പുനർനിർമാണത്തിനായി കുത്തിപ്പൊളിച്ചിട്ടിരിക്കുന്ന പുതിയവിള അമ്പലമുക്ക്-വടക്കൻകോയിക്കൽ റോഡ്.
കായംകുളം: പുനർനിർമാണത്തിനായി കുത്തിപ്പൊളിച്ചിട്ടിരിക്കുന്ന റോഡിലൂടെ യാത്രക്കാർക്ക് ദുരിതയാത്ര. കായംകുളം-ഡാണാപ്പടി റോഡിൽ അമ്പലമുക്കിൽനിന്ന് തീരദേശത്തേക്കെത്തുന്ന പുതിയവിള അമ്പലമുക്ക്-വടക്കൻകോയിക്കൽ റോഡാണ് പ്രദേശവാസികളെയും യാത്രക്കാരെയും ഏറെനാളായി ദുരിതത്തിലാക്കുന്നത്. റോഡിന് രണ്ടു കിലോമീറ്ററോളം നീളമാണുള്ളത്.
ഏഴു വർഷം മുമ്പ് പുനർനിർമാണം നടത്തിയ റോഡ് അധികം വൈകാതെ തന്നെ പൊട്ടിപ്പൊളിഞ്ഞു. നാട്ടുകാരുടെ പരാതിക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ റോഡ് വീണ്ടും സഞ്ചാരയോഗ്യമാക്കാനുള്ള നടപടിയുണ്ടായി. തുടർന്ന്, കഴിഞ്ഞ ജനുവരിയിൽ റോഡു പൊളിച്ച് മെറ്റൽ വിരിച്ചു. എന്നാൽ, തുടർന്നുള്ള ജോലികളെല്ലാം മുടങ്ങിക്കിടക്കുകയാണ്. സമീപത്തെ വിദ്യാലയങ്ങളിലേക്ക് പോകുന്ന സ്കൂൾക്കുട്ടികളും പടിഞ്ഞാറൻ മേഖലയിലെ താമസക്കാരുമുൾപ്പെടെ നൂറുകണക്കിനു യാത്രക്കാരും വാഹനങ്ങളുമാണ് ദിവസവും ഈ റോഡിലൂടെ കടന്നുപോകുന്നത്.
റോഡിന്റെ മോശം അവസ്ഥകാരണം പോകുന്നവരെല്ലാം പാടുപെടുകയാണ്. കാൽനടപോലും കഠിനമായി. കരിങ്കൽ കഷണങ്ങളിൽ കയറി നിയന്ത്രണംവിട്ട് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിരിക്കുകയാണ്.
Tags : NattuVishesham DistrictNews