പ്രതീകാത്മക ചിത്രം
മുംബൈ: ഇന്ത്യൻ ഓഹരിവിപണികൾ മുന്നേറ്റം തുടരുന്നു. നിഫ്റ്റി 50 സൂചികയും സെൻസെക്സും തുടർച്ചയായ അഞ്ചാം സെഷനിൽ നേട്ടത്തിലെത്തി. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയായ നേട്ടമാണ് രേഖപ്പെടുത്തിയത്.
വിദേശ സ്ഥാപന നിക്ഷേപകരിൽനിന്ന് വീണ്ടും നിക്ഷേപം വരുന്നതും ആഭ്യന്തര വിപണിയിൽ നിന്നുള്ള വ്യാപകമായ പങ്കാളിത്തവും ആഗോളതലത്തിലെ അനുകൂല സംഭവവികാസങ്ങളെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസവും നിക്ഷേപകരുടെ മനോഭാവം മെച്ചപ്പെടുത്തി.
അഞ്ചു സെഷനുകളിലിലായി നിഫ്റ്റിയും സെൻസെക്സും യഥാക്രമം 5.55 ശതമാനവും 5.53 ശതമാനവും ഉയർന്നു.
ഇന്നലെ നിഫ്റ്റി 150 പോയിന്റ് (0.63%) ഉയർന്ന് 23,961ലും സെൻസെക്സ് 384 പോയിന്റ് (0.50%) നേട്ടത്തോടെ 77,301ലും വ്യാപാരം പൂർത്തിയാക്കി. വിപണിയുടെ വിവിധ മേഖലകളിൽ വാങ്ങൽ പ്രവണത ഉയർന്നതോടെ ബെഞ്ച്മാർക്ക് സൂചികകളെ മറികടന്നുകൊണ്ട് നിഫ്റ്റി മിഡ്കാപ് 100 (1.55%), സ്മോൾകാപ് 100 സൂചികകൾ (2.00%) ഉയർന്നു.
നിഫ്റ്റി ഐടി ഒഴികെ മേഖലാ സൂചികകളിൽ വൻ മുന്നേറ്റമാണ് കണ്ടത്. ഐടി സൂചിക 1.50 ശതമാനമാണ് ഇടിവ് നേരിട്ടത്.
അഞ്ചു ശതമാനത്തിനു മുകളിൽ ഉയർന്ന നിഫ്റ്റി മീഡിയ മുന്നേറ്റത്തിനു നേതൃത്വം നൽകി. നിഫ്റ്റി മെറ്റൽ, റിഫ്റ്റി റിയൽറ്റി, കണ്സ്യൂമർ ഡ്യൂറബിൾസ് എന്നിവ രണ്ടു ശതമാനത്തിനു മുകളിൽ ഉയർന്നു. നിഫ്റ്റി ഓട്ടോ, ഫിനാൻഷ്യൽ സർവീസസ്, എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ് എന്നിവയുടെ വർധന ഒരു ശതമാനത്തിനു മുകളിലായിരുന്നു.
രൂപയ്ക്ക് നേട്ടം
തുടർച്ചയായ രണ്ടാം വ്യാപാര സെഷനിലും രൂപയ്ക്കു നേട്ടം. ഇന്നലെ വ്യാപാരം പൂർത്തിയായപ്പോൾ ഡോളറിനെതിരേ രൂപ 17 പൈസ ഉയർന്ന് 94.58ലെത്തി. അസംസ്കൃത എണ്ണവിലയിലുണ്ടായ കുറവും ഡോളർ ദുർബലമായതും വിദേശ നിക്ഷേപകരുടെ തിരിച്ചുവരവുമാണ് രൂപയ്ക്ക് നേട്ടമായത്. ആഭ്യന്തര ഓഹരിവിപണിയിലുണ്ടായ മുന്നേറ്റം രൂപയ്ക്കു കരുത്തായതായി ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.
വിദേശനാണയ വിപണിയിൽ ഡോളറിനെതിരേ 94.61 എന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഉയർന്ന നിരക്കായ 94.50ലും കുറഞ്ഞ നിരക്കായ 94.87ലുമെത്തി. ഒടുവിൽ മുൻ വ്യാപാരദിനത്തിലെ മൂല്യത്തേക്കാൾ 17 പൈസ ഉയർന്ന് 94.58 വ്യാപാരം പൂർത്തിയാക്കി. ചൊവ്വാഴ്ച ഒന്പത് പൈസ ഉയർന്ന് 94.75ലാണ് ക്ലോസ് ചെയ്തത്.
Tags : Nifty BSE Sensex Business UpwardTrend Rupee