ഒബെൻ ഇലക്ട്രിക് പുതിയ ഇലക്ട്രിക് ബൈക്കായ ഒബെൻ റോർ ഇവോ വിപണിയിലിറക്കി വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. ലോഞ്ച് ചെയ്ത് 15 ദിവസങ്ങൾക്കുള്ളിൽ 25,000ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കിക്കഴിഞ്ഞു.
ദൈനംദിന യാത്രകൾക്ക് അനുയോജ്യമായ മികച്ച പെർഫോമൻസ്, അത്യാധുനിക ഫീച്ചറുകൾ, സ്പോർട്ടി ഡിസൈൻ, ഒപ്പം പോക്കറ്റ് ചോരാത്ത വില എന്നിവയാണ് ഒബെൻ റോർ ഇവോയെ ജനപ്രിയമാക്കുന്നത്.
ഗ്രൗണ്ട് ക്ലിയറൻസ്
ആദ്യകാഴ്ചയിൽ തന്നെ ആകർഷിക്കുന്ന ഒരു കംപ്ലീറ്റ് സ്പോർട്ടി സ്ട്രീറ്റ് ഫൈറ്റർ ലുക്കിലാണ് ഒബെൻ റോർ ഇവോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുൻവശത്ത് മുകളിലായി ഹൊറിസോണ്ടൽ എൽഇഡി ഡിആർഎൽ സ്ട്രിപ്പോടു കൂടിയ പ്രൊജക്ടർ എൽഇഡി ഹെഡ്ലാന്പ് ബൈക്കിന് അഗ്രസീവ് ലുക്ക് നൽകുന്നു.
140 കിലോഗ്രാം ഭാരമുള്ള വാഹനത്തിന് 780 എംഎം സീറ്റ് ഹൈറ്റും 200 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് ഉള്ളതിനാൽ മോശം റോഡുകളിലും വെള്ളക്കെട്ടുള്ള റൂട്ടുകളിലും സുരക്ഷിതമായി ഓടിക്കാൻ സാധിക്കും.
ഫാൾ അലേർട്ട് സിസ്റ്റം
ഒരു സാധാരണ ബൈക്കിനേക്കാൾ ഏറെ സ്മാർട്ട് ഫീച്ചറുകളാൽ സന്പന്നമാണ് ഒബെൻ റോർ ഇവോ. വണ്ടിയുടെ വേഗത, ബാക്കി നിൽക്കുന്ന ചാർജ്, റേഞ്ച് എന്നിവ കൃത്യമായി കാണിക്കുന്ന അഞ്ച് ഇഞ്ച് കളർ ടിഎഫ്ടി ഡിസ്പ്ലേയാണുള്ളത്. ബ്ലൂടൂത്ത് വഴി സ്മാർട്ട്ഫോണുമായി കണക്ട് ചെയ്യാം. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷൻ, കോൾ/എസ്എംഎസ് അലേർട്ടുകൾ, മ്യൂസിക് കണ്ട്രോൾ എന്നിവ ഡിസ്പ്ലേയിൽ ലഭ്യമാണ്.
വാഹനത്തിന്റെ ട്രാക്കിംഗ്, ആന്റി തെഫ്റ്റ് അലർട്ടുകൾ, വെഹിക്കിൾ ഡയഗ്നോസ്റ്റിക്സ്, റൈഡ് ഹിസ്റ്ററി എന്നിവ ആപ്പ് വഴി നിയന്ത്രിക്കാം. ഇടുങ്ങിയ പാർക്കിംഗ് സ്ഥലങ്ങളിൽനിന്ന് ബൈക്ക് പിന്നിലേക്ക് എടുക്കാൻ റിവേഴ്സ് ഗിയർ സൗകര്യം, വാഹനം എവിടെയെങ്കിലും മറിഞ്ഞുവീഴുകയോ അപകടത്തിൽപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ എമർജൻസി കോണ്‍ടാക്റ്റുകളിലേക്ക് ലൊക്കേഷൻ സഹിതം മെസ്സേജ് പോകുന്ന ഫാൾ അലർട്ട് സിസ്റ്റം, വാഹനം സ്റ്റാർട്ടായി മൂവിങ് കണ്ടീഷനിലാണോ എന്ന് ഓഡിയോ-വിഷ്വൽ വഴി റൈഡറെ അറിയിക്കുന്ന ഡ്രൈവ് അലേർട്ട് സിസ്റ്റം എന്നിവ ഒബെൻ റോർ ഇവോയിലുണ്ട്.
വാഹനത്തിന്റെ ടാങ്ക് ഭാഗത്ത് നാല് ലിറ്ററിന്റെ ‘ടാങ്ക് പോഡ്’ സ്റ്റോറേജുണ്ട്. ഇതിൽ ഫോണും മറ്റ് അവശ്യസാധനങ്ങളും സൂക്ഷിക്കാം. ഒപ്പം ഡ്യുവൽ യുഎസ്ബി ചാർജിംഗ് പോർട്ടും ഇതിലുണ്ട്. സീറ്റിനടിയിലായി ആറ് ലിറ്ററിന്റെ മറ്റോരു സ്റ്റോറേജുകൂടെയുണ്ട്. മുൻചക്രത്തിലും പിൻചക്രത്തിലും ഡിസ്ക് ബ്രേക്കുകൾ, മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിൻവശത്ത് 7 സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്ക് സസ്പെൻഷനുമാണ് നൽകിയിരിക്കുന്നത്.
തീപിടിത്ത പ്രതിരോധം
ഒൻപത് കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് കഠിനമായ കാലാവസ്ഥയെ പ്രതിരോധിക്കാൻ ശേഷിയുള്ള ഐപി 68 റേറ്റിംഗ് ഉള്ളതാണ്. 250 എൻഎം ടോർക്ക് ഉത്പാദിപ്പിക്കാൻ ഈ മോട്ടോറിന് കഴിയും. മൂന്ന് സെക്കൻഡുകൊണ്ട് പൂജ്യത്തിൽനിന്നും 40 കിലോമീറ്റർ വേഗം കൈവരിക്കാൻ വാഹനത്തിനാകും. മണിക്കൂറിൽ 110 കിലോമീറ്റർ ആണ് പരമാവധി വേഗത.
ആഗോളതലത്തിൽ വലിയ ഇലക്ട്രിക് കാറുകളിൽ ഉപയോഗിക്കുന്ന അഡ്വാൻസ്ഡ് എൽഎഫ്പി സെൽ സാങ്കേതികവിദ്യയാണ് ഒബെൻ റോർ ഇവോയിൽ നൽകിയിരിക്കുന്നത്. ഇന്ത്യൻ കാലാവസ്ഥയ്ക്ക് ഏറ്റവും സുരക്ഷിതമായതും തീപിടിത്ത സാധ്യത ഇല്ലാത്തതുമാണ് എൽഎഫ്പി ബാറ്ററികൾ. 3.4 കിലോവാട്ട് ശേഷിയുള്ള ഫിക്സഡ് ബാറ്ററിയാണ് ഇതിലുള്ളത്. 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ 90 മിനിറ്റ് സമയം മതി. ഒറ്റത്തവണ പൂർണമായി ചാർജ് ചെയ്താൽ 180 കിലോമീറ്റർ റേഞ്ച് കന്പനി അവകാശപ്പെടുന്നു.
എട്ടുവർഷത്തെ ബാറ്ററി വാറന്റിയാണ് ഒബെൻ നൽകുന്നത്. യാത്രക്കാരുടെ ആവശ്യാനുസരണം ഉപയോഗിക്കാൻ നാല് വ്യത്യസ്ത റൈഡിംഗ് മോഡുകൾ ഇതിലുണ്ട്. 1,24,999 രൂപയാണ് ഒബെൻ റോർ ഇവോയുടെ എക്സ്-ഷോറൂം വില. നിലവിൽ വിപണിയിലുള്ള റിവോൾട്ട് ആർവി 400, ഓല റോഡ്സ്റ്റർ എക്സ് തുടങ്ങിയ ബൈക്കുകളോടാണ് ഒബെൻ റോർ ഇവോ മത്സരിക്കുന്നത്.
വില: 1.25 ലക്ഷം
റേഞ്ച്: 180 കിലോമീറ്റര്‍
Tags : Popular Oben Rohr Evo Oben electric