തിരുവനന്തപുരം: ദൈവവചനം മനുഷ്യന് എക്കാലവും പ്രചോദനം നൽകുന്നതാണെന്നും ഓരോ ദിവസവും പുതിയ അനുഭവത്തിലേക്കും അനുഭൂതിയിലേക്കും നയിക്കുവാൻ പര്യാപ്തമാണെന്നും മലങ്കര ഓർത്തഡോക്സ് സഭാ മെത്രാപ്പോലീത്ത ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ജില്ലാ വാർഷിക സമ്മേളനം തിരുവനന്തപുരം വൈഎംസിഎ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.
ബൈബിൾ സൊസൈറ്റി റീജണൽ കോ-ഓർഡിനേറ്റർ ഷെവലിയാർ ഡോ. കോശി എം. ജോർജ് അധ്യക്ഷത വഹിച്ചു. കേരളാ ഓക്സിലിയറി സെക്രട്ടറി റവ. ജേക്കബ് ആന്റണി കൂടത്തിങ്കൽ വചനസന്ദേശം നൽകി.
സാൽവേഷൻ ആർമി സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ കേണൽ ജേക്കബ് ജോസഫിനെ ആദരിച്ചു. റവ. ഡോ. വെൽവറ്റ് ജോണ്, റവ. ഡബ്ല്യു ലിവിങ്സ്റ്റണ്, റവ. എ.ആർ. നോബിൾ, വൈഎംസിഎ പ്രസിഡന്റ് ഡോ. ആർതർ ജേക്കബ്, കേണൽ എൻ.ഡി. ജോഷ്വാ, എം. സന്തോഷ് കുമാർ, ജി. ഗുണമണി, പി. തോമസ് കോശി, കുഞ്ഞുകുഞ്ഞമ്മ ഉമ്മൻ എന്നിവർ പ്രസംഗിച്ചു. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകസമാധാനത്തിനായി പ്രത്യേക പ്രാർഥനയും നടത്തി.
Tags : nattu vishesham Bible Society Conference