ഒറ്റപ്പാലം: അമ്പലപ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡിജിറ്റൽ എക്സ്റേ യൂണിറ്റിന്റെ പ്രവർത്തനം നിലച്ചു. എക്സ്റേ യൂണിറ്റ് സ്ഥാപിച്ച ഏജൻസിക്ക് പ്രതിഫലത്തുക നൽകാതിരുന്നതുകാരണം സിസ്റ്റം ഷട്ട് ഡൗൺ ചെയ്ത് പ്രവർത്തനം നിർത്തിവപ്പിച്ചതായാണ് പരാതി ഉയരുന്നത്.
ഇതോടെ എക്സ്റേ എടുക്കാനായി രോഗികൾക്ക് 12 കിലോമീറ്റർ അകലെയുള്ള ഒറ്റപ്പാലത്തും മറ്റു വിദൂരസ്ഥലങ്ങളിലും പോകേണ്ട അവസ്ഥയാണ്.
യൂണിറ്റ് പ്രവർത്തനം പുനരാരംഭിക്കണമെന്നും അന്വേഷണം നടത്തി ഏജൻസിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വാർഡ് അംഗം മുസ്തഫ തിരുണ്ടിക്കൽ ജില്ല കളക്ടർ, ജില്ലാ മെഡിക്കൽ ഓഫിസർ എന്നിവർക്കു പരാതി നൽകിയിട്ടുണ്ട്.
ഒറ്റപ്പാലം എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നും അനുവദിച്ച 14.84 ലക്ഷം രൂപ ചെലവിട്ടാണ് ആശുപത്രിയിൽ ഡിജിറ്റൽ എക്സ്റേ യൂണിറ്റ് സ്ഥാപിച്ചത്. ഇതിന്റെ പ്രവർത്തനോദ്ഘാടനം 2025 ഫെബ്രുവരിയിലായിരുന്നു.