മാവിലക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് കർമസമിതി അംഗങ്ങൾ മന്ത്രി മോൻസ് ജോസഫിന് നിവേദനം നൽകുന്നു.
ഉളിക്കൽ: നുച്യാട് പുഴയ്ക്ക് കുറുകെ മാവിലക്കടവിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കണമെന്ന ആവശ്യവുമായി കർമസമിതി അംഗങ്ങൾ മന്ത്രി മോൻസ് ജോസഫിന് നിവേദനം നൽകി. ഉളിക്കൽ പഞ്ചായത്തിലെ നുച്യാട്, വയത്തൂർ മേഖലകളിലെ കാർഷികമേഖലയ്ക്കും ജനങ്ങൾക്കും ഏറെ പ്രയോജനകരമാകുന്ന പദ്ധതി യാഥാർഥ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നിവേദനത്തിലെ ആവശ്യം.
പദ്ധതി നടപ്പിലായാൽ പ്രദേശത്തെ 4000 ഏക്കറോളം കൃഷിഭൂമിക്ക് ജലസേചന സൗകര്യം ലഭ്യമാക്കാനാകും. വേനൽക്കാലത്തെ രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരം കാണുന്നതിനൊപ്പം കൃഷി നിലനിർത്താനും കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങൾക്ക് ആശ്വാസമേകാനും ഇതുവഴി സാധിക്കും. നുച്യാട് പുഴയിലെ ജലലഭ്യത ഉറപ്പാക്കാനും പദ്ധതി സഹായകമാകും. മാവിലക്കടവിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുന്നതിനുള്ള പ്രാഥമിക അന്വേഷണത്തിന് ജലവിഭവ വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. 2023 ൽ ആരംഭിച്ച പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിലാക്കി നിർമാണത്തിലേക്ക് കടക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കർമസമിതി ചെയർമാൻ പി.ഡി. സേവ്യർ, കൺവീനർ സെബാസ്റ്റ്യൻ കുന്നപ്പള്ളി, മണിപ്പാറ ഇടവക വികാരി ഫാ. സേവ്യർ പുത്തൻപുരയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ ഡൊമിനിക് ജോർജ്, മേഴ്സി തുരുത്തേൽ, സുജി ഉളിക്കൽ, ബെന്നി ജോൺ തൈപ്പറമ്പിൽ, അസീസ് മൂപ്പൻ, സിൽവി നാക്കുഴിക്കാട്ട്, അനീഷ് ബാബു, പ്രസന്ന ദാസ്, കെ.വി. ഷാജി, മോഹൻദാസ് എന്നിവർ നിവേദനം സമർപ്പിച്ചു.
Tags : memorandum submitted to the Ministe Nattuvishesham DistrictNews