വെറുമൊരു ഫേസ്ലിഫ്റ്റ് എന്നതിനപ്പുറം ഡിസൈനിലും ഫീച്ചറുകളിലും സുരക്ഷയിലും വൻ അപ്ഗ്രേഡുകളുമായാണ് പുതിയ ടാറ്റ ടിയാഗോ ഇവി എത്തിയിരിക്കുന്നത്. ഡിസൈൻ മാറ്റങ്ങൾക്കൊപ്പം സെഗ്മെന്റിൽ ആദ്യമായി 360 ഡിഗ്രി കാമറ, ലൈഫ് ടൈം ബാറ്ററി വാറന്റി, വേഗതയേറിയ ചാർജിംഗ് സാങ്കേതികവിദ്യ എന്നിവയും പുതിയ മോഡലിന്റെ സവിശേഷതകളാണ്.
പഴയ മോഡലിനെ അപേക്ഷിച്ച് കൂടുതൽ ഫീച്ചറുകൾ ഉണ്ടെങ്കിലും വിലയിൽ വലിയ വർധനവ് വരുത്താതെയാണ് ടാറ്റ വാഹനം വിപണിയിൽ എത്തിച്ചിരിക്കുന്നത്. 6.99 ലക്ഷം രൂപ മുതൽ 9.99 ലക്ഷം രൂപ വരെയാണ് പുതിയ ടിയാഗോ ഇവിയുടെ എക്സ് ഷോറൂം വില. കൂടാതെ, Battery-as-a-Service (BaaS) എന്ന പ്രത്യേക സബ്സ്ക്രിപ്ഷൻ മോഡലും ടാറ്റ അവതരിപ്പിച്ചിട്ടുണ്ട്. ഈ സ്കീം പ്രകാരം വാഹനത്തിന്റെ പ്രാരംഭ വില 4.69 ലക്ഷം രൂപയായി കുറയും. ബാറ്ററി വാടകയായി കിലോമീറ്ററിന് 2.60 രൂപ വീതം നൽകിയാൽ മതിയാകും.
പുതിയ മുഖം
കൂടുതൽ മെലിഞ്ഞതും സ്റ്റൈലിഷുമായ എൽഇഡി ഹെഡ്ലാന്പുകളും ബ്രോ-സ്റ്റൈൽ എൽഇഡി ഡിആർഎല്ലുകളും മുൻവശത്തിന് സ്പോർട്ടി ലുക്ക് നൽകുന്നു. ബോഡി കളറിലുള്ള ക്ലോസ്ഡ് ഓഫ് ഗ്രില്ലും പുനർരൂപകൽപ്പന ചെയ്ത ബന്പറും വാഹനത്തെ ഒരു പക്കാ ഇവി ലുക്കിലേക്ക് മാറ്റുന്നുണ്ട്.
പിന്നിൽ കണക്റ്റഡ് സ്റ്റൈലിലുള്ള പുതിയ എൽഇഡി ടെയിൽ ലാന്പുകളാണ് പ്രധാന ആകർഷണം. ബ്ലാക്ക്ഡ് ഒൗട്ട് റൂഫ്, പുതിയ ഡിസൈനിലുള്ള 14 ഇഞ്ച് വീലുകൾ, ഷാർക്ക്-ഫിൻ ആന്റിന എന്നിവ പുതിയ ടിയാഗോ ഇവിക്ക് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു. ആറ് നിറങ്ങളിൽ വാഹനം ലഭ്യമാണ്.
ഉള്ളിലെ പുതുമ
പൂർണമായും പുതുക്കിപ്പണിത ഡ്യുവൽ ടോണ് ഡാഷ്ബോർഡിൽ 10.25 ഇഞ്ചിന്റെ വലിയ ഫ്രീ സ്റ്റാൻഡിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഒപ്പം പുതിയ ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയും നൽകിയിട്ടുണ്ട്. ഇതിൽ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ സപ്പോർട്ട് ചെയ്യും.
പുതിയ ഇലുമിനേറ്റഡ് ടാറ്റ ഇവി ലോഗോയോടുകൂടിയ ടു സ്പോക്ക് സ്റ്റിയറിംഗ് വീലാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, റിയർ എസി വെന്റുകൾ, ക്രൂയിസ് കണ്ട്രോൾ, കൂൾഡ് ഗ്ലൗബോക്സ്, 40-ലധികം ഫീച്ചറുകളുള്ള കണക്റ്റഡ് കാർ ടെക്നോളജി എന്നിവ യാത്ര കൂടുതൽ സുഖകരമാക്കുന്നു.
സുരക്ഷ കാര്യം
സുരക്ഷയുടെ കാര്യത്തിലും ടാറ്റ വിട്ടുവീഴ്ചയൊന്നും വരുത്തിയിട്ടില്ല. എല്ലാ വകഭേദങ്ങളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ആയി നൽകിയിട്ടുണ്ട്. ഇതിന് പുറമെ സെഗ്മെന്റിൽ ആദ്യമായി 360 ഡിഗ്രി സറൗണ്ട് വ്യൂ കാമറയും ബ്ലൈൻഡ് വ്യു മോണിറ്ററും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷൻ കണ്ട്രോൾ, ഹിൽ ഹോൾഡ് കണ്ട്രോൾ, എബിഎസ്, ഇബിഡി, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയാണ് മറ്റ് പ്രധാന സുരക്ഷാ ക്രമീകരണങ്ങൾ.
പഴയ ഹൃദയം
മുൻപത്തെപ്പോലെ തന്നെ 19.2 കിലോവാട്ട് (മീഡിയം റേഞ്ച്), 24 കിലോവാട്ട് (ലോങ് റേഞ്ച്) എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് പുതിയ ടിയാഗോ ഇവിയും വരുന്നത്. മീഡിയം റേഞ്ച് മോഡൽ 226 കിലോമീറ്ററും ലോംഗ് റേഞ്ച് മോഡൽ ഒറ്റ ചാർജിൽ 285 കിലോമീറ്ററും റേഞ്ച് നൽകുമെന്ന് ടാറ്റ അവകാശപ്പെടുന്നു.
പുതിയ അപ്ഡേറ്റ് പ്രകാരം ഇതിന്റെ ചാർജിംഗ് വേഗത 40 ശതമാനം വർധിച്ചിട്ടുണ്ട്. 18 മിനിറ്റ് കൊണ്ട് 100 കിലോമീറ്റർ ഓടാനുള്ള ചാർജ് കയറും. 30 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് രണ്ട് ബാറ്ററികളും 35 മിനിറ്റിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം.
പുതിയ ടിയാഗോ ഇവിയിലൂടെ ഇന്ത്യയിൽ ആദ്യമായി "ലൈഫ് ടൈം ബാറ്ററി ഹൈ വോൾട്ടേജ് വാറന്റി’ ടാറ്റ പ്രഖ്യാപിച്ചു എന്നത് വലിയൊരു നേട്ടമാണ്. ആദ്യമായി വാഹനം വാങ്ങുന്ന വ്യക്തിക്ക് 15 വർഷം വരെ ഈ വാറന്റി ആനുകൂല്യം ലഭിക്കും.
വില : 4.69 ലക്ഷം
റേഞ്ച് : 285 കിലോമീറ്റര്
Tags : Tiago EV more stylish automotive