ഫിലോമെനെ ചാൻസെലിൻ, ചിനെലോ ലിലിയൻ
കണ്ണൂർ: ഡൽഹി കേന്ദ്രീകരിച്ച് മാരക ലഹരിവസ്തുവായ എംഡിഎംഎ നിർമിച്ചും വിദേശത്തുനിന്ന് എത്തിച്ചും ഇന്ത്യയിൽ വിതരണം ചെയ്യുന്ന വിദേശ വനിതകളെ കണ്ണൂർ സിറ്റി പൊലിസ് സ്ക്വാഡ് പിടികൂടി.
നൈജീരിയൻ സ്വദേശിനി ചിനെലോ ലിലിയൻ (36), കാമറൂണിലെ ഫിലോമെനെ ചാൻസെലിൻ (30) എന്നിവരാണ് ഡൽഹി ബുരാരിയിൽ പിടിയിലായതെന്നു കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തികും സിറ്റി പൊലിസ് കമ്മിഷണർ ബി.വി. വിജയ ഭരത് റെഡ്ഢിയും കമ്മിഷണർ ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു.
ന്യൂമാഹിയില്‍ മിഠായി കടലാസിൽ പൊതിഞ്ഞ് 0.6 ഗ്രാം എംഡിഎംഎയുമായി രജിനാസ് എന്നയാള്‍ പിടിയിലായതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർ രജിനാസിനെ ചോദ്യം ചെയ്തതില്‍നിന്ന് ലഹരി എത്തിച്ചത് കണ്ണൂർ ചിറയ്ക്കൽ സ്വദേശി മുഹമ്മദ് സമീലാണെന്നു വ്യക്തമായി. ഇതേത്തുടര്‍ന്ന് സമീലിന്റെ വീട്ടില്‍നിന്നും വാഹനത്തില്നിന്നുമായി 185 ഗ്രാം എംഡിഎംഎ പൊലിസ് പിടിച്ചെടുക്കുകയും ചെയ്തു.
പിന്നീട് അന്താരാഷ്ട്ര ലഹരി മാഫിയയുടെ വേരുകൾ തേടിയുള്ള കണ്ണൂർ പൊലിസിന്റെ അന്വേഷണമാണ് ഒടുവിൽ പ്രതികളായ വിദേശ വനിതകളിൽ എത്തിച്ചേർന്നത്. മുഹമ്മദ് സമീലിന്റെ ഫോൺ, ബാങ്ക് രേഖകൾ എന്നിവ പരിശോധിച്ചതോടെയാണ് തബു എന്ന മുജിതാബയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇടനിലക്കാർ വഴി ആളൊഴിഞ്ഞ കേന്ദ്രങ്ങളിൽ എംഡിഎംഎ ഒളിപ്പിച്ചുവച്ച് ലൊക്കേഷൻ മാത്രം കൈമാറുന്ന ഹൈടെക് രീതിയാണ് തബു അനുവർത്തിച്ചിരുന്നത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ബംഗളൂരുവിൽനിന്ന് തബുവിനെ നേരത്തേ കണ്ണൂർ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി അന്ന് തബുവും കൂട്ടാളികളും വ്യാജമായി ഉപയോഗിച്ചിരുന്ന 20 വ്യാജ ബാങ്ക് അക്കൗണ്ടുകൾ പൊലിസ് മരവിപ്പിച്ചിരുന്നു, കൂടാതെ 50 വ്യാജ ആധാർ കാർഡുകൾ, 15 പാൻ കാർഡുകൾ, 10 ചെക്ക് ബുക്ക്, വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ എന്നിവയും കണ്ടെടുത്തു. പിന്നാലെ ലഹരി വ്യാപാരത്തിനു വ്യാജരേഖകളും സിം കാർഡുകളും മ്യൂൾ അക്കൗണ്ടുകളും ഒരുക്കിനൽകിയ അബ്ദുൾ റഹ്മാൻ, എറണാകുളം സ്വദേശി റിഷാദ് എന്നിവരും പിടിയിലായി.
ഡൽഹിയിൽനിന്ന് പാഴ്സൽ വഴിയാണ് പ്രധാനമായും ഈ സംഘം കണ്ണൂരടക്കം കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ലഹരി കടത്തിയിരുന്നത്.
കേരള പൊലിസിന്റെ കൃത്യമായ വിവര കൈമാറ്റത്തെതുടർന്ന് തബുവിന്റെ കൂട്ടാളി അർഷാദ് അലിയെ 800 ഗ്രാം എംഡിഎംഎയുമായി ഹരിയാന പൊലിസ് ഗുരുഗ്രാമിൽനിന്ന് പിടികൂടിയിരുന്നു. ഇവരിൽനിന്നു ലഭിച്ച തെളിവുകളാണ് ഡൽഹിയിൽനിന്ന് എംഡിഎംഎ നിർമിച്ചുനൽകിയിരുന്ന വിദേശവനിതകളിലേക്ക് പൊലിസിനെ എത്തിച്ചത്.
പ്രതികൾ സിമ്മുകൾ നിരന്തരം മാറ്റിയും ഇരുപതോളം ബാങ്ക് അക്കൗണ്ടുകൾ വഴിയും കോടികളുടെ ഇടപാടുകളാണ് നടത്തിയിരുന്നത്. കണ്ണൂർ സിറ്റി പൊലിസിന്റെ സ്ക്വാഡ് അംഗങ്ങൾ 10 ദിവസം ഡൽഹിയിൽ താമസിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തിച്ചേർന്നത്.
Tags : MDMA Production KannurSquad Arrests ForeignWomen Delhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash