ചങ്ങനാശേരി: അതിരൂപത ബൈബിൾ കൺവൻഷൻ ‘അഭിഷേകാഗ്നി’യുടെ ഏറ്റവും അടുത്ത ആത്മീയ ഒരുക്കത്തിന്റെ ഭാഗമായി ഇന്നുമുതൽ ഏഴ് ദിവസം വൈകുന്നേരം 5.30 മുതൽ ചങ്ങനാശേരി എസ്ബി കോളജിലെ മാർ ജോസഫ് പവ്വത്തിൽ ബൈബിൾ കൺവൻഷൻ നഗറിൽ ജെറീക്കോ പ്രാർഥന നടക്കും.
ഈ പ്രാർഥനാ ശുശ്രൂഷകൾക്ക് ചങ്ങനാശേരി കരിസ്മാറ്റിക് സോൺ ടീമും അതിരൂപതാ ബൈബിൾ കൺവൻഷൻ വോളണ്ടിയേഴ്സും വിവിധ സംഘടനാ ഭാരവാഹികളും നേതൃത്വം നൽകും.
17ന് വൈകുന്നേരം ആറിന് ബൈബിൾ കൺവൻഷനെ സമർപ്പിച്ചുകൊണ്ട് അരമനപ്പടിയിൽനിന്ന് കൺവൻഷൻ നഗറിലേക്ക് നടത്തുന്ന ജപമാല റാലിക്ക് ചങ്ങനാശേരി അതിരൂപത യുവദീപ്തി-എസ്എംവൈഎം നേതൃത്വം നൽകും. അതിരൂപതയിലെ വിവിധ സംഘടനകളും കരിസ്മാറ്റിക് സോണൽ ടീമും സന്യസ്തരും പങ്കെടുക്കും.
യുവദീപ്തി-എസ്എംവൈഎം അതിരൂപതാ ഡയറക്ടർ ഫാ. സാവിയോ മാനാട്ട്, അതിരൂപതാ പ്രസിഡന്റുമാരായ അലക്സ് മഞ്ഞുമ്മൽ, ലൂസി ഫിലിപ്പോസ്, ഭാരവാഹികളായ അജയ് വർഗീസ്, പോൾ എം.പി. എന്നിവർ ജപമാല നയിക്കും.
18 മുതൽ 22 വരെ ഉച്ചകഴിഞ്ഞു 3.30 മുതൽ രാത്രി 9 വരെ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ‘അഭിഷേകാഗ്നി ബൈബിൾ കൺവൻഷൻ’ ചങ്ങനാശേരി എസ്ബി കോളജിൽ നടക്കും.
Tags : Bible Convention nattuvishesham local news