പ്രതീകാത്മക ചിത്രം
സുൽത്താൻ ബത്തേരി: നിയോജകമണ്ഡലത്തിൽ അനുവദിച്ച ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ് അടുത്ത അധ്യയനവർഷം ആരംഭിക്കുന്നതിന് നടപടികൾ ഊർജിതമാക്കുന്നു. ഇതിന്റെ ഭാഗമായി കോളജിന് ആവശ്യമായ സ്ഥലം, കെട്ടിടം, അടിസ്ഥാന സൗകര്യങ്ങൾ, അക്കാദമിക ക്രമീകരണങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ഗസ്റ്റ് ഹൗസിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും ഉദ്യോസ്ഥരുടെയും യോഗം ചേർന്നു.
നിയോജകമണ്ഡലത്തിലെ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്ന നിർണായക ചുവടുവയ്പ്പാണ് ഗവ.കോളജെന്ന് യോഗം വിലയിരുത്തി. വിദ്യാർഥികൾക്ക് കുറഞ്ഞ സാന്പത്തികച്ചെലവിൽ ഉന്നതവിദ്യാഭ്യാസം നേടുന്നതിന് കോളജ് സഹായകമാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
നിയോജകമണ്ഡലത്തിലെ വിദ്യാർഥികൾക്ക് നിലവിൽ ബിരുദപഠനത്തിന് ദൂരപ്രദേശങ്ങളിലെ കോളജുകളെ ആശ്രയിക്കേണ്ട സാഹചര്യമുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ കോളജ് യാഥാർഥ്യമാകുന്നത് സാധാരണ കുടുംബങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് സ്വന്തം നാട്ടിൽ ഗുണമേൻമയുള്ള ഉന്നതവിദ്യാഭ്യാസത്തിന് അവസരം സൃഷ്ടിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.
വിദ്യാർഥികളുടെ യാത്രാസൗകര്യം, ഭാവിയിലെ വികസന സാധ്യതകൾ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് കോളജിന് സ്ഥലം കണ്ടെത്തുക. അടുത്ത അധ്യയനവർഷം ക്ലാസ് ആരംഭിക്കുന്നതിന് ആവശ്യമായ താത്കാലിക കെട്ടിട സൗകര്യം ഒരുക്കുന്നതിനു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി. കോളജിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വിവിധ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണം ഉറപ്പുവരുത്താനും തീരുമാനമായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, നഗരസഭാ ചെയർപേഴ്സണ് റസീന അബ്ദുൾ ഖാദർ, വൈസ് ചെയർപേഴ്സണ് എം.ജി. ഇന്ദ്രജിത്ത്, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ, ജനപ്രതിനിധികളായ എം.കെ. ജയ, എ.കെ. ഗംഗാധരൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീജ സതീഷ്, കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഷഹീദ് റംസാൻ, തഹസിൽദാർ വി.കെ. ജയപ്രകാശ്, പിഡബ്ല്യുഡി ബിൽഡിംഗ് വിഭാഗം അസി.എൻജിനിയർ പി.എസ്. പ്രജിത തുടങ്ങിയവർ പങ്കെടുത്തു.