പ്രതീകാത്മക ചിത്രം
അടൂർ: അടൂരിലും കൊടുമണ്ണിലും വ്യാപകമായി മോഷണം നടത്തിയ സംഘത്തിലെ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അഞ്ചുപേർ കസ്റ്റഡിയിൽ. സംഘത്തിൽപെട്ട തിരുവല്ല കവിയൂർ കൊട്ടൂർ തൈക്കാട് വീട്ടിൽ വിശാൽ റാവത്ത് (22) ന്റെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തി. അടൂർ ഡിവൈഎസ്പി കെ.പി. വിനോദ് കുമാറിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മൂന്നാർ ചിന്നക്കനാൽ സൂര്യനെല്ലിയിൽ നിന്നാണ് സംഘത്തെ പിടികൂടിയത്.
അടൂരിലെ വിവിധ ക്ഷേത്രങ്ങൾ, പള്ളികൾ, വ്യാപാര സ്ഥാപനങ്ങൾ, ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റ് എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ മോഷണവും മോഷണശ്രമവും നടത്തിയ സംഘമാണ് പിടിയിലായത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലും സംഘം മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.
കഴിഞ്ഞ 14ന് പുലർച്ചെ അടൂരിലെത്തിയ സംഘം പന്നിവിഴ, പറപ്പെട്ടി, പറക്കോട്, കൊടുമൺ, വാഴമുട്ടം തുടങ്ങിയ സ്ഥലങ്ങളിൽ മോഷണം നടത്തി. പറക്കോട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലെ വഞ്ചി, എംജിഎം സ്കൂളിന് സമീപത്തെ കുരിശടി, പന്നിവിഴ പീടികയിലെ ദേവിക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ, പറക്കോട് അവറുവേലിൽ ഭദ്രകാളി ദേവീക്ഷേത്രത്തിന്റെ കിഴക്കേ റോഡരികിലെ വഞ്ചി, കൊടുമൺ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് മോഷണം നടത്തിയത്.
പന്നിവിഴ പീടികയലെ ദേവീക്ഷേത്രത്തിൽ നാലമ്പലത്തിന് പുറത്തുണ്ടായിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന സംഘം ആൽത്തറയിലെ കാണിക്കവഞ്ചി എടുത്തുകൊണ്ടുപോയി. തുടർന്ന് പറക്കോട് – കൊടുമൺ റോഡിലൂടെ സഞ്ചരിച്ച് കൊടുമൺ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിലെത്തി മദ്യം മോഷ്ടിച്ചു. ചന്ദനപ്പള്ളി മലങ്കര കത്തോലിക്കാ തീർഥാടന ദേവാലയത്തിന്റെ മൂന്ന് കുരിശടികളിലെ പണവും അപഹരിച്ചിരുന്നു.
തിരുവനന്തപുരം വെഞ്ഞാറമൂട് ഭാഗത്തുനിന്ന് മോഷ്ടിച്ച ഓട്ടോറിക്ഷയിലാണ് സംഘം അടൂരിലെത്തിയത്. നേരത്തെ മോഷ്ടിച്ച രണ്ട് ബൈക്കുകളും സംഘം ഉപയോഗിച്ചിരുന്നു. കഴിഞ്ഞ 12ന് രാത്രി മോഷ്ടിച്ച ബൈക്കുകളിലായി നാലുപേർ തിരുവനന്തപുരത്തെത്തി അവിടെ ബൈക്കുകൾ ഉപേക്ഷിച്ച ശേഷം വെഞ്ഞാറമൂട്ടിൽനിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച് അടൂരിലേക്ക് വരികയായിരുന്നു. വഴിമധ്യേ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും വഞ്ചികളിലും മോഷണം നടത്തിയതായി പോലീസ് കണ്ടെത്തി.
14ന് പുലർച്ചെ ഓട്ടോറിക്ഷയുമായി പന്തളത്തേക്ക് പോയതിനിടെ നരിയാപുരത്ത് വാഹനം തകരാറിലായി. തുടർന്ന് മോഷ്ടിച്ച സാധങ്ങൾ ചാക്കിലാക്കി മറ്റൊരു ഓട്ടോറിക്ഷയിൽ കയറ്റി സംഘത്തിലുള്ള ഒരാളുടെ വീട്ടിലെത്തിച്ചു. പിന്നീട് പന്തളത്തുനിന്ന് ബസിൽ തിരുവനന്തപുരത്തേക്ക് പോയ സംഘം അവിട ഉപേക്ഷിച്ചിരുന്ന മോഷ്ടിച്ച ബൈക്കുകളുമായി അടൂരിലേക്ക് മടങ്ങിയെത്തി. സംഘത്തിലെ രണ്ടുപേർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരാളെ കാണാനും പോയി.
16ന് മോഷ്ടിച്ച രണ്ട് ബൈക്കുകളിലായി സംഘം മൂന്നാറിലേക്ക് പുറപ്പെട്ടു. യാത്രയ്ക്കിടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തതിനാൽ ഇവരെ പിന്തുടരുന്നതിൽ പൊലിസിന് ബുദ്ധിമുട്ടുണ്ടായി. ചിന്നക്കനാലിലേക്ക് പോകുന്നതിനിടെ ഒരു വ്യാപാര സ്ഥാപനത്തിൽനിന്നും സംഘം പണം അപഹരിച്ചതായും ഇതിനിടെ കണ്ടെത്തി. ഇതിൽനിന്നുള്ള പണം ചെലവഴിച്ച സംഘം ചിന്നക്കനാൽ സൂര്യനെല്ലിയിലെ ക്യാമ്പ് സൈറ്റിലെത്തി ടെന്റിൽ താമസിക്കുകയും ക്യാമ്പ് ഫയർ നടത്തി ആഘോഷിക്കുകയും ചെയ്തു.
ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിന് സമീപത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ ഫോൺ നമ്പറുകളും കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ജില്ല വിട്ടുപോയ സംഘത്തെ പൊലിസ് പിന്തുടർന്ന് കണ്ടെത്തിയത്. മഫ്തിയിലെത്തിയ പൊലിസ് സംഘം ഇവർ തങ്ങിയിരുന്ന സ്ഥത്ത് നിരീക്ഷണം നടത്തി. തുടർന്ന് ഇന്നലെ പുലർച്ചെ ക്യാമ്പ് സൈറ്റിലെത്തിയാണ് അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി ഇവരെ അടൂർ സ്റ്റേഷനലെത്തിച്ചു.
അടൂരിൽ മോഷണം വ്യാപകമായതിനെ തുടർന്ന് ഡിവൈഎസ്പി കെ.പി. വിനോദ് കുമാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇൻസ്പെക്ടർ ആർ. രാജീവിനായിരുന്നു അന്വേഷണ ചുമതല. എസ്എച്ച്ഒ ജെ.യു. ജിനുവിന്റെ നേതൃത്വത്തിൽ സിപിഒമാരായ അഭിലാഷ്, നിധിൻ, വിജയ്, അമീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags : District News Nattuvishesham Adoor burglary Five people