നിര്‍മാണത്തിലിരിക്കുന്ന പത്തനംതിട്ട ജില്ലാ സ്റ്റേഡിയം.
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്ന് ഇത്തവണയും ജില്ലാതല സ്കൂള്‍ കായികമേള കൊടുമണ്‍ ഇഎംഎസ്. സ്റ്റേഡിയത്തില്‍ നടത്തും. ഒക്ടോബര്‍ എട്ട്, ഒമ്പത്, 10 തീയതികളിലാണ് മേള നിശ്ചയിച്ചിരിക്കുന്നത്.
കിഫ്ബി മുഖേന 51 കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന ജില്ലാ സ്റ്റേഡിയത്തില്‍ എട്ട് ലെയ്ന്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും ടര്‍ഫും പൂര്‍ത്തിയായിട്ടുണ്ടെങ്കിലും മത്സരങ്ങള്‍ നടത്താന്‍ ആവശ്യമായ ഉപകരണങ്ങള്‍ ഇനിയും സ്ഥാപിക്കേണ്ടതുണ്ട്. ഹാമര്‍ കേജ്, ഷോട്പുട്ട് സര്‍ക്കിള്‍, സ്റ്റാര്‍ട്ടിംഗ് ബ്ലോക്ക് തുടങ്ങിയ ഉപകരണങ്ങള്‍ പ്രാഥമിക കരാറില്‍ ഉള്‍പ്പെടാതിരുന്നതിനാല്‍ ഇതിനുള്ള തുക അനുവദിക്കാന്‍ സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് കിഫ്ബിക്ക് പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ട്രാക്കിനു ചുറ്റുമുള്ള ഫെന്‍സിംഗ്, പവിലിയന്, നീന്തല്‍ക്കുളം എന്നിവയുടെ പ്രവൃത്തികളും 60 ശതമാനം മാത്രം പൂര്‍ത്തിയായ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണവും പുരോഗമിക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയാക്കി നഗരസഭയ്ക്ക് കൈമാറിയ ശേഷമേ സ്റ്റേഡിയം തുറന്നുനല്കാനാവൂ. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് നിര്‍മാണക്കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റേഡിയം നിര്‍മാണം ആരംഭിച്ച ഘട്ടം മുതല്‍ സ്കൂള്‍ കായികമേള കൊടുമണ്‍ സ്റ്റേഡിയത്തിലാണ് നടത്തുന്നത്.
ഉപജില്ലാ മത്സരങ്ങള്‍ക്കും വേദിയില്ല
സ്കൂള്‍ കായികമേളകളുടെ കാലമായതോടെ മത്സരവേദികള്‍ തേടുകയാണ് സംഘാടകര്‍. പത്തനംതിട്ട വിദ്യാഭ്യാസജില്ലയുടെ കീഴിലുള്ള ഉപജില്ലകള്‍ക്ക് കായികമേള നടത്താന്‍ കഴിയുന്ന ഒരു സ്റ്റേഡിയം ഇല്ലെന്നതാണ് സ്ഥിതി. പത്തനംതിട്ട, കോന്നി ഉപജില്ലകളുടെ കായികമേളകള്‍ നേരത്തേ പത്തനംതിട്ടയിലായിരുന്നു നടന്നിരുന്നത്. കോഴഞ്ചേരി, ആറന്മുള തുടങ്ങിയ ഉപജില്ലകള്‍ക്കും കായികമേള നടത്താന്‍ അനുയോജ്യമായ സ്റ്റേഡിയമില്ല.
നിലവില്‍ ജില്ലാ കേന്ദ്രത്തില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള കൊടുമണ്‍ സ്റ്റേഡിയത്തിലാണ് പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള ഭൂരിഭാഗം വിദ്യാര്‍ഥികളും പരിശീലനം നടത്തുന്നത്. യാത്രച്ചെലവിന് പുറമേ മാസം 500 രൂപയോളം പരിശീലനത്തിനായി ചെലവാകുന്നതും, ദീര്‍ഘദൂര യാത്ര കാരണം പഠനവും കായിക പരിശീലനവും ഒരുമിച്ചു കൊണ്ടുപോകാന്‍ സാധിക്കാത്തതും കായികതാരങ്ങളെയും പരിശീലകരെയും ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്.