പ്രതീകാത്മക ചിത്രം
കൊല്ലം: സപ്തശതാബ്ദി നിറവിലെത്തിയ ഭാരതത്തിലെ പ്രഥമ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ ഇടവകതല ആഘോഷങ്ങള്‍ ഇന്ന് ആരംഭിക്കും.
രൂപതയിലെ 110 ഇടവകകളിലും സ്ഥാപനങ്ങളിലും സന്ന്യാസ ഭവനങ്ങളിലും ഇന്ന് രാവിലെ എട്ടിന് യഥാക്രമം ഇടവക വികാരിമാര്‍, ഡയറക്ടര്‍മാര്‍, സ്ഥാപനാധികാരികള്‍ എന്നിവര്‍ സഭാജൂബിലി പതാക ഉയര്‍ത്തും. പള്ളികളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും ചാപ്പലുകളിലും വചനവായനാ പീഠത്തില്‍ ജൂബിലി ലോഗോ പ്രകാശിപ്പിക്കും. വത്തിക്കാന്റെ ഇന്ത്യന്‍ സ്ഥാനപതിയുടെ സന്ദേശ പ്രകാരം പ്രാരംഭ ദിവ്യബലി മധ്യേ ജൂബിലി വിളംബര പ്രഖ്യാപനം നടത്തും. അല്മായ, യുവജന പ്രതിനിധികള്‍ ജൂബിലി പ്രാര്‍ഥന നയിക്കും.
വിശുദ്ധ തോമാശ്ലീഹ സ്ഥാപിച്ച പോര്‍ട്ട് കൊല്ലം ശുദ്ധീകരണമാതാ പള്ളിയില്‍ കൊല്ലം ബിഷപ് ഡോ.പോള്‍ ആന്റണി മുല്ലശേരി ഓഗസ്റ്റ് ഒമ്പതിന് കൊടിയേറ്റി ത്രിവര്‍ഷ ജൂബിലിയുടെ രൂപതാതല ആത്മീയ ആഘോഷത്തിന് തുടക്കം കുറിച്ചിരുന്നു.
കൊല്ലം പട്ടത്താനം ഭാരതരാജ്ഞി ഇടവക ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ കൊല്ലം രൂപതയുടെ എഴുന്നൂറാം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ത്രിവത്സര പദ്ധതികളുടെ ഉദ്ഘാടനം ഓഗസ്റ്റ് 10ന് മുഖ്യമന്ത്രി വി.ഡി. സതീശന് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചിരുന്നു.
മൂന്നുവര്‍ഷം നീളുന്ന 700-ാം ജൂബിലി ആഘോഷവേളയില്‍ രൂപതയിലെ എല്ലാ വീടുകളിലും എത്തിക്കാനായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ തെളിച്ച ക്രിസ്തുജ്യോതി ജൂബിലി ദീപവും ആശീര്‍വദിച്ച രൂപത മധ്യസ്ഥ കര്‍മല മാതാവിന്റെ ഛായാചിത്രവും ആഗമനകാലം ആരംഭിക്കുന്ന നവംബര്‍ 29 ന് ഭവനപ്രയാണം തുടങ്ങുമെന്ന് രൂപത പിആര്‍ഒ ഫാ. ലാസര്‍ എസ്. പട്ടകടവ് അറിയിച്ചു.