ഇന്ത്യൻ വാഹന വിപണിയിൽ മിഡ്-സൈസ് സെഡാൻ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ബ്രാൻഡായ ഹോണ്ട സിറ്റി പുതിയ ഭാവത്തിൽ എത്തിക്കഴിഞ്ഞു. പുത്തൻ ഡിസൈൻ മാറ്റങ്ങളും അത്യാധുനിക ഫീച്ചറുകളുമായി 2026 ഹോണ്ട സിറ്റി ഫേസ്ലിഫ്റ്റ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ആഗോളതലത്തിൽ എസ്യുവിയോട് താത്പര്യം കൂടുന്പോഴും പ്രീമിയം ലുക്കും യാത്രാസുഖവും ആഗ്രഹിക്കുന്നവർക്കായി ഹോണ്ട തങ്ങളുടെ ഐക്കണിക് സെഡാനെ കൂടുതൽ പ്രീമിയം സ്റ്റൈലിൽ പുതുക്കിയെടുത്തിരിക്കുകയാണ്. 11.99 ലക്ഷം രൂപ മുതൽ 20.99 ലക്ഷം രൂപ വരെയാണ് ഈ പുതിയ മോഡലിന്റെ എക്സ്-ഷോറൂം വില.
കൂടുതൽ സ്പോർട്ടി ലുക്ക്
പുതിയ മോഡലിൽ ഹോണ്ട വരുത്തിയിരിക്കുന്ന പ്രധാന മാറ്റങ്ങൾ അതിന്റെ മുൻഭാഗത്താണ്. കൂടുതൽ യൂറോപ്യൻ ശൈലിയിലുള്ളതും സ്പോർട്ടിയായതുമായ ലുക്ക് സിറ്റിക്ക് നൽകിയിട്ടുണ്ട്. വാഹനത്തിന്റെ ബോണറ്റിന്റെ മുൻഭാഗം കൂടുതൽ ഫ്ലാറ്റ് ആയ ഡിസൈനിലേക്ക് മാറ്റിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന തടിച്ച ക്രോം ബാറിനു പകരം ഇപ്പോൾ കണക്റ്റഡ് എൽഇഡി ഡിആർഎൽ സ്ട്രിപ്പാണു നൽകിയിട്ടുള്ളത്. ഗ്രില്ലിന് പുതിയ ഹണികോംബ് പാറ്റേണ്‍ നൽകിയതിനൊപ്പം പുത്തൻ ബയോ-പ്രൊജക്ടർ എൽഇഡി ഹെഡ്ലാന്പുകളും ഇതിൽ ഇടംപിടിച്ചു.
വശങ്ങളിൽ വലിയ മാറ്റങ്ങളില്ലെങ്കിലും കൂടുതൽ സ്പോർട്ടി ലുക്ക് നൽകുന്ന പുതിയ രൂപകല്പനയിലുള്ള 16-ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ ഉയർന്ന വേരിയന്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോർ ഹാൻഡിലുകളിൽ ഉണ്ടായിരുന്ന ക്രോം ടച്ചുകൾ ഒഴിവാക്കി ബോഡി കളർ തന്നെയാണ് നൽകിയിരിക്കുന്നത്.
അത്യാധുനിക ഫീച്ചറുകളും
ക്ലാസിക് ലുക്ക് നിലനിർത്തിക്കൊണ്ടുതന്നെ ഉപഭോക്താക്കൾ ഏറെ നാളായി ആവശ്യപ്പെട്ടിരുന്ന ചില ഫീച്ചറുകൾ ഹോണ്ട ഇത്തവണ ഇന്റീരിയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഴയ 8 ഇഞ്ച് സ്ക്രീനിന് പകരം വലിയ 10.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പുതിയ സിറ്റിയിൽ കാണാം. ഇത് വയർലെസ്സ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്നു. ഇന്ത്യൻ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ ഉയർന്ന വേരിയന്റുകളിൽ ഹോണ്ട നൽകിയിട്ടുണ്ട്.
പാർക്കിംഗും ഇടുങ്ങിയ റോഡുകളിലൂടെയുള്ള ഡ്രൈവിംഗും എളുപ്പമാക്കാൻ 360 ഡിഗ്രി സറൗണ്ട് വ്യൂ കാമറ സിസ്റ്റം പുതിയ സിറ്റിയിലുണ്ട്. പ്രീമിയം ഐവറി ബ്ലാക്ക് ഡ്യുവൽ ടോണ്‍ ഇന്റീരിയർ തീം, ആംബിയന്റ് ലൈറ്റിംഗ്, 8 സ്പീക്കർ സൗണ്ട് സിസ്റ്റം, വയർലെസ് ഫോണ്‍ ചാർജർ, ഇലക്ട്രിക് സണ്‍റൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഹോണ്ട സിറ്റി ഫെയ്സ്ലിഫ്റ്റിലെ യാത്ര കൂടുതൽ ആഡംബരപൂർണമാക്കുന്നു.
സുരക്ഷാ ക്രമീകരണങ്ങൾ
സുരക്ഷയുടെ കാര്യത്തിൽ ഹോണ്ട സിറ്റി വിട്ടുവീഴ്ചകൾ ഒന്നും തന്നെ ചെയ്തിട്ടില്ല. എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കുന്നു. എബിഎസ്, ഇബിഡി, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കണ്ട്രോൾ, ലെയ്ൻ വാച്ച് കാമറ എന്നിവയും ലഭ്യമാണ്.
കൂടാതെ ഹോണ്ടയുടെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ആയ "ഹോണ്ട സെൻസിംഗ്’ (ലെവൽ 2 അഡാസ്) വാഹനത്തിന്റെ പ്രധാന ആകർഷണമാണ്. അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ആട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് സിസ്റ്റം, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ, ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ് എന്നിവ ഇതിലൂടെ ഡ്രൈവർക്ക് സുരക്ഷയൊരുക്കുന്നു.
എൻജിൻ, പെർഫോമൻസ്, മൈലേജ്
മെക്കാനിക്കൽ വശങ്ങളിൽ ഹോണ്ട വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ല. പഴയ എൻജിൻ ഓപ്ഷനുകൾ തന്നെയാണ് 2026 സിറ്റിയിലും തുടരുന്നത്. ഡീസൽ എൻജിൻ പുതിയ മോഡലിലും ലഭ്യമല്ല. 121 എച്ച്പി പവറും 145 എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ ഐ-വിടിഇസി പെട്രോൾ എൻജിൻ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ ലഭ്യമാണ്. ഇത് മാനുവലിൽ 17.77 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 17.97 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു.
മികച്ച ഇന്ധനക്ഷമത ആഗ്രഹിക്കുന്നവർക്കായി 1.5 ലിറ്റർ ഇ:എച്ച്ഇവി സ്ട്രോങ്ങ് ഹൈബ്രിഡ് എൻജിനും ലഭ്യമാണ്. 126 എച്ച്പി പവറും 253 എൻഎം ടോർക്കും നൽകുന്ന ഈ പതിപ്പിൽ ലിറ്ററിന് 27.26 കിലോമീറ്റർ മൈലേജ് ആണ് കന്പനി അവകാശപ്പെടുന്നത്.
പെട്രോൾ എൻജിൻ വളരെ സ്മൂത്തായ ലീനിയർ പവർ ഡെലിവറി നൽകുന്പോൾ വിപണിയിലെ മറ്റ് എതിരാളികളായ ഫോക്സ്വാഗണ് വിർട്ടസ്, ഹ്യുണ്ടായ് വെർണ എന്നിവ വാഗ്ദാനം ചെയ്യുന്ന ടർബോ പെട്രോൾ എൻജിനുകളുടെ അത്രയും അഗ്രസീവ് പെർഫോമൻസ് ഇതിൽ പ്രതീക്ഷിക്കരുത്.
വില: 11.99 ലക്ഷം
മൈലേജ്: 27.26 കിലോമീറ്റർ
Tags : new look sedan king Honda citty