എടക്കര: മണിമൂളി രണ്ടാംപാടത്ത് വളര്‍ത്തുനായയെ കടിച്ചുകൊന്നത് പട്ടിപ്പുലിയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. വഴിക്കടവ് റേഞ്ച് ഓഫിസര്‍ ടി. വിമലിന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പട്ടിപ്പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.
രണ്ടാംപാടം കല്ലുകുളത്തില്‍ കുഞ്ഞമ്മ തോമസിന്റെ വീട്ടിലെ വളര്‍ത്തുനായയെയാണ് കഴിഞ്ഞ ദിവസം ആക്രമിച്ചു കൊന്നത്.
കമ്പിവല കൊണ്ടുള്ള കൂട് തകര്‍ത്ത് അകത്തുകയറിയ ജീവി നായയുടെ തല കടിച്ചെടുക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പും ഇതേ നായയ്ക്കുനേരെ ആക്രമണമുണ്ടായിരുന്നതായി കുഞ്ഞമ്മ പറഞ്ഞു. അന്ന് ഗുരുതരമായി പരിക്കേറ്റ നായയെ ചികിത്സ നല്കി സുഖപ്പെടുത്തി കൊണ്ടുവന്നതിന് പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായതും നായ ചത്തതും.
സംഭവത്തെത്തുടര്‍ന്ന് നോര്‍ത്ത് ഡിഎഫ്ഒ കെ. സുനില്‍കുമാര്‍ സ്ഥലത്തെത്തി ജനപ്രതിനിധികളുമായും പ്രദേശവാസികളുമായും ചര്‍ച്ച നടത്തി. ആര്‍ആര്‍ടി സംഘത്തിന്റെയും വനപാലകരുടെയും രാത്രികാല നിരീക്ഷണം ശക്തമാക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു. ഇതിന്റെ ഭാഗമായി പ്രദേശത്തെ നാലിടങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു.
സമീപപ്രദേശമായ രണ്ടാംപാടത്ത് കഴിഞ്ഞ ദിവസം താറാവുകളെയും കോഴികളെയും പുലി പിടിച്ചതായി അഭ്യൂഹമുണ്ടായിരുന്നു. തുടര്‍ന്ന് അവിടെ രണ്ടാഴ്ചയോളം കാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തിയെങ്കിലും വന്യമൃഗങ്ങളുടെ സാന്നിധ്യം പതിഞ്ഞിരുന്നില്ല.
ഈ കാമറകള്‍ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനും തീരുമാനിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനപാലകര്‍ അറിയിച്ചു.
നെല്ലിക്കുത്ത് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ മജ്സൂദ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.ആര്. രാജേഷ്, സായൂജ് ചന്ദ്രന് എന്നിവരടങ്ങിയ സംഘമാണ് പ്രദേശത്ത് പരിശോധന നടത്തിയത്.
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ബോബി സി. മാമ്പ്ര, വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് റംലത്ത് നെയ്തക്കോടന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ലത്തീഫ് മണിമൂളി, പഞ്ചായത്ത് അംഗങ്ങളായ ബാബു വര്‍ഗീസ്, മുജീബ് എരഞ്ഞിയില്‍ എന്നിവര്‍ ഡിഎഫ്ഒയുമായി കൂടിയാലോചന നടത്തി.
Tags : Manimooli. Nattuvishesham Districtnews