ദേശീയപാത നിർമാണമേഖല സന്ദർശിക്കുന്നു.
നീലേശ്വരം: മാർക്കറ്റ് ജംഗ്ഷനിൽ തൂണുകൾക്കു മുകളിലുള്ള ആകാശപാത പണിയുന്ന കാര്യത്തിൽ സാങ്കേതിക തടസങ്ങൾ ഒഴിവാക്കാൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്ന് കേരളത്തിലെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക പ്രതിനിധിയായെത്തിയ ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് പറഞ്ഞു. നീലേശ്വരം നഗരസഭ ജനകീയ കർമസമിതിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.
ദേശീയപാതയിൽ നിന്ന് രാജാ റോഡിലേക്ക് ഏഴുമീറ്റർ വീതിയിലുള്ള അടിപ്പാത 15 മീറ്റർ വീതിയിലും നാലു മീറ്റർ ഉയരത്തിലും പുനർനിർമിക്കുക, കോട്ടപ്പുറം ജംഗ്ഷനിൽ ഇതേ വലിപ്പത്തിലുള്ള അടിപ്പാതയും കരുവാച്ചേരിയിൽ മേൽനടപ്പാതയും നെടുങ്കണ്ടയിലെ സർവീസ് റോഡിൽ നിന്ന് കച്ചേരിക്കടവ് പാലം അപ്രോച്ച് റോഡിലേക്ക് എക്സിറ്റും എൻട്രിയും അനുവദിക്കുക എന്നീ കാര്യങ്ങളിലാണ് നിലവിൽ ധാരണയായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫി, സ്ഥിരം സമിതി ചെയർമാൻ കെ. സതീശൻ, കൗൺസിലർ പി.വി. സതീശൻ, സേതു ബങ്കളം, സുരേഷ് മടിക്കൈ, കെ.പി. നസീർ, രാജീവൻ, സാഗർ ചാത്തമത്ത്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത് എന്നിവർ അദ്ദേഹത്തോട് കാര്യങ്ങൾ വിശദീകരിച്ചു.
അതേസമയം അവിടവിടെ അടിപ്പാതകൾ നിർമിച്ചതുകൊണ്ട് പ്രയോജനമില്ലെന്നും ജനങ്ങളുടെ സ്വതന്ത്രമായ സഞ്ചാരത്തിനും നഗരത്തിന്റെ ഭാവി വികസനത്തിനും തൂണുകൾക്കു മുകളിലുള്ള ആകാശപാത തന്നെ വേണമെന്നും മാർക്കറ്റ് ജംഗ്ഷനിൽ സമരം നടത്തുന്ന ജനകീയ സമര സമിതി ഭാരവാഹികൾ പി.കെ. കൃഷ്ണദാസിനെ അറിയിച്ചു. ഈ പ്രദേശത്ത് മണ്ണ് പരിശോധന നടത്തിയപ്പോൾ 30 മീറ്റർ മാത്രം താഴ്ചയിൽ കളിമണ്ണ് കണ്ടെത്തിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ മണ്ണിട്ടുയർത്തിയ പാതയ്ക്ക് ബലക്ഷയമുണ്ടാകാൻ സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
Tags : Nattuvishesham Districtnews Discussions