കേരള മന്ത്രിസഭ (ഫയൽ ചിത്രം)
തിരുവനന്തപുരം: പരിസ്ഥിതിലോല പ്രദേശങ്ങളിൽനിന്ന് കാർഷിക ജനവാസ മേഖലകളെ ഒഴിവാക്കിക്കൊണ്ട് സംസ്ഥാന പരിസ്ഥിതി മന്ത്രാലയം പുതിയ റിപ്പോർട്ട് തയാറാക്കി. പുതുക്കിയ റിപ്പോർട്ട് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും. തുടർന്ന് റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിക്കും.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഏഴാമത് കരട് വിജ്ഞാപനത്തിന്മേൽ മറുപടി സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് കർഷകർക്കും മലയോര ജനതയ്ക്കും ആശ്വാസമേകുന്ന പുതിയ നിർദേശങ്ങൾ സർക്കാർ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് കേന്ദ്രത്തിനു സമർപ്പിച്ച റിപ്പോർട്ടിൽ ചില അവ്യക്തത ഉണ്ടെന്ന ആക്ഷേപം ഉയർന്നിരുന്നു. ഈ പ്രശ്നം പരിഹരിക്കാനായി ഓരോ പ്രദേശത്തെ സംബന്ധിച്ചുമുള്ള ഷേപ്പ് ഫയലും കഡസ്ട്രൽ ഭൂപടവും ഉൾപ്പെടെയാണ് വിശദമായ റിപ്പോർട്ട് പരിസ്ഥിതി വകുപ്പ് തയാറാക്കിയിട്ടുള്ളത്.
കേന്ദ്രസർക്കാരിന്റെ കരട് വിജ്ഞാപനത്തിൽ സംസ്ഥാനത്തെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെട്ടിരുന്നത്. ഇത് 98 വില്ലേജുകളിലായി 8,590.69 ചതുരശ്ര കിലോമീറ്ററായി ചുരുക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇത്തരത്തിലുള്ള റിപ്പോർട്ടാണ് കേരളം തയാറാക്കിയിട്ടുള്ളത്. ഈ റിപ്പോട്ട് അനുസരിച്ച് കോട്ടയം ജില്ലയിലെ നാലു വില്ലേജുകളും ഇടുക്കിയിലെ 28 വില്ലേജുകളും ഉൾപ്പടെ 32 വില്ലേജുകളെ ഇഎസ്എ പരിധിയിൽനിന്ന് ഒഴിവാക്കണം.
പരിസ്ഥിതിലോല പരിധി വനമേഖലയിലും സർക്കാർ പാട്ടത്തിന് നൽകിയ വനത്തോട്ടങ്ങളിലും മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
ജനവാസ-കാർഷിക മേഖലകളെ ഇതിൽനിന്ന് പൂർണമായി ഒഴിവാക്കും. 2025 ലാണ് മുൻ സർക്കാർ സംസ്ഥാനത്തെ 131 വില്ലേജുകളിലെ ജനവാസ മേഖലകളെ ഇഎസ്എ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നു കാട്ടി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു റിപ്പോർട്ട് സമർപ്പിച്ചത്.
തുടർന്ന് കഴിഞ്ഞ ജൂലൈയിൽ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകളുടെ നിർണയം നടത്തായി കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധ സമിതി കേരളം സന്ദർശിച്ചപ്പോൾ സംസ്ഥാനം സമർപ്പിച്ച റിപ്പോർട്ടിൽ നിരവധി സംശയങ്ങൾ മുന്നോട്ടു വച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സർക്കാർ കേരള സ്റ്റേറ്റ് റിമോർട്ട് സെൻസറിംഗ് ആൻഡ് എൻവയോണ്മെന്റ് സെന്ററിന്റെ സഹായത്തോടെ തിരുത്തൽ വരുത്തിയ ഭൂപടവും ഫയലുകളും തയാറാക്കിയത്.
സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് തോട്ടഭൂമിയും ഏലമലക്കാടുകളും ഇഎസ്എ പരിധിയിൽ നിന്നും ഒഴിവാക്കണമെന്നു കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.
കാർഷിക, ജനവാസ മേഖലകളെ ഒഴിവാക്കി പുതുക്കി തയാറാക്കിയ റിപ്പോർട്ട് ഇന്ന് മന്ത്രിസഭയിൽ ചർച്ച ചെയ്ത ശേഷം വിശദാംശങ്ങൾ വിശദീകരിക്കാൻ പത്രസമ്മേളനം വിളിച്ചുചേർക്കുമെന്ന് പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.
Tags : Ecologically SensitiveArea KeralaCabinet Consider Report Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash ESA