പ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാനത്ത് രണ്ടു ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്കും ഹാൾ മാർക്കിംഗ് (എച്ച്യുഐഡി-ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ) നിർബന്ധമാക്കാനുള്ള നീക്കം സ്വർണാഭരണ മേഖലയ്ക്കു തിരിച്ചടിയാകുമെന്ന് ആശങ്ക.
ഹാൾമാർക്കിംഗ് സംവിധാനം ഉപഭോക്തൃ സംരക്ഷണത്തിനും സ്വർണത്തിന്റെ ശുദ്ധത ഉറപ്പാക്കുന്നതിനും പ്രാധാന്യമുള്ളതാണെങ്കിലും വളരെ കുറഞ്ഞ ഭാരമുള്ള ആഭരണങ്ങൾക്കും അതേ രീതിയിൽ നിർബന്ധം ഏർപ്പെടുത്തുന്നത് പ്രായോഗികവും സാമ്പത്തികവുമായ പ്രതിസന്ധികൾക്ക് ഇടയാക്കുമെന്നുമാണ് ആശങ്ക.
മൂക്കുത്തി, ചെറിയ കമ്മൽ, മോതിരം,ലോക്കറ്റ്, കുട്ടികളുടെ ആഭരണങ്ങൾ തുടങ്ങിയ രണ്ടു ഗ്രാമിൽ താഴെയുള്ളചെറുആഭരണങ്ങളിൽ ഹാൾമാർക്കിംഗ് നിർബന്ധമാക്കിയാൽ ആഭരണത്തിന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഹാൾമാർക്കിംഗ് ചെലവ് ആനുപാതികമായി ഉയരും. ഇതോടൊപ്പം ഹാൾമാർക്കിംഗ് കേന്ദ്രത്തിലേക്കുള്ള ഗതാഗതം, പാക്കിംഗ്, കൈകാര്യം ചെയ്യൽ, പരിശോധന എന്നിവയ്ക്കുള്ള അധിക ചെലവും വ്യാപാരികൾക്കു വഹിക്കേണ്ടിവരും.
ഇതിന്റെ അന്തിമ ഭാരം ഉപയോക്താവിനുമേൽ എത്താൻ സാധ്യതയേറെയാണ്. സൂക്ഷ്മ ഡിസൈനുകളുള്ള ചെറിയ ആഭരണങ്ങളിൽ ഹാൾമാർക്കിംഗ് പതിപ്പിക്കുന്നതിലൂടെ ആഭരണത്തിന്റെ രൂപകൽപനയ്ക്കും ഗുണനിലവാരത്തിനും പ്രായോഗിക പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ.
സ്വർണവ്യാപാര മേഖലയിലെ ചെറുകിട സംരംഭകരെയും പരമ്പരാഗത സ്വർണപ്പണിക്കാരെയും ഉപയോക്താക്കളെയും ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വ്യാപാര സംഘടനകളുമായി വിശദമായ ചർച്ച നടത്തണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസർ ആവശ്യപ്പെട്ടു.
ഉപഭോക്തൃ സംരക്ഷണത്തിന്റെ പേരിൽ അനാവശ്യ അധിക ചെലവ് ഉപയോക്താവിന്റെ മേൽ അടിച്ചേൽപിക്കരുത്. രണ്ടു ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്കു നിലവിലുള്ള ഇളവ് നിലനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags : Hallmarking GoldOrnaments JewellerySector Business