2019ലെ ഈസ്റ്റർ ദിനത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ തകർന്ന പള്ളി (ഫയൽ ചിത്രം)
കൊളംബോ: ശ്രീലങ്കയിൽ 2019ലെ ഈസ്റ്റർ ദിനത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 15 ഇസ്ലാമിക ഭീകരർ കുറ്റക്കാരെന്ന് ശ്രീലങ്കൻ കോടതി. മൂന്നു കത്തോലിക്കാ ദേവാലയങ്ങളെയും മൂന്നു ഹോട്ടലുകളെയും ലക്ഷ്യമിട്ട് ഭീകരർ നടത്തിയ ആക്രമണത്തിൽ 270 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറിലേറെ പേർക്കു പരിക്കേറ്റു. ഒന്പതു ചാവേറുകളാണ് ആക്രമണം നടത്തിയത്.
ചാവേർ ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരൻ നൗഫർ മൗലവി അടക്കമുള്ളവരെയാണു കുറ്റക്കാരെന്നു കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ പിന്നീടു വിധിക്കും. ഒന്പതു പേരെ വെറുതേ വിട്ടു.
കുറ്റവാളികളെല്ലാം ശ്രീലങ്കൻ മുസ്ലിംകളാണ്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള നാഷണൽ തൗഹീദ് ജമാത്ത് ഭീകരരാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരിൽ 11 പേർ ഇന്ത്യക്കാരാണ്.
ഈസ്റ്റർദിന ഭീകരാക്രമണക്കേസിൽ മുൻ പോലീസ് തലവൻ പൂജിത് ജയസുന്ദര, മുൻ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ഹേമാസിരി ഫെർണാണ്ടോ എന്നിവരെ ജൂലൈയിൽ വധശിക്ഷയ്ക്കു വിധിച്ചിരുന്നു.
ഭീകരാക്രമണമുണ്ടാകുമെന്ന വിവരം ലഭിച്ചിട്ടും കൃത്യമായ നടപടികളെടുക്കാത്തതിന്റെ പേരിലായിരുന്നു ഇരുവർക്കും വധശിക്ഷ ലഭിച്ചത്.
അതേസമയം, 1976നുശേഷം ശ്രീലങ്കയിൽ വധശിക്ഷ നടപ്പാക്കിയിട്ടില്ല. വധശിക്ഷ ജീവപര്യന്തം തടവായി മാറുകയാണ് പതിവ്.
Tags : EasterSunday Suicide IslamicTerrorists Guilty SriLanka Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash