തൃശൂർ നഗരത്തിൽ കെ.സി. വേണുഗോപാലിനെയും വി.ഡി. സതീശനെയും അനുകൂലിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ.
തൃശൂർ: സംസ്ഥാനത്തെ മുഖ്യമന്ത്രിനിർണയം നീളുന്നതിനിടെ തൃശൂരിലും ഫ്ലക്സ് യുദ്ധവുമായി കോൺഗ്രസ് പ്രവർത്തകർ. വി.ഡി. സതീശനും കെ.സി. വേണുഗോപാലിനുംവേണ്ടി നഗരമധ്യത്തിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.
"കെസി നയിക്കും' എന്ന ഫ്ലക്സിനു തൊട്ടടുത്ത് "നെക്സ്റ്റ് സിഎം വി.ഡി. സതീശൻ' എന്ന ബോർഡും ഇടംപിടിച്ചു. പട നയിച്ചവൻ നാട് നയിക്കട്ടെ എന്ന മുദ്രാവാക്യമുയർത്തി സതീശൻപക്ഷം നഗരത്തിലെ തന്ത്രപ്രധാന ഇടങ്ങളിൽ ബോർഡുകൾ നിരത്തിക്കഴിഞ്ഞു. യുഡിഎഫിന്റെ ഔദ്യോഗിക വിജയ ബോർഡുകൾക്കുതാഴെയാണ് പ്രവർത്തകരുടെ ഈ പോസ്റ്റർപോര്.
കെ.സി. വേണുഗോപാലിനെ പിന്തുണച്ചുള്ള കെപിസിസി ജനറൽ സെക്രട്ടറി എം.പി. വിൻസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെയും പ്രവർത്തകർ വൻപ്രതിഷേധമാണ് ഉയർത്തിയത്. കെ.സി. വേണുഗോപാലിനെതിരേയും എം.പി. വിൻസെന്റിനെതിരേയും വ്യക്തിപരമായി വിമർശിച്ചും നിരവധി കമന്റുകൾ ഉയരുന്നുണ്ട്.