വി.ഡി. സതീശനുവേണ്ടി പാമ്പാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം. -ദീപിക
കോട്ടയം: ജില്ലയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക് നീളുന്നു.
കോട്ടയം ബേക്കര്‍ ജംഗ്ഷനില്‍ കെ.സി. അനുകൂല കൂറ്റന്‍ ഹോള്‍ഡിംഗ്സ് ഉയര്‍ന്നപ്പോള്‍ പാമ്പാടിയിലും പുതുപ്പള്ളിയിലും വി.ഡി. സതീശന് അനുകൂല പ്രകടനം നടന്നു. മുഖ്യമന്ത്രി ആരാകുമെന്ന വിഷയത്തില്‍ യുഡിഎഫില്‍ സസ്പെന്‍സ് തുടരവേയാണു കോട്ടയം ടൗണില്‍ കെ.സി. വേണുഗോപാല്‍ അനുകൂല ഫ്ളക്സ് ബോര്‍ഡ് ഉയര്‍ന്നത്. ഇന്നലെ വൈകുന്നേരമാണ് പുതുപ്പള്ളി മണ്ഡലത്തില്‍ വി.ഡി. സതീശന് അനുകൂല പ്രകടനം നടത്തിയത്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ഐഎന്‍ടിയുസി, കെഎസ്യു പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ അണിനിരന്നു.
പുതുപ്പള്ളിയില്‍ നടന്ന ഐക്യദാര്‍ഢ്യ റാലി എൈഎന്ടിയുസി ഓഫീസിന് മുന്പില് നിന്നും ആരംഭിച്ച് പുതുപ്പള്ളി കവല ചുറ്റിയാണ് സമാപിച്ചത്. പാമ്പാടിയില്‍ നടന്ന പ്രകടനം പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സിജു കെ. ഐസക് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് കഠിനാധ്വാനം ചെയ്ത പ്രവര്‍ത്തകരാണ് ഇന്നു തെരുവിലിറങ്ങിയതെന്നും സിപിഎമ്മിന്റെ അവസ്ഥ കോണ്‍ഗ്രസിന് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
പാമ്പാടിയിലെ പാര്‍ട്ടി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച ഐക്യദാര്‍ഢ്യ റാലി പാമ്പാടി കാളച്ചന്ത ചുറ്റി ബസ് സ്റ്റാന്‍ഡിന് മുന്‍പിലാണ് സമാപിച്ചത്. ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാറിനിന്നു. ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് അനിയന് മാത്യു, മീനടം പഞ്ചായത്ത് പ്രസിഡന്റ് മിനി ഫിലിപ്, പാമ്പാടി പഞ്ചായത്ത് അംഗം സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.