പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: പ്രമുഖ ഓഹരി വ്യാപാര സ്ഥാപനങ്ങളുടെ പേരിൽ സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് വൻ വ്യാജ നിക്ഷേപ തട്ടിപ്പു നടത്തുന്ന സംഘം സജീവമാകുന്നു.
ഓഹരി വിപണിയിലെ പ്രമുഖരുടെയും പ്രശസ്ത സ്ഥാപന മേധാവികളുടെയും എഐ വീഡിയോകൾ നിർമിച്ചു വൻ ലാഭം വാഗ്ദാനം ചെയ്യുന്ന പരസ്യം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചാണു തട്ടിപ്പുകാർ ആകർഷിക്കുന്നത്.
ഇത്തരം വ്യാജ പരസ്യങ്ങളിൽ താല്പര്യം പ്രകടിപ്പിച്ചു ക്ലിക് ചെയ്യുന്നവരെ, ട്രേഡിംഗ് പഠിപ്പിക്കാനെന്ന വ്യാജേന വാട്സാപ്, ടെലഗ്രാം ഗ്രൂപ്പുകളിൽ ആഡ് ചെയ്യും. തുടർന്ന് രാജ്യത്തെ മുൻനിര ട്രേഡിംഗ് കന്പനികളുടേതിന് സമാനമായ വ്യാജ ആപ്ലിക്കേഷനുകളുടെ ലിങ്കുകൾ ഗ്രൂപ്പുകളിൽ അയച്ചു നൽകി ഡൗണ്ലോഡ് ചെയ്യിപ്പിക്കും. ഇത്തരം വ്യാജ ആപ്പുകളിലും വെബ്സൈറ്റുകളിലും അക്കൗണ്ട് തുടങ്ങുന്ന നിക്ഷേപകരെക്കൊണ്ട് ഘട്ടംഘട്ടമായി തുക നിക്ഷേപിപ്പിക്കും.
വിശ്വാസ്യത നേടിയെടുക്കാൻ ആരംഭത്തിൽ ചെറിയ തുക പിൻവലിക്കാൻ തട്ടിപ്പുകാർ അനുവദിക്കും. ഇതോടെ സ്ഥാപനത്തിൽ വിശ്വാസ്യത തോന്നുന്ന നിക്ഷേപകർ, വൻ തുക ഡിസ്കൗണ്ടിൽ സ്റ്റോക്കുകൾ സ്വന്തമാക്കാമെന്ന ആഗ്രഹത്തിൽ ലക്ഷക്കണക്കിന് രൂപ വീണ്ടും അക്കൗണ്ടുകളിലേക്കു നിക്ഷേപിക്കും. എന്നാൽ ഈ തുക ഉപയോഗിച്ച് വാങ്ങുന്ന സ്റ്റോക്കുകൾ വിൽക്കാൻ സമ്മതിക്കാതെ ദീർഘകാലത്തേക്കു കൈവശം വയ്ക്കാൻ ഇവർ നിർബന്ധിക്കും.
പിന്നീട് അക്കൗണ്ടിലുള്ള പണം പിൻവലിക്കാൻ ശ്രമിക്കുന്പോൾ, പ്രോസസിംഗ് ചാർജ്, നികുതി തുടങ്ങിയ പേരുകളിൽ വൻ തുക ആവശ്യപ്പെടും.
കൂടുതൽ തുക അടച്ചാലും പണം തിരികെ ലഭിക്കാതെ വരുന്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് ഇരകൾ തിരിച്ചറിയുന്നത്.
ഇത്തരം വ്യാജ വാഗ്ദാനങ്ങളിലും അജ്ഞാത ലിങ്കുകളിലും വീഴരുതെന്നും ഓഹരി നിക്ഷേപങ്ങൾ അംഗീകൃത സെബി (SEBI) രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ വഴി മാത്രം നടത്തണമെന്നും സൈബർ പൊലിസും സാന്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.
ഉടൻ വിവരം കൈമാറണം
ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങൾ ശ്രദ്ധയിൽപ്പെടുകയോ തട്ടിപ്പിന് ഇരയാവുകയോ ചെയ്താൽ പരമാവധി ഒരുമണിക്കൂറിനകം വിവരം 1930 എന്ന നന്പറിലോ എന്ന വെബ്സൈറ്റ് മുഖേനയോ സൈബർ പൊലിസിനെ അറിയിക്കണം.
Tags : Fraud StockInvestment Cyber Police Warning Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash