ചെല്ലാംകോടത്തെ കർഷകനായ ജോണി, വെറ്റില കൃഷി പരിപാലനത്തിൽ.
നെടുമങ്ങാട് : മലയോര കർഷകരുടെ മുഖമുദ്രയായിരുന്ന വെറ്റില കൃഷി അന്യമാകുന്നു. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, പാലോട്, വിതുര, ആര്യനാട് തുടങ്ങിയ ഹൈറേഞ്ച് മേഖലകളിൽ തലമുറകളായി കൈമാറിവന്ന ഈ പച്ചത്തുരുത്തുകൾ കർഷകരുടെ കണ്ണീരിൽ കുതിരു കയാണ്.
വൻതോതിലുള്ള വിലയിടിവും ഉയർന്ന പരിപാലന ചെലവും കാലാവസ്ഥാ വ്യതിയാനവും ഒരുപോലെ തിരിച്ചടിച്ചതോടെയാണ് അവശേഷിക്കുന്ന കർഷകരും ഈ പരമ്പരാഗത കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായിരിക്കുന്നത്. പത്ത് സെന്റിൽ വെറ്റില കൃഷിയിറക്കാൻ ഇന്നു കുറഞ്ഞത് അരലക്ഷത്തിലധികം രൂപയാണ് ചെലവ് വരുന്നത്. കടം വാങ്ങിയും വായ്പയെടുത്തുമാണു മിക്കവരും കൃഷി മുന്നോട്ടു കൊണ്ടുപോകുന്നത്. കഴിഞ്ഞ വർഷം ഈ സമയത്ത് ഒരു കെട്ട് വെറ്റിലയ്ക്ക് ഇരുനൂറു രൂപ വരെ ലഭിച്ചിരുന്നുവെങ്കിൽ, ഇത്തവണ ഓണക്കാലത്ത് അതു നൂറു മുതൽ നൂറ്റിയിരുപത് രൂപയായി ഇടിഞ്ഞിരുന്നു. ഓണം കഴിഞ്ഞയുടൻ വില വീണ്ടും പാടേ ഇടിഞ്ഞ് അമ്പത്തഞ്ച് രൂപയിലെത്തി നിൽക്കുന്നു. വിപണിയിലെ കനത്ത അസ്ഥിരത കർഷകരെ വലിയ സാമ്പത്തിക ബാധ്യതയിലേക്കാണ് തള്ളിവിടുന്നത്.
പ്രകൃതിയുടെ ക്രൂരമായ വിനോദങ്ങളും കർഷകർക്ക് തിരിച്ചടിയാകുന്നുണ്ട്. ഇടവിട്ടുള്ള കനത്ത മഴയിൽ വൻ കൃഷിനാശമാണ് ഉണ്ടാകുന്നത്. വേനൽക്കാലമാകട്ടെ ചെടികളെ പൂർണമായി മുരടിപ്പിക്കുന്നു. ഇതോടെ വെറ്റിലയുടെ വലിപ്പം കുറയുകയും വിപണിയിൽ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് എത്തുകയും ചെയ്യുന്നു. ഇതിനെല്ലാം പുറമേയാണ് പ്രദേശത്ത് രൂക്ഷമായിരിക്കുന്ന കാട്ടുപന്നി ശല്യം. രാപ്പകലില്ലാതെ കാവൽ നിന്നാലും വിളവെടുപ്പിനു പാകമായ കൃഷി പന്നിക്കൂട്ടങ്ങൾ നശിപ്പിക്കുന്നതോടെ കർഷകരുടെ അവസാന പ്രതീക്ഷയും അറ്റുപോകുന്നു.
കണ്ണീരിൽ കുതിർന്ന ഈ കൃഷിരീതി നിലനിർത്താൻ അടിയന്തര സർക്കാർ ഇടപെടൽ മാത്രമാണ് ഏക പോംവഴി. നാടൻ വെറ്റിലക്കർഷകരെ സംരക്ഷിക്കുന്നതിനായി പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും വിപണിയിൽ ന്യായവില ഉറപ്പാക്കാൻ സപ്ലൈകോ പോലുള്ള ഏജൻസികൾ ഇടപെടണമെന്നുമാണു ദുരിതത്തിലായ കർഷകരുടെ അപേക്ഷ. കർഷകരുടെ ഈ കൂട്ടപ്പലായനം തടയാൻ അധികാരികൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ വരുംനാടുകളിൽ നമ്മുടെ നാടൻ വെറ്റില കമ്പോളങ്ങളിൽ നിന്ന് എന്നെന്നേയ്ക്കുമായി അപ്രത്യക്ഷമായേക്കും.