നിലായി 12.3 ഇഞ്ച് വലിപ്പമുള്ള ഔഡി വെർച്ച്യൂവൽ കോക്പിറ്റ് ഡിസ്പ്ലേയുണ്ട്. ഇത് വാഹനത്തിന്റെ സ്പീഡ്, നാവിഗേഷൻ, പെർഫോമൻസ് തുടങ്ങിയ വിവരങ്ങൾ നൽകുന്നു.
സെന്റർ കണ്‍സോളിൽ രണ്ട് വലിയ ടച്സ്ക്രീനുകളാണുള്ളത്. മുകളിലത്തെ സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് ആവശ്യങ്ങൾക്കും താഴത്തെ സ്ക്രീൻ ക്ലൈമറ്റ് കണ്ട്രോൾ, ടെക്സ്റ്റ് ഇൻപുട്ട് എന്നിവയ്ക്കും ഉപയോഗിക്കാം.
സംഗീത പ്രേമികൾക്കായി 17 സ്പീക്കർ ബാംഗ് & ഒലൂഫ്സെൻ 3ഡി സൗണ്ട് സിസ്റ്റമാണ് നൽകിയിരിക്കുന്നത്. നാല് സോണുള്ള ക്ലൈമറ്റ് കണ്ട്രോൾ, പവർ അഡ്ജസ്റ്റബിൾ സീറ്റുകൾ, മസാജ് ഫംഗ്ഷൻ എന്നിവയും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
►കരുത്ത്◄
ഔഡി എസ്ക്യു8ന്റെ ഹൃദയം എന്നത് 4.0 ലിറ്റർ, ട്വിൻ ടർബോചാർജ്ഡ് വി8 പെട്രോൾ എൻജിനാണ്. 500 എച്ച്പി കരുത്തും 770 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ എൻജിൻ വാഹനത്തെ 4.1 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽനിന്നും 100 കിലോമീറ്റർ വേഗതയിലേക്ക് എത്തിക്കും. പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്.
എട്ട് സ്പീഡ് ടിപ്ട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്സും ഔഡിയുടെ വിശ്വസ്തമായ ‘ക്വാട്രോ’ ഓൾ വീൽ ഡ്രൈവ് സിസ്റ്റവും ഈ കരുത്തിന് പൂർണത നൽകുന്നു. ആറു മുതൽ ഒൻപത് കിലോമീറ്റർ വരെയാണ് നഗരങ്ങളിലേയും ഹൈവേകളിലേയും ശരാശരി മൈലേജ്.
►ഫീച്ചറുകൾ◄
റോഡിലെ കുഴികളും മറ്റും തിരിച്ചറിഞ്ഞ് സസ്പെൻഷൻ സ്വയം ക്രമീകരിക്കുന്ന അഡാപ്റ്റീവ് എയർ സസ്പെൻഷൻ, വളവുകളിൽ വാഹനം കൂടുതൽ കൃത്യതയോടെ തിരിക്കാൻ സഹായിക്കുന്ന റിയർ ആക്സിൽ സ്റ്റിയറിംഗ്, സുരക്ഷയ്ക്കായി എട്ട് എയർബാഗുകൾ, 360 ഡിഗ്രി കാമറ, അഡാസ് തുടങ്ങിയ അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളും കാബിനുള്ളിൽ കൂടുതൽ വിശാലത തോന്നിക്കാൻ പനോരമിക് സണ്‍റൂഫും ഔഡി വാഹനത്തിന് നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ ഔഡി എസ്ക്യു8ന്റെ എക്സ്-ഷോറൂം വില 1.78 കോടി രൂപ മുതലാണ് ആരംഭിക്കുന്നത്. വൈറ്റോമോ ബ്ലൂ, മിത്തോസ് ബ്ലാക്ക്, ഗ്ലേസിയർ വൈറ്റ്, സാറ്റലൈറ്റ് സിൽവർ, ചില്ലി റെഡ് തുടങ്ങിയ നിറങ്ങളിൽ വാഹനം ലഭ്യമാണ്. വിപണിയിൽ പോർഷെ കായീൻ, ബിഎംഡബ്ല്യു എക്സ് 6 തുടങ്ങിയവരോടാണ് എസ്ക്യു8 മത്സരിക്കുന്നത്.
വില: 1.78 കോടി
മൈലേജ്: 9 കിലോമീറ്റര്‍
Tags : Audi SQ8 Concept elegance Autospot