പേട്ടക്കവലയിലെ പാലത്തിന്റെ നടപ്പാതയിലെ സ്ലാബ് തകർന്ന നിലയിൽ.
കാഞ്ഞിരപ്പള്ളി: പേട്ടക്കവലയിലെ പാലത്തിന്റെ നടപ്പാതയുടെ സ്ലാബ് തകർന്നു. ചിറ്റാർപുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ നടപ്പാതയിലെ കോൺക്രീറ്റ് സ്ലാബ് തകർന്നതോടെ അപകടസാധ്യതയേറി. സ്ലാബ് തകരാനുള്ള കാരണം വ്യക്തമല്ല.
ആയിരക്കണക്കിന് യാത്രക്കാരാണ് ദിനംപ്രതി നിലവിൽ ഈ പാലത്തിലൂടെ കാൽനടയായി സഞ്ചരിക്കുന്നത്. പാലത്തിലൂടെ നടന്നുനീങ്ങുമ്പോൾ ശ്രദ്ധിക്കാതെ തകർന്ന സ്ലാബിൽ തട്ടിവീഴാനുള്ള സാധ്യതയേറെയാണ്. പലപ്പോഴും ബസ് സ്റ്റോപ്പിലേക്കടക്കം ബസിൽ കയറാൻ പാലത്തിന്റെ നടപ്പാതയിലൂടെ ഓടിയാണ് വിദ്യാർഥികളടക്കം പോകുക.
എത്രയും വേഗം തകർന്ന സ്ലാബ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.