പിണറായി വിജയൻ (ഫയൽ ചിത്രം)
തിരുവനന്തപുരം: സംസ്ഥാന ഐടി വകുപ്പിനു കീഴിലുള്ള സി -ഡിറ്റിലെ (സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി) കഴിഞ്ഞ 10 വർഷത്തെ മുഴുവൻ ക്രമക്കേടും വിജിലൻസ് അന്വേഷിക്കും. 2016 മുതൽ 2026 വരെ ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്തു നടത്തിയ അഴിമതി, അനധികൃത നിയമനം, ക്രമവിരുദ്ധ പർച്ചേസ്, അധികാര ദുർവിനിയോഗം തുടങ്ങിയവയാണ് വിജിലൻസ് പ്രാഥമികാന്വേഷണം നടത്തുന്നത്.
പ്രാഥമിക പരിശോധനയിൽ വിശദ അന്വേഷണം വേണ്ടിവരുന്നതിൽ വിശദ അന്വേഷണം നടത്താനും നിർദേശിച്ചിട്ടുണ്ട്. സി ഡിറ്റിൽ നിയമിച്ച ശേഷം ചില ജീവനക്കാരെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സോഷ്യൽ മീഡിയ ടീമിലേക്ക് ജോലിക്കായി നിയോഗിച്ച സംഭവം, മുൻ എംപിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.എൻ. സീമയുടെ ഭർത്താവിന് യോഗ്യതയില്ലാതെ ഉന്നത തലത്തിൽ നിയമനം നൽകി തുടങ്ങിയവ അടക്കമുള്ള വിഷയങ്ങൾ അന്വേഷണ പരിധിയിലുണ്ട്. സി ഡിറ്റിലെ കോണ്ഗ്രസ് അനുകൂല സർവീസ് സംഘടന മുഖ്യമന്ത്രി വി.ഡി. സതീശനു നൽകിയ പരാതിയിലാണ് അന്വേഷണം.
മുഖ്യമന്ത്രിക്കു നൽകിയ പരാതി ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കൈമാറി. ഐടി മന്ത്രിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അന്വേഷണ സംഘത്തെ വിജിലൻസ് മേധാവി നിശ്ചയിക്കും. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹമാണ് ഐടി വകുപ്പ് കൈകാര്യം ചെയ്തിരുന്നത്.
ടി.എൻ.സീമയുടെ ഭർത്താവ് ജി. ജയരാജിനെ വിരമിച്ചതിന്റെ തൊട്ടടുത്ത ദിവസം ഡയറക്ടറായി നിയമിക്കുകയായിരുന്നു. സി ഡിറ്റിൽ രജിസ്ട്രാറായിരുന്നു ജയരാജ്. ജയരാജിന്റെ നിയമനം ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയും ഇടപെട്ടിരുന്നു. സിപിഎമ്മുമായി ബന്ധമുള്ളവരെ സി ഡിറ്റിൽ നിയമിച്ച ശേഷം മറ്റു പലയിടങ്ങളിലും ജോലിക്കായി നിയോഗിക്കുകയായിരുന്നു. കൂടാതെ അനധികൃത പർച്ചേസുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികൾ ലഭിച്ചിരുന്നു.
Tags : CDIT VigilanceProbe Corruption Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash